UNICEF അറിയാത്ത നോട്ടീസ്
UNICEF-ന്റെ പേരിൽ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഈ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ ?
അല്ല, പലതും തെറ്റിദ്ധാരണകൾ മാത്രമാണ്. യൂണിസെഫ് അങ്ങനെ ഒരു നോട്ടീസ് ഇറക്കിയിട്ടില്ല. മാത്രമല്ലാ, ആരോഗ്യവിഷയങ്ങളിൽ ആധികാരികമായി അഭിപ്രായം പറയുന്ന സംഘടനയല്ലാ, UNICEF. നോട്ടീസിൽ പറഞ്ഞ കാര്യങ്ങൾ ഒന്ന് പരിശോധിച്ചു നോക്കാം.
1. കൊറോണ വൈറസിന് 400-500 micrometer വ്യാസം ഉള്ളതിനാൽ ഏതുതരത്തിലുള്ള മാസ്ക് ഉപയോഗിച്ചാലും ഇതിനെ തടയാനാകും എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണോ ?
അല്ല. മാസ്കിലെ സുഷിരങ്ങൾ വഴി ഒറ്റപ്പെട്ട വൈറസുകൾ കയറുന്നത് തടയുകയല്ല ചെയ്യുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ പുറത്തോട്ട് വരുന്ന സ്രവങ്ങളിൽ ആണ് വൈറസ് ഉള്ളത്. ഇത്തരം ചെറിയ തുള്ളികൾ തടയുക എന്നതാണ് മാസ്ക് ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. N 95 പോലുള്ള മാസ്ക്കുകൾ സാധാരണ സർജിക്കൽ മാസ്ക്കുകളെക്കാൾ കൂടുതൽ ഫലപ്രദമാണ്.
കൊറോണ വൈറസിന്റെ വ്യാസം ഏകദേശം 0.1 മൈക്രോൺ ആണ്. സർജിക്കൽ മാസ്കിലെ സുഷിരങ്ങളിലൂടെ കടക്കാവുന്ന പദാർഥങ്ങളുടെ വ്യാസം ഏതാണ്ട് 5 മൈക്രോൺ. N 95 ലെ സുഷിരങ്ങളിലൂടെ കടക്കാവുന്ന പദാർത്ഥങ്ങളുടെ വ്യാസം ഏതാണ്ട് 0.3 മൈക്രോൺ.
നോട്ടീസിൽ പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റാണ്.
2. കൊറോണ വൈറസ് വായുവിൽ കൂടി പകരില്ല എന്ന് നോട്ടീസിൽ പറയുന്നത് ശരിയാണോ ?
അല്ല, തെറ്റാണ്. വായുവിൽ കൂടിയാണ് ഈ വൈറസ് പ്രധാനമായും പകരുന്നത്. രോഗം ഉള്ള ഒരു വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിൽ കലരുന്ന ശ്രവങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ അസുഖം പകരാം.
3. വസ്ത്രങ്ങൾ അലക്കിയാലും വെയിലത്ത് രണ്ടുമണിക്കൂർ ഇരുന്നാലും ഈ വൈറസ് നശിച്ചു പോകുമെന്ന് നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ശരിയാണോ ?
രോഗിയുമായി അടുത്ത് ഇടപഴകുന്നവർ അണുനാശിനി ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുക. ശരീരത്തിന് വെളിയിൽ അധികനേരം സർവൈവ് ചെയ്യാൻ സാധിക്കില്ല എങ്കിലും രണ്ടു മണിക്കൂർ വെയിലത്ത് വെച്ചാൽ വൈറസ് നശിക്കും എന്ന് തീർത്തു പറയാൻ സാധിക്കില്ല.
4. കൈകളിൽ വൈറസ് 10 മിനിറ്റ് മാത്രമേ ജീവനോടെ ഇരിക്കുകയുള്ളൂ എന്നും പോക്കറ്റിൽ ആൾക്കഹോൾ സ്റ്റെറിലൈസർ സൂക്ഷിച്ചാൽ പകരും എന്ന പേടിവേണ്ട എന്നും നോട്ടീസിൽ എഴുതിയിരിക്കുന്നത് ശരിയാണോ ?
ശരിയല്ല. ആൽക്കഹോൾ അടങ്ങിയ അണുനാശിനി പോക്കറ്റിൽ വെച്ചു എന്നത് കൊണ്ട് ഒരു ഉപകാരവും ഇല്ല. അത് എല്ലാ ദിവസവും രാവിലെ കയ്യിൽ തേച്ചു എന്നതുകൊണ്ടും പ്രയോജനമില്ല. കൃത്യമായ ഇടവേളകളിൽ കൈകൾ അണുനാശിനി ഉപയോഗിച്ച് കഴുകുക ആണ് വേണ്ടത്.
5. 27 ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ള പ്രദേശങ്ങളിൽ വൈറസ് പകരില്ല എന്ന് നോട്ടീസിൽ എഴുതിയിരിക്കുന്നത് ശരിയാണോ ?
അല്ല. ഇതിൽ കൂടുതൽ താപനിലയുള്ള കേരളം, സിംഗപ്പൂർ, തായ്ലൻറ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ സ്ഥലങ്ങളിൽ കൊറോണ വൈറസ് പകർച്ച ഉണ്ടായിട്ടുണ്ട്. മാത്രമല്ല, മനുഷ്യൻ്റെ ശരീരതാപനില 37 ഡിഗ്രിയാണ്. കൊറോണയ്ക്ക് മനുഷ്യരെ ബാധിക്കുവാൻ കഴിയുന്നു എന്നത് തന്നെ, അതിന് 37 ഡിഗ്രിയിലും നശിക്കാതിരിക്കാൻ കഴിയുമെന്നാണ് സൂചിപ്പിക്കുന്നത്.
6. ചൂടു വെള്ളം കുടിക്കുകയും വെയിലത്ത് കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്താൽ വൈറസ് ബാധ തടയാം എന്ന് പറയുന്നത് ശരിയാണോ ?
അല്ല. ഈ വൈറസുമായി ബന്ധമൊന്നുമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നല്ലതാണ്. കുടിക്കുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ശരീരത്തിൽ കുറച്ചൊക്കെ വെയിൽ കൊള്ളുന്നതും നല്ലതാണ്, പക്ഷേ ഈ വൈറസുമായി ബന്ധമൊന്നുമില്ല.
7. ഐസ്ക്രീം കഴിക്കരുത് എന്നും തണുപ്പ് ഉപയോഗിക്കരുത് എന്നും പറയുന്നതിൽ കാര്യമുണ്ടോ ?
രോഗമുള്ള വ്യക്തിയുടെ ശ്രവം നമ്മുടെ ശരീരത്തിൽ പ്രവേശിച്ച ശേഷമാണ് അസുഖം ഉണ്ടാവുന്നത്. അത് ഏതു സാഹചര്യത്തിലും അങ്ങനെതന്നെ. ഐസ്ക്രീം കഴിച്ചാലും ഇല്ലെങ്കിലും അങ്ങനെതന്നെ.
8. ഉപ്പുവെള്ളം കൊണ്ട് തൊണ്ട ഗാർഗിൾ ചെയ്താൽ ടോൺസിൽ അണുക്കൾ നശിക്കുമെന്നും ശ്വാസകോശത്തിൽ അവ എത്തില്ല എന്നും പറയുന്നത് ശരിയാണോ ?
ഇത് എന്തെങ്കിലും ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ് എന്ന് തോന്നുന്നില്ല. കൊറോണയെ പ്രതിരോധിക്കാൻ ഈ മാർഗം ശാസ്ത്രലോകം നിഷ്കർഷിക്കുന്നില്ല.
9. ഈ നോട്ടീസിൽ പറയുന്നതുപോലെ ചെയ്താൽ വൈറസ് ബാധ ഉണ്ടാവില്ല എന്ന് അവസാനം അവകാശവാദം ഉന്നയിച്ചിരിക്കുന്നത് ശരിയാണോ ?
അല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ അബദ്ധമാണ്. ഏതോ സാമൂഹ്യവിരുദ്ധൻ്റെ സൃഷ്ടി മാത്രമാണത്.
ഇതൊക്കെ വിശ്വസിച്ച് സ്വന്തം ജീവൻ നഷ്ടപ്പെടുത്തരുത്.
കൊറോണ സംബന്ധമായ വിഷയങ്ങളിൽ ആധികാരികമായ അറിവു ലഭിക്കാൻ ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് നോക്കുക. അബദ്ധ സന്ദേശങ്ങൾ തിരിച്ചറിയാൻ ഇൻഫോ ക്ലിനിക് പോസ്റ്റുകൾ വായിക്കുക.
യുണിസെഫ് കൊറോണ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതു പക്ഷെ ഈ മണ്ടത്തരങ്ങൾ ഒന്നുമല്ല. ലോകാരോഗ്യസംഘടന പറഞ്ഞ കാര്യം തന്നെയാണ് അവരും പറഞ്ഞിരിക്കുന്നത്.