· 4 മിനിറ്റ് വായന

ഇക്കിളിൻ്റെ കഥ

Primary Careമറ്റുള്ളവ

ഇക്കിൾ വന്നിട്ടില്ലാത്തവരാരും ഉണ്ടാകില്ല. എന്നാൽ ഇക്കിൾ വന്നതിന്റെ പേരിൽ ലോകറിക്കോർഡുമായി ഗിന്നസ് ബുക്കിൽ കയറിയ ആരെയെങ്കിലും പറ്റി കേട്ടിട്ടുണ്ടോ? അങ്ങനൊരാളുണ്ട്. ചാൾസ് ഓസ്ബോൺ എന്ന അമേരിക്കക്കാരൻ. 1922 മുതൽ 1990 വരെ 68 വർഷമാണ് അയാൾ ഒരിക്കലും മാറാത്ത ഇക്കിളിനൊപ്പം ജീവിച്ചത്. അമേരിക്കയിലെ ഒരു ഗ്രാമത്തിലെ ഒരു സാധാകർഷകനായിരുന്നു അദ്ദേഹം. എന്നാൽ ചില പ്രശസ്തരുടെ ഇക്കിളും പ്രശസ്തമാണ്. അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോൺ എഫ് കെന്നഡി നാക്ക് പുറത്തേക്ക് വലിച്ചു പിടിച്ചാണ് തന്റെ സന്തത സഹചാരിയായിരുന്ന ഇക്കിളിനെ പ്രതിരോധിച്ചിരുന്നത്. അതുപോലെ പോപ് പയസ് XII (Pope Pius XII), മാർക്കോ പോളോ തുടങ്ങിയവരും ചരിത്രപ്രസിദ്ധരായ ഇക്കിളന്മാരായിരുന്നു. 2007-ൽ ജെന്നിഫർ മീയെന്ന കൗമാരക്കാരൻ വാർത്താ ചാനലുകളിൽ നിറഞ്ഞു നിന്നതും ഇക്കിളുകാരണമായിരുന്നു. ഒരു മിനിറ്റിൽ 50-ലധികം തവണയായിരുന്നു അയാളുടെ ഇക്കിൾ.

വളരെ അസ്വസ്ഥതയുളവാക്കുന്ന ഒരവസ്ഥയാണീ ഇക്കിൾ ( Hiccup). ‘Hic’ എന്ന ശബ്ദമുണ്ടാക്കുന്ന ചുമ (cough) എന്ന രീതിയിൽ Hiccough എന്നും എഴുതാറുണ്ട്. പ്രായ ഭേദമന്യേ അതാർക്കുവേണമെങ്കിലും, എപ്പോൾ വേണമെങ്കിലും വരാം. ഏറ്റവുമധികം ഇക്കിളുണ്ടാകുന്നത് ഗർഭസ്ഥശിശുക്കളിലാണ്. ഗർഭിണികളിൽ ഇതു മറ്റുള്ളവരേക്കാൾ വളരെ സാധാരണവുമാണ്. ഇക്കിൾ പലപ്പോഴും കുറച്ചു സെക്കന്റുകൾ കൊണ്ടോ മിനുറ്റുകൾക്കുള്ളിലോ വന്നുപോകുകയാണ് പതിവ്. നമ്മളെന്തെങ്കിലും പൊടിക്കൈകൾ കാണിക്കുമ്പൊ അതങ്ങ് പോകുന്നതാണ് ഭൂരിപക്ഷത്തിന്റെയും അനുഭവം അല്ലേ. എന്നാൽ അപൂർവ്വമായി ദിവസങ്ങളോളം നീണ്ടുനിൽക്കാറുമുണ്ട്.

“എന്നെപ്പറ്റി എവിടെയോ ഇരുന്ന് ആരൊക്കെയോ ഏതാണ്ടൊക്കെയോ പറയുന്നുണ്ട്” ഇക്കിൾ വരുമ്പോൾ നാട്ടുമ്പറത്തെ ചിലരുടെ സ്ഥിരം ഡയലോഗാണ്. പഴമക്കാർക്കിടയിൽ ഇക്കിളിന് ഇമ്മാതിരി ചില വിശ്വാസപരിവേഷങ്ങളും ഉണ്ടായിരുന്നു.

ശരിയ്ക്കും എന്താണീ ഇക്കിൾ? അതു വരുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റ്സ് വിചാരിച്ചിരുന്നത് കരളിനുണ്ടാകുന്ന വീക്കം കാരണമാണ് ഇക്കിളുണ്ടാകുന്നതെന്നാണ്. പിന്നീടുവന്ന ഗാലൺ പറഞ്ഞത് ആമാശയത്തിനുള്ളിലെ അജ്ഞാതവും അസാധാരണവുമായ ഏതോ പ്രക്രിയയാണ് ഇതിനുകാരണമെന്നാണ്. 1833-ൽ ഷോർട്സ് എന്ന ശാസ്ത്രജ്ഞനാണ് ഇക്കിളിന് ഡയഫ്രമെന്ന പേശിയുമായും അതിലേയ്ക്കുള്ള ഫ്രെനിക് നെർവുമായുമുള്ള ബന്ധം കൃത്യമായി പറഞ്ഞത്.

സസ്‌തനികളായ ജീവികളുടെ ഉദരവും നെഞ്ചും തമ്മിൽ വേർതിരിക്കുന്ന ഒരു പേശിയാണ് Diaphragm. നമ്മൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ Diaphragm താഴേക്ക് ചുരുങ്ങുന്നതുമൂലം, നെഞ്ചിനുള്ളിൽ ഒരു negative pressure ഉണ്ടാകുകയും (അതായത് സമ്മർദ്ദം കുറയുകയും), ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുക്കുപ്പെടുകയും ചെയ്യും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുരുങ്ങിയ Diaphragm അയയുകയും പൂർവ്വസ്ഥിതിയിലേക്ക് വരുകയും ചെയ്യും. ഈ ശ്വസനപ്രക്രിയ അനുക്രമമായി ആണ് നടക്കുന്നത്. ഡയഫ്രത്തിനൊപ്പം ഇക്കിളിൽ പങ്കെടുക്കുന്ന മറ്റു കഥാപാത്രങ്ങൾ നമ്മുടെ കഴുത്തിലെ ശ്വാസനാള (Larynx) ത്തിനുള്ളിലെ സ്വനതന്തുക്കളും (Vocal cords) ശ്വാസനാളത്തിന്റെ അടപ്പായ എപിഗ്ലോട്ടിസുമാണ് (Epiglotis)

സാധാരണഗതിയിൽ ഡയഫ്രത്തിന്റ ചുരുക്കവും അയയലും ശ്വസനപ്രക്രിയകളും കൃത്യമായ ഒരു താളത്തിലങ്ങനെ പോകും. ഇക്കിളുണ്ടാകുന്നത് Diaphragm ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ ഈ താളം തെറ്റുമ്പോഴാണ്. അനൈച്ഛികമായും (Involuntary) അമിതാവേശത്തിലുമുള്ള (Paroxysmal) ഡയഫ്രത്തിന്റെ ചുരുക്കമാണ് (spasm) ഇക്കിളിന്റെ കാരണം. ഒരോ Spasm(കോച്ചിപിടിക്കൽ) ഉണ്ടാകുമ്പോഴും ശ്വാസനാളവും (larynx) സ്വനതന്തുക്കളും (vocal cords) പൊടുന്നനെയങ്ങ് അടഞ്ഞുപോകും. അതു കാരണം പെട്ടന്ന് വായു ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അതു വായുസഞ്ചാരത്തിലുണ്ടാക്കുന്ന അസ്വാസ്ഥ്യം ആണ് ഇക്കിൾ ശബ്ദം ഉണ്ടാക്കുന്നത്.

നമ്മുടെ തലയോട്ടിയുടെ തൊട്ടുതാഴെയായി സുഷുമ്നാനാഡിയിൽ നിന്നുണ്ടായി, കഴുത്തിലൂടെയും നെഞ്ചിലൂടെയും വളഞ്ഞ് പുളഞ്ഞ് നെഞ്ചിന്റെ താഴെയുള്ള ഡയഫ്രം വരെയെത്തുന്ന നാഡിയാണ് ഫ്രെനിക് നാഡി. അതിന്റെ പാതയിലുണ്ടാകുന്ന ഏത് അസ്വാസ്ഥ്യവും (Irritation) ഇക്കിളിന് കാരണമാകാം. അതുപോലെ ശ്വാസനാളത്തിലേക്കും ഡയഫ്രത്തിലേയ്ക്കുമുള്ള വാഗസ് നാഡി (Vagus Nerve) ക്കുണ്ടാകുന്ന അസ്വാസ്ഥ്യവും ഇക്കിളുണ്ടാക്കും.

ഈ നാഡികളുടെ അസ്വാസ്ഥ്യവും ഡയഫ്രത്തിന്റെ സ്പാസവും തുടരുന്നത് വരെ ഇക്കിൾ ഉണ്ടായികൊണ്ടിരിക്കും. ഭൂരിഭാഗം ഇക്കിളുകളും പ്രത്യക്ഷത്തിൽ ഒരു കാരണവും കൂടാതെയാണുണ്ടാകുക. അവ കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ പോകുകയും ചെയ്യും. 48 മണിക്കൂറിൽ കൂടുതൽ നിക്കുന്ന ഇക്കിളിനെ persistent(സ്ഥിരമായ) ഇക്കിളെന്നും 2 മാസത്തിൽ കൂടുതൽ മാറാതെ നിന്നാലതിനെ intractable(വഴങ്ങാത്ത) ഇക്കിളെന്നും പറയുന്നു.

പെട്ടെന്ന് മാറുന്ന ഇക്കിളുണ്ടാകാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ പലതും കണ്ടെത്തിയിട്ടുണ്ട് – ആർത്തിപിടിച്ചു കഴിക്കൽ, എരിവുള്ള ആഹാരം, മദ്യപാനം, സോഡ, നല്ല ചൂടോ തണുത്തതോ ആയ ഭക്ഷണം, പെട്ടന്ന് വികാരഭരിതനാകുകയോ ക്ഷോഭം കൊള്ളുകയോ ഒക്കെയാണ് ഏറ്റവും സാധാരണമായ ഉദാഹരണങ്ങൾ. സ്ഥിരമായി നിക്കുന്ന ഇക്കിളുകൾ ഉണ്ടാകുന്നത് Phrenic Nerveന്റെയോ Vagus Nerveന്റെയോ തകരാറുകൊണ്ടാകാം. ഇങ്ങനെ സ്ഥിരമായുണ്ടാകുന്ന ഇക്കിളിന് നൂറിലധികം കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അറിയാത്ത കാരണങ്ങൾ ഇനിയുമുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

മാറാതെ നിൽക്കുന്ന ഇക്കിൾ കൂടുതലും ആണുങ്ങളെയാണ് ബാധിക്കാറുള്ളത്. അതിന്റെ 80 ശതമാനവും ശാരീരികമായ കാരണങ്ങൾ കൊണ്ടാണുണ്ടാകുന്നത്. ബാക്കി 20% മാനസികവും. മാനസികമായ കാരണങ്ങൾ പ്രധാനമായും ഹിസ്റ്റീരിയ, ഭയം, അമിതോത്കണ്ഠ, വ്യക്തിത്വപ്രശ്നങ്ങൾ ഒക്കെയാണ്. ശാരീരിക കാരണങ്ങൾ ധാരാളമുണ്ട്. പ്രധാനമായും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളായ മെനിഞ്ചൈറ്റിസ്, എൻകെഫലൈറ്റിസ്, ക്യാൻസറോ അല്ലാത്തതോ ആയ മുഴകൾ, ഹൈഡ്രോകെഫാലസ്, തലച്ചോറിന്റെ പരിക്ക്, ശസ്ത്രക്രിയ ഒക്കെയാണ്. പിന്നെ കഴുത്തിലെ മുഴകൾ, തൊണ്ടയിലെ അണുബാധ, നെഞ്ചെരിച്ചിൽ, ആസ്ത്മ, ആമാശയത്തിലെ അൾസർ, പാൻക്രിയാറ്റൈറ്റിസ്, അപ്പൻഡിസൈറ്റിസ്, നെഞ്ചിലേൽക്കുന്ന പരിക്ക്, വൃക്കരോഗങ്ങൾ, അയോർട്ട പോലുള്ള പ്രധാന രക്തധമനികളുടെ വീക്കം (Aneurysm) തുടങ്ങി സാധാരണവും അത്ര സാധാരണമല്ലാത്തതുമായ ധാരാളം കാരണങ്ങൾക്കൊണ്ട് വിട്ടുമാറാത്ത ഇക്കിളുണ്ടാകാം. മാനസികരോഗത്തിനോ അപസ്മാരത്തിനോ കഴിയ്ക്കുന്ന ചില മരുന്നുകളും സ്റ്റീറോയിഡുകളും ഇക്കിളുണ്ടാക്കാറുണ്ട്.

സാധാരണഗതിയിൽ ഇക്കിളുണ്ടാകുന്നതുകൊണ്ട് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാവാറില്ലാ. അൽപ്പം വെള്ളം കുടിക്കുമ്പോഴോ, ഒരു നുള്ള് പഞ്ചസാര കഴിയ്ക്കുമ്പോഴോ, അൽപനേരം ശ്വാസം പിടിച്ചുവയ്ക്കുമ്പോഴോ അതങ്ങ് പോകുന്നതാണ് നമ്മുടെയൊക്കെ അനുഭവം. എന്നാൽ വിട്ടുമാറാത്ത ഇക്കിൾ നമ്മുടെ ഉറക്കത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുകയും വിശപ്പില്ലായ്മയ്ക്കും ഭാരക്കുറവിനും കാരണമാകുകയും പുതിയ രോഗങ്ങളിലേയ്ക്ക് നയിയ്ക്കുകയും ചെയ്യാം.

ഇനി ഏറ്റവും പ്രധാനമായ ഭാഗത്തേക്ക് വരാം. ഇക്കിൾ എങ്ങനെ മാറ്റാം? അതിന് നമുക്ക് നമ്മുടെ ഞരമ്പുകൾക്ക് നിർദ്ദേശം നൽകി diaphragm അയച്ചു പഴയ താളത്തിലേക്ക് കൊണ്ടുവരുകയാണ് ചെയ്യണ്ടത്. അതിന് രണ്ട് വഴികളാണുള്ളത് . ഒന്ന് Vagus nerve-നെ ഉത്തേജിപ്പിക്കുകയോ ശ്രദ്ധ തിരിക്കുകയോ ചെയ്യുക എന്നതാണ് (Phrenic nerve-നെ അതുള്ളിലായതിനാൽ നേരിട്ട് ഉത്തേജിപ്പിക്കാൻ പ്രയാസമാണ്). പഞ്ചസാര/ ചോക്കളേറ്റ് കഴിക്കുമ്പോൾ സംഭവിക്കുന്നത് അതാണ്. പഞ്ചസാര തൊണ്ടവഴി താഴേക്കിറങ്ങുമ്പോൾ vagus nerve ന്റെ ശ്രദ്ധ ഒരല്പം diaphragm കോച്ചിപിടിപ്പിക്കുന്നതിൽ നിന്ന് മാറി തൊണ്ടയിലേക്കാകുന്നു. ജോൺ.എഫ്.കെന്നഡി നാക്കുപുറത്തേക്ക് വലിച്ചുപിടിക്കുമ്പോഴും സംഭവിക്കുന്നതിതാണ്. ഇനി മറ്റൊരു വഴി എന്നത് നമ്മുടെ രക്തത്തിലെ CO2 (കാർബൺ ഡയോക്സൈഡ്) അളവ് കൂട്ടുകയാണ് . കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാമെങ്കിലും രക്തത്തിലെ CO2 അളവാണ് നമ്മുടെ ശ്വാസക്രമം നിയന്ത്രിക്കുന്നത്. CO2 അളവ് കൂടുമ്പോൾ നാഡീവ്യൂഹത്തിൽ നിന്നും ഡയഫ്രത്തിലേക്കും ശ്വാസകോശത്തിലേക്കും ശ്വസന പ്രക്രിയ ശരിയാക്കാൻ വേണ്ട നിർദ്ദേശങ്ങൾ പോകും. നമ്മൾ ചെയ്യുന്ന ഏറെകുറെ എല്ലാ സൂത്രങ്ങളുടെയും പിന്നിലെ ശാസ്ത്രം ഇതാണ്. ഉദാഹരണത്തിന് വെള്ളം ഒരുപാട് കുടിക്കുമ്പോഴും, ശ്വാസം പിടിച്ചുവക്കുമ്പോഴും, മൂക്കും വായും പൊത്തിപിടിച്ച് വായിൽ നിന്നുവരുന്ന വായു ശ്വസിക്കുമ്പോഴും, ഒക്കെ സംഭവിക്കുന്നത് രക്തത്തിലെ co2 അളവ് കൂടുകയാണ്.

വിട്ടുമാറാത്ത ഇക്കിളിന് എന്താണ് കാരണമെന്ന് കണ്ടെത്തി അതിനുവേണ്ട ചികിത്സ നൽകുക മാത്രമാണ് പരിഹാരം. അതുകൊണ്ട് 48 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ഇക്കിളുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ പോയി കാണണം. കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാം.

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ