സന്നദ്ധസേന അംഗങ്ങൾ ശ്രദ്ധിക്കുവാൻ
ആദ്യമായി ഈ നിസ്വാർത്ഥ സേവനത്തിന്റെ കൂട്ടായ്മയിൽ ചേരാനുള്ള സന്മനസ്സിനു അഭിനന്ദനങ്ങൾ.
കോവിഡിനെ കുറിച്ചും നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ വിശദമായ ക്ലാസ്സുകൾ നിങ്ങൾക്ക് കിട്ടും എന്നറിയാം. എങ്കിലും ചില ചെറിയ കാര്യങ്ങൾ പറയാം…
1. കോവിഡ് 19 -നെ കുറിച്ച് വിശദമായി അറിയണം, വായിച്ചും, കേട്ടും, കണ്ടും. പക്ഷെ ഒരു പാട് തെറ്റുകളും നിങ്ങൾ കേൾക്കും പ്രത്യേകിച്ച് നിങ്ങൾ വാട്സാപ്പ് സന്ദേശങ്ങൾ വിശ്വസിക്കുന്ന ആളാണെങ്കിൽ.
2. നിങ്ങൾക്ക് ഓരോരുത്തർക്കും നൂറു പേരെ ആണ് അനുവദിച്ച തന്നതെന്നു കേൾക്കുന്നു. നൂറു പേര് എന്ന് പറയുമ്പോ മുപ്പതിനും നാൽപ്പത്തിനും ഇടയിൽ വീടുകൾ ആവും. ചിലപ്പോ ഞാൻ പറയുന്നത് ശരിയാവില്ല. കാര്യം അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ വീടുകൾ, എന്നത് ഒരു സങ്കൽപ്പം മാത്രമാണല്ലോ …
3. ഓരോ വീട്ടിലെയും കുടുംബ നാഥൻ/ നാഥയുടെ ഫോൺ നമ്പർ വാങ്ങി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. ഇത്തരം മൂന്നു ലക്ഷം വാട്സാപ് കൂട്ടായ്മകൾ ഉണ്ടാവും കേരളത്തിൽ.
4. ഓരോ കൂട്ടായ്മയിലും പുറത്തു നിന്ന് ആരൊക്കെ വേണം?
a) സ്ഥലത്തെ ആരോഗ്യ പ്രവർത്തകൻ. കാര്യം മരുന്നുകൾ കഴിക്കുന്നവരുടെ പട്ടിക അവരിൽ നിന്ന് കിട്ടും. അവർ കഴിക്കേണ്ടുന്ന മരുന്നുകൾ തരം തിരിച്ചു വേണ്ടവർക്ക് എത്തിച്ചു കൊടുക്കാൻ നിങ്ങൾക്ക് ആവും. പക്ഷെ അതേക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം പറഞ്ഞു കൊടുക്കാൻ നിങ്ങൾക്കാവില്ല. അത് കൊണ്ട് അദ്ദേഹത്തോട് നേരിട്ട് സംവദിക്കാൻ ഇദ്ദേഹം ആ കൂട്ടായ്മയിൽ ഉണ്ടാവുന്നത് നന്ന്.
b) കമ്മ്യൂണിറ്റി കിച്ചൺ അധികാരപ്പെട്ട ആൾ. ഭക്ഷണം വേണ്ടവർ ആരൊക്കെ എന്നും, എന്തൊക്കെ ഐറ്റംസ് വേണം എന്നും, ഏകദേശം എത്ര ഭക്ഷണം ഉണ്ടാക്കണം എന്നും നേരത്തെ കൂട്ടി അറിയാൻ നമ്മൾ ഇടനിലക്കാരൻ ആവണ്ട. അദ്ദേഹം ഈ കൂട്ടായ്മയിൽ ഉണ്ടെങ്കിൽ എളുപ്പമുണ്ട്.
5. അത് പോലെ പരസ്പരം ബന്ധപ്പെടുത്താൻ ആരൊക്കെ വേണം എന്ന് ആലോചിച്ച് നമ്മൾക്ക് അവരെ ഉൾപ്പെടുത്താവുന്നതാണ്.
ഒരു കാര്യം ഓർക്കുക, കച്ചവട മനസ്ഥിതിയോടെ ഇത് മുതലെടുക്കാൻ ആരെയും അനുവദിക്കരുത്. അത്തരം ആൾക്കാരെ തിരിച്ചറിഞ്ഞു കൂട്ടായ്മയിൽ നിന്ന് പുറത്താക്കണം. കഴിയുന്നതും നമ്മൾ മാത്രം അഡ്മിൻ ആവുക
6. വാട്സാപ്പ് കൂട്ടായ്മ ഇത്തരം സർവീസ് ചെയ്യുന്നതിനും അപ്പുറം പരസ്‌പരം ചോദിക്കാനും പറയാനും ആസ്വദിക്കാനും ഉള്ള വേദി ആവുന്നത് നന്ന്. പക്ഷെ അനാവശ്യ ഫോർവേഡുകൾ നിരുത്സാഹപ്പെടുത്തണം.
7. യാത്ര എങ്ങനെ. ?
നിങ്ങളിൽ പലരും യുവാക്കളാവും. കാര്യങ്ങൾ ഒരുമിച്ചു ചെയ്താണ് നമ്മൾക്ക് ശീലം. പക്ഷേ ഈ സാഹചര്യത്തിൽ അത് വേണ്ട. ഒറ്റക്കൊറ്റക്ക് തന്നെ ചെയ്യണം.
സൈക്കിളുകൾ നമ്മൾക്ക് ഉപയോഗിക്കാം. അഥവാ ബൈക്കോ സ്‌കൂട്ടരോ ഉപയോഗിക്കുന്നെങ്കിൽ രണ്ട് പേർ ഒരുമിച്ചിരുന്ന് യാത്ര ചെയ്യരുത്.
8. ചെല്ലുന്ന വീടുകളുടെ ഗേറ്റുകൾ തുറന്നു വെക്കാൻ പറയണം. ഇല്ലെങ്കിൽ ഗേറ്റുകൾ കാലു കൊണ്ട് തള്ളിതുറക്കാം. കുറ്റി ഉള്ള ഗേറ്റുകൾ കമ്പുകൾ കൊണ്ട് എടുത്തു മാറ്റാം. കൈകളും വിരലുകളും നമ്മൾക്ക് തന്നെ പാരയാവുന്ന കാലമാണ് എന്നോർക്കണം.
9. വീടുകളിൽ എത്തുമ്പോ കാളിംഗ് ബെൽ അമർത്തി വീട്ടുകാരെ വിളിക്കരുത്. ഒന്ന് ഒച്ചയിട്ടു വിളിക്കുക, മീൻകാരെ പോലെ “കൂയ്” എന്ന് ഇത്തിരി നീട്ടി വിളിച്ചാലും വേണ്ടില്ല, ദൂരെ നിന്ന്.
10. വീട്ടിന് പുറത്തു പടിവാതിൽക്കൽ നിന്ന് കൊണ്ട് സംസാരിക്കാം. പക്ഷെ “മോനെ ഒന്ന് കുത്തിരുന്നാട്ടെ“ എന്ന അതിഥി സൽക്കാരത്തിൽ വീണു പോകരുത്. വീട്ടിൽ ഉള്ള ഒരു വസ്തുവും തൊടരുത്.
11. നാലഞ്ചു ദിവസങ്ങൾ കഴിയുമ്പോ വീട്ടിലെ കുട്ടികളുമായി സൗഹൃദം ആവും പാടി കയറി വരുന്ന “ഏട്ടനെ” ഓടിവന്നു കെട്ടിപ്പിടിക്കുന്ന കുഞ്ഞനിയന്മാർ ഒരു പാട് കാണും.
“കരുണയില്ലാത്തവൻ, ഇവന്റെ കരളിന്റെ സ്ഥാനത്ത് കരിങ്കല്ലാണോ ?” എന്ന് ചോദിച്ചാലും തരക്കേടില്ല. കുട്ടികളെ തൊടരുത്. അവരുടെ തലയിലും കവിളിലും തൊടാൻ മനസ്സ് വെമ്പും. അറിയാം. അടക്കണം മനസ്സ്…
12. വീട്ടുകാരുടെ കൈകളിലേക്ക് സാധനങ്ങൾ കൊടുക്കുന്ന പതിവ് മാറ്റണം. ഒരു മുറം, തളിക, കിണ്ണം, വട്ടി, കുട്ട ഇതിൽ ഏതിലെങ്കിലും വച്ച് കൊടുക്കുന്ന പതിവ് മതി.
13. മീനമാസത്തിലെ ചൂടിൽ സൈക്കിളിൽ പോവുമ്പോ വിയർക്കും, ഒരു മോരും വെള്ളം കിട്ടിയാൽ കുശാൽ എന്ന് തോന്നും. “മ്മക്ക് ഒരു നാരങ്ങ വെള്ളായലോ ?” എന്ന ആദിത്യ മര്യാദയിൽ വീഴരുത്. വീട്ടുകാർ തരുന്നത് കഴിയുന്നതും സ്വീകരിക്കരുത്.
ഇപ്പറഞ്ഞത് ഇത്തിരി കടുപ്പം ആയി തോന്നാം. പക്ഷെ തല്ക്കാലം ഇതാണ് ശരി. അവനവന് കുടിക്കാനുള്ള വെള്ളവും കഴിക്കാനുള്ളതും ഒപ്പം കരുതണം.
14. പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്… നിങ്ങൾ തുടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പരോപകാരം എന്ന രീതിയിൽ നുണകൾ ഫോർവേഡ് ചെയ്യാൻ അനുവദിക്കരുത്.