അനശ്വരപ്രണയത്തിന്റെ X-ray
122 വർഷങ്ങൾക്കു മുമ്പാണീ കഥ നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1895 ൽ, അതും അങ്ങ് ജർമ്മനിയിലെ ഒരു ഗ്രാമത്തിൽ. വളരെ യാദൃച്ഛികമായാണ് തന്‍റെ ഇരുൾ നിറഞ്ഞ പരീക്ഷണശാലയിൽ ഒരുവശത്ത് അദ്ദേഹം ഒരു തിളക്കം കണ്ടത്. പരിശൂന്യമായ ഒരു ഗ്ലാസ് ട്യൂബിലൂടെ (VACUUM TUBE) ഇൻഡക്ഷൻ കോയിൽ ഉപയോഗിച്ച് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളുടെ ഗതിവിഗതികൾ പഠിക്കുക ആയിരുന്നു അദ്ദേഹം. പ്രകാശത്തിന്‍റെ ഒരു നേർത്തകണികയ്ക്ക് പോലും കടക്കാനാകാത്ത വിധം കൊട്ടിയടയ്ക്കപ്പെട്ടതായിരുന്നു ആ മുറി. പിന്നെയിതെവിടുന്നാണ്?! ഗ്ലാസ് ട്യൂബ് കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും അതിനെയും കടന്നു ചില തരംഗങ്ങൾ പുറത്തുവരുന്നതായിരിക്കും കാരണമെന്ന് അദ്ദേഹം അനുമാനിച്ചു. ഉറപ്പിക്കാനായി അദ്ദേഹം തന്‍റെ കൈ അതിനു പ്രതിരോധമായി വച്ചു. അദ്ദേഹത്തിന് ആശ്ചര്യം കൊണ്ട് ബോധക്ഷയമുണ്ടായില്ലെന്നേയുള്ളൂ. കയ്യുടെ മൊത്തത്തിലുള്ള നിഴലിനുപകരം ചുമരിൽ തെളിഞ്ഞത്, കയ്യിലെ എല്ലുകളുടെ ഇരുണ്ടനിഴൽചിത്രം!!!
ഏതൊരു സാധാരണ ഭർത്താവിനെയും പോലെ തന്നെയായിരുന്നു അദ്ദേഹവും. ഉടനെ ഭാര്യ ബർത്തയെ വിളിച്ചു ഈ അത്ഭുതപ്രതിഭാസം കാണിച്ചുകൊടുത്തു. രണ്ടുപേരും ഒരുമിച്ചിരുന്നു അതിശയം കൂറി. എന്താണിതെന്ന് പരസ്പരം ചോദിച്ചു. ഇതെന്തോ അദൃശ്യമായ വികിരണമായിരിക്കുമെന്നു അദ്ദേഹം ഭാര്യയ്ക്ക് പറഞ്ഞുകൊടുത്തു. അറിഞ്ഞുകൂടാത്ത എന്തിനും ‘X’ എന്ന് വിളിക്കണം എന്ന അലിഖിത ശാസ്ത്രനിയമം അനുസരിച്ച് അതിനെ ‘X-വികിരണങ്ങള്‍ (X-RAYS)’ എന്ന് വിളിയ്ക്കാമെന്ന് അവർ തീരുമാനിച്ചു. അദ്ദേഹം ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ് എടുത്തുകൊണ്ട് വന്നു. വെളിച്ചം പതിയുന്ന സ്ഥലത്ത് അത് വച്ചു. ബർത്തയോട് അവരുടെ കൈ അതിനുമുകളിൽ വയ്ക്കാൻ പറഞ്ഞു. അങ്ങനെ ലോകത്തെ ആദ്യത്തെ X-RAY ചിത്രം ആ പരീക്ഷണശാലയിൽ പിറവിയെടുത്തു. ബർത്തയുടെ കൈ അസ്ഥികളുടെ ഇരുളും വെളിച്ചവും ഇടകലർന്ന ഒരു നിഴൽ ചിത്രം. (തന്‍റെ കൈ അസ്ഥികൾ കണ്ട ബർത്ത താൻ മരണത്തെ നേരിൽ കണ്ട നിമിഷമാണതെന്നു പറഞ്ഞതായും പറയുന്നുണ്ട്)
ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ലോകത്തെ ആദ്യ X-RAY ഡിപാർട്ട്മെന്‍റ് ഗ്ലാസ്ഗോയിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു. ആ അത്ഭുത വികിരണങ്ങൾക്ക് “X” എന്നത് മാറ്റി അദ്ദേഹത്തിന്‍റെ പേരുനൽകണമെന്ന് ശാസ്ത്രലോകം അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ അദ്ദേഹം വിനീതനായി ആ ആവശ്യം നിരസിച്ചു. അതുകൊണ്ടുതന്നെ ഇന്നൊരുപാടൊക്കെ അറിയാമെങ്കിലും ഒന്നും അറിയാത്തവരുടെ കൂട്ടത്തിൽ അതിപ്പോഴും ‘X’ RAY ആയിത്തന്നെ തുടരുന്നു. ആ മഹാനായ ശാസ്ത്രജ്ഞനെപ്പോലെ തന്നെ എനിക്കൊന്നുമറിയില്ലേയെന്നു വിനയകുനിതനായി. 1901 ൽ ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം ഈ ‘അജ്ഞാത-വികിരണങ്ങൾ’ കണ്ടെത്തിയതിന് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
പിന്നീടങ്ങോട്ട് ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വളർച്ചയുടെ ആക്സിലരേറ്റർ ആയി മാറിയതും ഈ ‘അജ്ഞാതൻ’ തന്നെ. ഇന്നിപ്പോൾ X-RAY ഇല്ലാതെ വൈദ്യശാസ്ത്രത്തിനു ചിന്തിക്കാൻ കൂടി കഴിയില്ല. കൃത്യമായ രോഗനിർണ്ണയത്തിനും കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും X-RAY ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്. എല്ലുകളുടെ X-RAY, CT സ്കാൻ, വിവിധ തരം ANGIOGRAM, റേഡിയോ തെറാപി, ഫ്ലൂറോസ്കോപി അങ്ങനെ അനവധി നിരവധി കാര്യങ്ങൾക്ക് X-RAY യെ ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നു. എയർപോർട്ടുകളിൽ ലെഗ്ഗെജ് സ്കാൻ ചെയ്യുന്നതും ഈ X-വികിരണങ്ങൾ ഉപയോഗിച്ച് തന്നെയാണ്. പല പഴയകാല പെയിന്റ്റിങ്ങുകളുടെയും കാലപ്പഴക്കം നിർണ്ണയിക്കാക്കാനും XRAY ഉപയോഗിക്കുന്നു. പിന്നെ സ്പെക്ട്രോസ്കോപി, X RAY ക്രിസ്റ്റല്ലോഗ്രഫി, ബഹിരാകാശ ഗവേഷണം.. ഇനിയും നിരവധി..
നവംബർ 8 . സർ വില്ല്യം റോൺജൻ എന്ന മഹാനായ ശാസ്ത്രജ്ഞൻ ഈ അത്ഭുതവികിരണം കണ്ട് ആശ്ചര്യപ്പെട്ടിട്ട് 122 വർഷങ്ങൾ കഴിയുന്നു. അതിന്‍റെ സ്മരണയിൽ എല്ലാ വർഷവും ഈ ദിവസം ലോകവികിരണശാസ്ത്രദിനമായി (INTERNATIONAL DAY OF RADIOLOGY) ആചരിക്കുന്നു.
ഇനി താഴത്തെ ഈ ചിത്രം നോക്കൂ.. ഇതാണ് റോൺജൻ ആദ്യമായി പകർത്തിയ ആ X-RAY ചിത്രം. അദ്ദേഹത്തിന്‍റെ ഭാര്യ ബർത്തയുടെ കൈ. അവരുടെ കയ്യിലെ ആ വിവാഹമോതിരം കണ്ടോ? മനുഷ്യന്‍റെ ചരിത്രം തന്നെ മാറ്റി എഴുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ ആലേഖനം ചെയ്യപ്പെട്ട ആ പ്രണയം കണ്ടോ? AN “X-RAY ORDINARY” LOVE..