· 8 മിനിറ്റ് വായന

വീടുകള്‍ വിദ്യാലയങ്ങളാകുമ്പോള്‍

Current Affairsപൊതുജനാരോഗ്യംശിശുപരിപാലനം

?മുമ്പ്: “സ്കൂളില് ഫോണ് കൊണ്ടു വന്നേക്കരുത്.”
?ഇപ്പോള്: “സ്കൂളില് വന്നേക്കരുത്. വീട്ടിലിരുന്ന് ക്ലാസ് ഫോണില് കേള്ക്കുക.”

കോവിഡ് വ്യാപനവും ലോക്ക്ഡൌണും നിമിത്തം സ്കൂള് അദ്ധ്യയനം ഓണ്ലൈനും ടീവി വഴിയുമെല്ലാം ആയിരിക്കുകയാണല്ലോ! ഈ സാഹചര്യത്തില് പഠനം ഫലപ്രദവും സുരക്ഷിതവുമാക്കാന് മാതാപിതാക്കള് അറിഞ്ഞിരിക്കേണ്ട കുറച്ചു വിദ്യകളിതാ.

ഡിവൈസുകള് സിനിമ കാണാനും ഗെയിമിംഗിനുമൊക്കെയാണു പൊതുവെ ഉപയോഗിക്കപ്പെടാറ്, ക്ലാസ്സ്മുറിയിലേതുപോലെ അദ്ധ്യാപകരുടെ മേല്നോട്ടമുണ്ടായിരിക്കില്ല എന്നതിനാലൊക്കെ കുട്ടി ക്ലാസ് നന്നായി ശ്രദ്ധിക്കുന്നു എന്നുറപ്പുവരുത്തേണ്ടതുണ്ട്.

?പഠനയിടം തിരഞ്ഞെടുക്കുമ്പോള്?

?വീട്ടിലെ ബഹളങ്ങള് ചെന്നു കയറാത്ത സ്ഥലം തിരഞ്ഞെടുക്കുക. അല്ലെങ്കില് ഇയര് ഫോണ് ലഭ്യമാക്കുക.

?പതിവായി കളിക്കാനിരിക്കാറുള്ള സ്ഥലങ്ങള് ഒഴിവാക്കുക.

?നല്ല വെളിച്ചവും വായു സഞ്ചാരവും ഗുണകരമാകും.

?ഡിവൈസില് പരിഗണിക്കാന്?

?പ്രായോഗികമെങ്കില്, ക്ലാസിനുപയോഗിക്കുന്ന ഡിവൈസില് സോഷ്യല് മീഡിയ ആപ്പുകളോ ഗെയിമുകളോ ഇന്സ്റ്റാള് ചെയ്യാതിരിക്കുക. അല്ലെങ്കില് നോട്ടിഫിക്കേഷനുകള് ഡിസേബിള് ആക്കുകയെങ്കിലും ചെയ്യുക.

?ഓഫ് ലൈനായാണു പഠനം എങ്കില് നെറ്റ് ഓഫ് ചെയ്യുക.

?ക്ലാസിനായി കുട്ടിക്കു കൊടുക്കുന്ന നിങ്ങളുടെ ഡിവൈസില് അശ്ലീല ചിത്രങ്ങള് പോലുള്ള അനുചിത ഫയലുകള് ഉണ്ടാകരുത്.

?ക്ലാസ് കേള്ക്കുമ്പോൾ?

?സ്ക്രീനില് ഇടയ്ക്കു വേറൊന്നും വരുന്നില്ല എന്നുറപ്പുവരുത്തുക.

?ക്ലാസ് കേള്ക്കുന്നതിനൊപ്പം ടീവി ശ്രദ്ധിക്കുക പോലുള്ള മറ്റു കാര്യങ്ങളില് മുഴുകുന്നില്ല എന്നുറപ്പുവരുത്തുക.

?മുക്കാല് മണിക്കൂറോളം പഠിച്ചുകഴിഞ്ഞാല് പതിനഞ്ചോളം മിനിട്ടു ബ്രേക്ക് കൊടുക്കാം. ഈ ഇടവേളയില് സ്ക്രീനുകള് അനുവദിക്കാതിരിക്കുക – കണ്ണുകളുടെ ആരോഗ്യത്തിന് അതുതകും. സ്വല്പം നടക്കാനോ കാലുകള് മടക്കിനിവര്ത്താനോ നിര്ദ്ദേശിക്കുക. ഒരിടത്തുതന്നെ ഏറെ സമയം ഇരിക്കുമ്പോള് രക്തം കാലുകളില് തളംകെട്ടാം. നടക്കുമ്പോള് കാലിലെ മസിലുകള് ആ രക്തത്തെ പമ്പു ചെയ്ത് തലച്ചോറിലേക്കും മറ്റും ലഭ്യമാക്കുന്നത് പഠനത്തെ സഹായിക്കും.

?അച്ചടക്കം സൂക്ഷിക്കാന് ഓര്മിപ്പിക്കുക. ക്ലാസ് മുറിയിലെ വികൃതികള് അവിടം കൊണ്ടു തീരുമെങ്കില് ഓണ്ലൈനില് അവ മായ്ക്കാനാകാത്ത രേഖകളാകാം. പുറംലോകത്തെ അപേക്ഷിച്ച് ഓണ്ലൈനില് ആളുകള് നിയന്ത്രണംവിട്ടു പെരുമാറാന് സാദ്ധ്യത കൂടുതലുണ്ടു താനും.

?കുട്ടിയുടെ വീഡിയോ ഷെയര് ചെയ്യുന്നുണ്ടെങ്കില് അത്രയും ഏരിയയിലെ ദൃശ്യങ്ങളില് ശ്രദ്ധ വേണം. ഓണ്ലൈന് ക്ലാസ് കേള്ക്കുന്ന കുട്ടിയുടെ ഫ്രെയിമിലേക്ക് കുളിമുറിയില്നിന്ന് നഗ്നയായി ഇറങ്ങിവന്ന അമ്മയെപ്പറ്റി ഈയിടെ വാര്ത്തയുണ്ടായിരുന്നു.

?നേത്രാരോഗ്യത്തിന് ?

?സ്ക്രീനില് ഏറെനേരം നോക്കിയിരുന്നാല് കണ്ണിന് വരള്ച്ച, അസ്വസ്ഥത, കാഴ്ച മങ്ങല്, തലവേദന എന്നിവ വരാം.

?കടലാസില് എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടര് സ്ക്രീനില് തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കടലാസില് എഴുതിയ അക്ഷരങ്ങളുടെ അരികുകള് കമ്പ്യൂട്ടര് സ്ക്രീനില് തെളിയുന്നവയെ അപേക്ഷിച്ച് വ്യക്തമായ അതിരുകളോടു കൂടിയതാണ്. പക്ഷെ കമ്പ്യൂട്ടര് സ്ക്രീനിലെ അക്ഷരങ്ങള് അതുപോലെ ആയിരിക്കില്ല. ചെറിയ പ്രകാശബിന്ദുക്കളുടെ കൂട്ടായ്മയാലാണ് കമ്പ്യൂട്ടര് സ്ക്രീനിലും മറ്റും വാക്കുകള് തെളിഞ്ഞ് വരുന്നത്. അതിന്റെ പ്രത്യേകത അക്ഷരങ്ങളുടെ നടുഭാഗം തെളിച്ചമേറിയതും പാര്ശ്വങ്ങളിലേക്ക് പോകുമ്പോള് തെളിച്ചത്തിന്റെ കാഠിന്യം കുറയുന്നതുമാണ്. ഇതുമൂലം കണ്ണുകള്ക്ക് കൂടുതല് സമയം ഫോക്കസ് ചെയ്യുക എന്നത് ആയാസകരമായ പ്രവര്ത്തനമാവുകയും ചെയ്യും. സ്ക്രീനിലെ ഇത്തരത്തിലുള്ള മാറിമറയുന്ന അക്ഷരങ്ങളെ കൂടുതല് സമയം ഫോക്കസ് ചെയ്യുന്നതുമൂലം കണ്ണിനു ചുറ്റുമുള്ള പേശികള് അനിയന്ത്രിതമായി പ്രവര്ത്തിക്കുകയും തുടര്ന്ന് കണ്ണിന് കഴപ്പും, കണ്ണിലെ മസിലുകള്ക്ക് തളര്ച്ചയും അനുഭവപ്പെടുകയും ചെയ്യും.

?മറ്റൊരു കാരണം കണ്ണുകളുടെ ചിമ്മല് കുറയുന്നതാണ്. സാധാരണഗതിയില് ഒരു മിനിറ്റില് 15 തവണ (ഓരോ നാല് സെക്കന്റിലും ഒരു തവണ)വരെ നാമറിയാതെ നമ്മുടെ കണ്ണുകള് ചിമ്മാറുണ്ട്. ദീര്ഘനേരം സ്ക്രീനില് നോക്കിയിരിക്കുമ്പോഴും സ്ക്രീനിന്റെ സ്ഥാനം നമ്മുടെ മുഖത്തിനെക്കാള് പൊക്കത്തിലാകുമ്പോഴും കണ്പോളകള് കൂടുതല് വിടര്ന്നിരിക്കുകയും തുടര്ന്ന് ചിമ്മല് (Blinking) കുറയുകയും ചെയ്യും. ഇത് കണ്ണുനീരിന്റെ ഒഴുക്കിനെ ബാധിക്കുകയും തുടര്ന്ന് കണ്ണിന്റെ നനവ്‌ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം കണ്ണിനു പുകച്ചില്, ചൊറിച്ചില് തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.

എങ്ങനെ തടയാം?

?കമ്പ്യൂട്ടര് സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ കണ്ണുകളില് നിന്നും ഏകദേശം ഇരുപത് ഇഞ്ചെങ്കിലും അകലെയും നാലു മുതല് ആറു ഇഞ്ചു വരെ താഴെയും ആയി ക്രമീകരിക്കണം.

?മുറിയില് ശരിയായ വെളിച്ചം ഉണ്ടായിരിക്കുക. സ്ക്രീനിന്റെ ബ്രൈറ്റ്നെസ്സ് (Brightness) മുറിയിലെ വെളിച്ചത്തിലും അല്പം കുറവായിരിക്കണം.

?മുറിയിലെ മറ്റ് ലൈറ്റുകളില് നിന്നോ ജനാലകളില് നിന്നോ സ്ക്രീനിലേക്ക് വെട്ടം പ്രതിഫലിക്കുന്ന സാഹചര്യം ഒഴിവാക്കുക.

?സ്ക്രീനിൽ നോക്കുന്ന സമയം കണ്ണുകള് ഇടയ്ക്കിടെ ചിമ്മുക.

?20-20-20 നിയമം ഓര്ക്കുക.
അതായത് കമ്പ്യൂട്ടര് സ്ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കുന്ന ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും, ഇരുപത് സെക്കന്ഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കി കൊണ്ട് ചെറിയ ‘വിശ്രമം’പാലിക്കാന് ശ്രമിക്കാം. ഓൺലൈൻ ക്ലാസ്സിന് ഇടയിലോ അടുത്ത ക്ലാസ്സ് / വീഡിയോയിലേക്ക് പോകുന്ന ഇടവേളയിലോ ആയി ഇതു ക്രമീകരിക്കാം.

?കമ്പ്യൂട്ടര് സ്ക്രീന് പൊടിയോ മറ്റ് അഴുക്കുകളോ ഇല്ലാത്തവിധം തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.

?കണ്ണടയുള്ളവര് ഓണ്ലൈന് ക്ലാസിനും അതു ധരിക്കണം.

?ഉത്സാഹിപ്പിക്കാം?

അദ്ധ്യയനം വീട്ടില് വെച്ചാകുമ്പോള് കുട്ടികള്ക്ക് അതില് താല്പര്യമുളവാക്കേണ്ട പൂര്ണ ഉത്തരവാദിത്തം, അദ്ധ്യാപകര് നേരിട്ടു രംഗത്തില്ലാത്തതിനാല്, മാതാപിതാക്കളുടേതാകുന്നുണ്ട്.

?ഓണ്ലൈന് ക്ലാസിനും ഹോംവര്ക്കിനും വിനോദങ്ങള്ക്കും ഉറക്കത്തിനുമൊക്കെയായി ഒരു ടൈംടേബിള് നടപ്പാക്കുക.

?ഓരോ ചെറിയ കാര്യവും എപ്രകാരമാണു ചെയ്യേണ്ടതെന്നു നിഷ്കര്ഷിക്കാതിരിക്കുക. ആവുന്നത്ര തീരുമാനങ്ങള് കുട്ടിക്കു വിട്ടുകൊടുക്കുക.

?മുതിര്ന്നാല് ആരാകാനാണു താല്പര്യം എന്നാരായുക. ആ ജോലി കരസ്ഥമാകണമെങ്കില് ഇപ്പോള് ലേശം വിട്ടുവീഴ്ച ചെയ്യേണ്ടതിന്റെയും പഠിക്കേണ്ടതിന്റെയും പ്രസക്തി ബോദ്ധ്യപ്പെടുത്തുക.

?പഠിക്കുന്ന കാര്യങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊടുക്കുക.

?പഠനതാല്പര്യം നശിപ്പിക്കുന്ന പ്രശ്നങ്ങള് വല്ലതുമുണ്ടോ, ഏതെങ്കിലും വിഷയം മനസ്സിലാക്കാന് ക്ലേശമുണ്ടോ എന്നൊക്കെ ചോദിച്ചറിയുക.

?കുട്ടിയുടെ മുമ്പില്വെച്ചു സ്കൂളിനെ/ അധ്യാപകരെ കുറിച്ച് മോശം പറയരുത്.

?ഉള്പ്പെടുത്താം മറ്റുള്ളവരെയും?

?പഠിക്കുന്ന കാര്യങ്ങള് സഹപാഠികളുമായി ചര്ച്ച ചെയ്യാന് അവസരം കൊടുക്കുക. ഇത് കാര്യങ്ങള് ഓര്മയില് പതിയാന് സഹായകമാകും.

?കുട്ടിയുടെ സഹപാഠികളുടെ മാതാപിതാക്കളുമായി ബന്ധം പുലര്ത്തുക. അവിടെ എന്തൊക്കെ നടപടികളാണു ഫലപ്രദമായതും പരാജയപ്പെട്ടതും എന്നറിയാന് അതുപകരിക്കും.

?സ്കൂളുമായും അദ്ധ്യാപകരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുക.

?ഉറക്കം പ്രധാനമാണ്?

അമിതമായ സ്ക്രീനുപയോഗം പലര്ക്കും ഉറക്കക്കുറവിനു നിമിത്തമാകുന്നുണ്ട്. പഠിക്കുന്ന വിവരങ്ങള് തലച്ചോറില് ദീര്ഘനാളത്തേക്കായി രേഖപ്പെടുത്തപ്പെടുന്നത് ഉറക്കത്തിനിടയ്ക്കാണ്. ആവശ്യത്തിന് ഉറങ്ങേണ്ടത് അതുകൊണ്ടുതന്നെ പ്രധാനമാണ്. ഉറക്കമിളക്കുന്നത് മാനസിക സമ്മര്ദ്ദത്തിനും ഇടയൊരുക്കും.

?ക്ലാസിനു വേണ്ടിയാണെങ്കിലും രാത്രിയില് സ്ക്രീനുപയോഗം നിയന്ത്രിക്കുക.

?അതിനു കഴിയില്ലെങ്കില്, സ്ക്രീനിന്റെ തെളിച്ചത്തെ ഉറക്കത്തിനു ദോഷമാകാത്തവിധം ക്രമീകരിക്കുന്ന f.lux പോലുള്ള സോഫ്റ്റ്‌വെയറുകളോ സമാന ആപ്പുകളോ ഉപയോഗപ്പെടുത്തുക.

?കിടപ്പുമുറിയില് സ്ക്രീനുകള് ലഭ്യമാക്കാതിരിക്കുക.

?സ്ക്രീന് പരിമിതപ്പെടുത്താം?

?സ്ക്രീനുകളുടെ അമിതോപയോഗത്തിന് കണ്ണിലെ കുഴപ്പങ്ങള്ക്കും ഉറക്കക്കുറവിനും പുറമെ തോള്, കഴുത്ത്, കൈ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്, വിഷാദം, അഡിക്ഷന് എന്നിങ്ങനെ നാനാതരം ദൂഷ്യഫലങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ക്ലാസുകള്ക്കായി സ്ക്രീനുകള് അവലംബിക്കുമ്പോള്, ബാക്കി സമയങ്ങളില് ആവുന്നത്ര നിയന്ത്രണം നടപ്പാക്കേണ്ടതുണ്ട്.

?ക്ലാസൊഴിച്ചുള്ള പഠനകാര്യങ്ങള് സ്ക്രീനിലല്ലാതെ നടത്തിയെടുക്കാന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക. ക്വസ്റ്റ്യന് പേപ്പറുകളുടെയും മറ്റും പ്രിന്റ് ഔട്ട്‌ ലഭ്യമാക്കുക. ടെക്സ്റ്റ്ബുക്കുകളും മറ്റും പിഡിഎഫ് ഫയലുകള്ക്കു പകരം ഹാര്ഡ്കോപ്പി തന്നെ വായിക്കുന്നത് കാര്യങ്ങള് ഓര്മ നില്ക്കുന്നതിനും ഗുണപ്രദമാണ്.

?ആഹാരം കഴിക്കുമ്പോഴോ മറ്റുള്ളവരോടു സംസാരിക്കുമ്പോഴോ ഒന്നും സ്ക്രീനുകള് അനുവദിക്കാതിരിക്കുക.

?മാതാപിതാക്കൾ സ്വയം സര്വനേരത്തും സ്ക്രീനും നോക്കിയിരുന്ന് മോശം മാതൃക സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കുക.

?സൈബർ സുരക്ഷയ്ക്ക്?

?ലോക്ക്ഡൌണില് കുറേ അധിക സമയം കൈവരുന്നതിനാലും ക്ലാസുകള് ഓണ്ലൈനായതിനാലും കുട്ടികള് ഇപ്പോള് നെറ്റില് കൂടുതല് സമയം ചെലവിടാം. അതുകൊണ്ടുതന്നെ അവിടെ സുരക്ഷയ്ക്കായി ചിലതു നിര്ദ്ദേശിക്കേണ്ടതുണ്ട്.

?പാസ്സ്‌വേര്ഡുകളോ പേരും വിലാസവും പോലുള്ള വ്യക്തിവിവരങ്ങളോ പരസ്യമാക്കരുത്.

?പോസ്റ്റുകള് കുടുംബാംഗങ്ങള്ക്കും നേരിട്ടറിയാവുന്ന സുഹൃത്തുക്കള്ക്കും മാത്രം കാണാന് പറ്റും വിധം സോഷ്യല്മീഡിയകളിലെ പ്രൈവസി സെറ്റിങ്ങുകള് ക്രമീകരിക്കുക.

?എടുത്തുചാടി പോസ്റ്റുകള് ഇടരുത്.

?അപരിചിതരോടു ചാറ്റിംഗിനു പോകരുത്.

?നെറ്റില് ആരെങ്കിലും മനോവിഷമം ഉളവാക്കിയാലോ ലൈംഗികവിഷയങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നെങ്കിലോ നിങ്ങളെ അറിയിച്ചിരിക്കണം.

?ഫോണിലെയും കമ്പ്യൂട്ടറിലെയുമൊക്കെ “പേരന്റല് കണ്ട്രോള്സ്” ഉപയോഗപ്പെടുത്തുകയും വേണം.

?മാനസികസമ്മര്ദ്ദം തടയാം?

വീട്ടില്ത്തന്നെ ഇരിക്കുന്നതും കോവിഡിനെക്കുറിച്ചുള്ള ആധികളുമൊക്കെ കുട്ടികളില് മനസ്സംഘര്ഷം സൃഷ്ടിക്കാം. അത് ഏകാഗ്രതയെയും പഠനത്തെയും താറുമാറാക്കുകയും ചെയ്യാം.

?നിങ്ങള് സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ നടപടികള് ബോദ്ധ്യപ്പെടുത്തുക.

?കോവിഡിനെക്കുറിച്ചുള്ള വാര്ത്തകള് മിതമായി മാത്രം കാണിക്കുക.

?സോഷ്യല് മീഡിയയിലെയും മറ്റും വ്യാജവാര്ത്തകള് അവഗണിക്കാന് പറയുക.

?കോവിഡിനെ പ്പറ്റിയുള്ള അവരുടെ സംശയങ്ങള് ദൂരീകരിച്ചുകൊണ്ടിരിക്കുക. ആവശ്യമെങ്കില് അതിന് ആരോഗ്യപ്രവര്ത്തകരുടെയോ ഹെല്പ്പ് ലൈനുകളുടെയോ സഹായം തേടുക.

?ഹോബികളില് മുഴുകാന് പ്രേരിപ്പിക്കുക. ബോര്ഡ് ഗെയിമുകള് പോലുള്ള, വീട്ടിലിരുന്നു പങ്കെടുക്കാവുന്നതും സ്ക്രീനുകളില് അല്ലാത്തതുമായ കളികള് പ്രോത്സാഹിപ്പിക്കുക.

?നിത്യേന അര മണിക്കൂറെങ്കിലും വ്യായാമം നിര്ബന്ധമാക്കുക. അത് ഓര്മശക്തിക്കും സഹായകമാകും.

?സഹപാഠികളും ബന്ധുക്കളുമായി വീഡിയോകോളുകളും മറ്റും വഴി ബന്ധം പുലര്ത്താന് പ്രേരിപ്പിക്കുക.

ലേഖകർ
Passed MBBS from Calicut Medical College and MD (Psychiatry) from Central Institute of Psychiatry, Ranchi. Currently works as Consultant Psychiatrist at St. Thomas Hospital, Changanacherry. Editor of Indian Journal of Psychological Medicine. Was the editor of Kerala Journal of Psychiatry and the co-editor of the book “A Primer of Research, Publication and Presentation” published by Indian Psychiatric Society. Has published more than ten articles in international psychiatry journals. Awarded the Certificate of Excellence for Best Case Presentation in Annual National Conference of Indian Association of Private Psychiatry in 2013. Was elected for the Early Career Psychiatrist Program of Asian Federation of Psychiatric Societies, held in Colombo in 2013. Was recommended by Indian Psychiatric Society to attend the Young Health Professionals Tract at the International Congress of World Psychiatric Association held in Bucharest, Romania, in 2015.
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ