· 2 മിനിറ്റ് വായന

“12 മണിക്കൂർ കൊണ്ട് ചാകുന്ന വൈറസ്” വാദം സത്യമോ?

Current Affairsകിംവദന്തികൾകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

12 മണിക്കൂർ വീടിനു വെളിയിൽ ഇറങ്ങാതിരുന്നാൽ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാൽ 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നുമുള്ള പ്രചരണം നടത്തരുത്. അത് വാസ്തവ വിരുദ്ധമാണ്. 6 മുതൽ 12 മണിക്കൂർ മാത്രമേ വൈറസ് ശരീരത്തിന് പുറത്ത് അതിജീവിക്കൂ എന്ന വാദം ശരിയല്ലാ.

14 മണിക്കൂർ കർഫ്യൂ/നിയന്ത്രണം വിജയിപ്പിക്കാൻ ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. ഇതൊക്കെ വിശ്വസിക്കുന്ന ചിലരെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ, വ്യക്തിശുചിത്വം പാലിക്കുന്നതിൽ ഉപേക്ഷ വിചാരിച്ചാൽ, വളരെ വലിയൊരു ദുരന്തമാകും നമ്മെ കാത്തിരിക്കുക.

കൊറോണ വൈറസ് ശരീരത്തിന് പുറത്ത് അധികം സമയമൊന്നും അതിജീവിക്കില്ല എങ്കിലും കുറച്ചു മണിക്കൂറുകൾ, ചിലപ്പോൾ ഏതാനും ദിവസങ്ങൾ ഒക്കെ അതിജീവിക്കാൻ അതിന് കഴിയും. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും അതിജീവിക്കാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാൽ എപ്പോഴും അത്രയും സമയം അതിജീവിക്കും എന്നല്ല. ചില സാഹചര്യങ്ങളിൽ പരമാവധി അത്രയും സമയം അതിജീവിക്കാം എന്നാണ്. ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

എന്തായാലും താരതമ്യേന പുതിയ വൈറസ് ആണ്. പഠനങ്ങൾ നടക്കുന്നതേയുള്ളൂ. പഠന വിധേയമാക്കാത്ത അനുമാനങ്ങൾ തള്ളിക്കളയുക.
അതുകൊണ്ട് ദയവുചെയ്ത് ഇത്തരം നുണകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ ജീവൻ അപഹരിക്കരുത്.

പല രാജ്യങ്ങളിലും ലോക്ക് ഡൗൺ നടക്കുന്നുണ്ട്. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ രണ്ടര ദിവസം കർഫ്യൂ നടന്നുകൊണ്ടിരിക്കുകയാണ്. നൂറു കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത ഒരു രാജ്യമാണ് ശ്രീലങ്ക. ആയിരക്കണക്കിന് കേസുകൾ വന്ന പല രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്തു കഴിഞ്ഞു. പല രാജ്യങ്ങളിലും പ്രത്യേക പ്രദേശങ്ങളിൽ കർഫ്യൂ നടക്കുന്നുണ്ട്.

അതൊന്നും കൊറോണ വൈറസിൻ്റെ ഏതെങ്കിലും പ്രത്യേക സ്വഭാവം നോക്കിയിട്ടല്ലാ. അതിനെ പ്രതിരോധിക്കാൻ ഏറ്റവും ശക്തമായ മാർഗം സോഷ്യൽ ഡിസ്റ്റൻസിംഗ് ആയതുകൊണ്ടാണ്. അതുകൊണ്ട് ദയവുചെയ്ത് നുണ പ്രചരണം നടത്തി, അശാസ്ത്രീയത പ്രചരിപ്പിച്ചുകൊണ്ട് ഇതൊന്നും ചെയ്യരുത്.

മാത്രമല്ലാ, ഇന്ത്യയിൽ കൊവിഡ് 19 അതിൻ്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതേയുള്ളൂ. പ്രതിരോധിക്കാൻ വളരെ ശക്തമായ നടപടികൾ തന്നെ ചിലപ്പോൾ വേണ്ടിവന്നേക്കാം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം വ്യാജസന്ദേശങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത് ജനങ്ങളിൽ അകാരണമായ സംശയം സൃഷ്ടിക്കുകയും ചെയ്യും. അത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാം.

ഗോമൂത്രവും ചാണകവും ഈ വൈറസിനെതിരെ ഔഷധമാണ് എന്നു വിശ്വസിച്ച ജനങ്ങൾ പോലുമുള്ള രാജ്യമാണ്. മതവിശ്വാസങ്ങളിൽ /അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന ധാരാളം പേർ ഉള്ള രാജ്യമാണ്. അവരെ കൂടുതൽ തെറ്റിദ്ധരിപ്പിക്കരുത്. അവർ കൂടി ഉൾപ്പെട്ട ‘നമ്മളുടെ’ പരാജയം ആകുമത്.

ഇത് എല്ലാവരും, ഇന്ത്യക്കാർ മാത്രമല്ലാ, ലോകജനത മുഴുവൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ, ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ട, പൊരുതുന്ന യുദ്ധമാണ്. അവിടെ കൺഫ്യൂഷൻസൊന്നുമില്ലാതെ നമുക്കൊന്നിച്ച് നിൽക്കാം …

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ