മനോരോഗികൾ അക്രമാസക്തരാകുമ്പോൾ
? മാനസികരോഗികളെല്ലാം അക്രമപ്രിയരാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. ചികിത്സയിലിരിക്കുന്ന, ലഹരികളൊന്നുമുപയോഗിക്കാത്ത രോഗികള്‍ അക്രമാസക്തരാവാനുള്ള സാദ്ധ്യത ഒരു മാനസികാസുഖവും ഇല്ലാത്തവരുടേതിനു സമം തന്നെയാണ്. മനോരോഗികള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനല്ല, മറിച്ച് അക്രമങ്ങളുടെ ഇരകളാവാനാണു കൂടുതല്‍ സാദ്ധ്യത. എന്നാല്‍ സമൂഹത്തിലെ ഒന്നുരണ്ടു ശതമാനത്തോളം ആളുകള്‍ക്ക് ഇടക്കെപ്പോഴെങ്കിലും അക്രമാസക്തത തലപൊക്കാവുന്ന തരം മാനസികപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നതും പ്രസക്തമാണ്. ഇവരുടെ പരാക്രമങ്ങളെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെയും മറ്റും അജ്ഞത ചിലപ്പോള്‍ കൊലപാതകങ്ങളില്‍പ്പോലും കലാശിക്കാറുമുണ്ട്.
? ചിലതരം രോഗികള് അതിക്രമങ്ങളവലംബിക്കാന് സാദ്ധ്യത കൂടുതലാണ്. മുമ്പ് ആക്രമണോത്സുകത പ്രകടിപ്പിച്ചിട്ടുള്ളവര്, ചികിത്സാവിധികള് മുടക്കിയവര്, മദ്യമോ മറ്റു ലഹരിപദാര്ത്ഥങ്ങളോ ഉപയോഗിക്കുന്നവര്, ജീവിതപങ്കാളിയുടെ ചാരിത്ര്യത്തില് സംശയമോ തനിക്ക് ഏറെ ശത്രുക്കളുണ്ട് എന്ന മിഥ്യാധാരണയോ പുലര്ത്തുന്നവര്, മറ്റുള്ളവരെ കയ്യേറ്റംചെയ്യാനാജ്ഞാപിക്കുന്ന അശരീരികള്കേള്ക്കുന്നവര്, സ്ഥലകാലബോധം നഷ്ടമായവര് തുടങ്ങിയവര്ഇക്കൂട്ടത്തില്പ്പെടുന്നു. അക്രമത്തിനു തൊട്ടുമുമ്പ് ഇവരില്പ്പലരും ഒച്ചവെക്കുക, പല്ലുകടിക്കുക, മുഷ്ടിചുരുട്ടുക, സാധനങ്ങള് എടുത്തെറിയുക, അതിവേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കുക, ഭീഷണിയോ ശാപവചനങ്ങളോ മുഴക്കുക തുടങ്ങിയ ദുസ്സൂചനകള് വെളിപ്പെടുത്തിയേക്കാം.
? ആക്രമോത്സുകരായി നില്ക്കുന്നവരുടെ മുറിയില് വടി പോലുള്ള ആയുധങ്ങളുമായി പ്രവേശിക്കാതിരിക്കുക. നിങ്ങളുടെ നില്പ്പ് എപ്പോഴും രോഗിക്കും വാതിലിനും ഇടയിലായിരിക്കാന് ശ്രദ്ധിക്കുക. രോഗിയില് നിന്ന് സുരക്ഷിതമായ അകലം പാലിക്കുക. മുറിയില് മാരകായുധങ്ങള് വല്ലതും ഉണ്ടോ എന്നു നോക്കിമനസ്സിലാക്കുക. കസേരകളും മറ്റും എടുത്തൊഴിവാക്കാന്ശ്രമിക്കുക. രോഗിക്ക് പുറംതിരിഞ്ഞു നില്ക്കാതിരിക്കുക. പൊടുന്നനെയുള്ള ചലനങ്ങള് ഒഴിവാക്കുക. കഴിവതും രോഗിയെ തനിച്ചു വിടരുത്. ഓര്മക്കുറവോ ആത്മഹത്യാപ്രവണതയോ സാരമായ ശാരീരികരോഗങ്ങളോ ഉള്ളവരെ പൂട്ടിയിടാതിരിക്കുക. ടിവിയില് നിന്നും മറ്റുമുള്ള കോലാഹലങ്ങള്ആക്രമണോന്മുഖതക്കു വളമാകും എന്നോര്ക്കുക.
? “ഭീഷണികളും വെല്ലുവിളികളും പരിഹാസങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കുക.”
?മുഖത്തേക്കു നോക്കി, എന്നാല് തുറിച്ചുനോട്ടം ഒഴിവാക്കി, താഴ്ന്ന സ്വരത്തില്, ശാന്തതയോടെ, വളച്ചുകെട്ടോ മുന്വിധികളോ കൂടാതെ രോഗിയോടു സംസാരിക്കുക. സാന്ത്വനാശ്വാസങ്ങള് പകരുക. ഭീഷണികളും വെല്ലുവിളികളും പരിഹാസങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കുക. ഒന്നും രോഗി മനസ്സറിഞ്ഞ് ചെയ്യുന്നതല്ല എന്ന് സ്വയമോര്മിപ്പിക്കുക. തന്റെ ഭാഗം വിശദീകരിക്കാന്രോഗിക്ക് അവസരം കൊടുക്കുക. സാദ്ധ്യമായ സഹായങ്ങള് മുന്നോട്ടുവെക്കുക. മിഥ്യാശത്രുക്കളെയും ദിവ്യശേഷികളെയുമൊക്കെക്കുറിച്ചുള്ള രോഗജന്യമായ അവകാശവാദങ്ങളെ എതിര്ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ “അന്വേഷിക്കട്ടെ”, “ഒന്നാലോചിക്കട്ടെ” എന്നൊക്കെയുള്ള മട്ടില് പ്രതികരിക്കുക. രോഗി ആയുധങ്ങള് വല്ലതും കയ്യിലെടുത്തിട്ടുണ്ടെങ്കില് അത് ഉടന് താഴെയിടാന്ആവശ്യപ്പെടുക. വഴങ്ങുന്നില്ലെങ്കില് സമയംകളയാതെ പോലീസിലറിയിക്കുക.
? കഴിവതും നേരത്തേ ചികിത്സ തേടുക. ഡോക്ടറുടെ സമ്മതമില്ലാതെ മരുന്നു നിര്ത്താതിരിക്കുക. ലഹരിയുപയോഗമോ ചികിത്സ മുടക്കലോ ഇനിയും അക്രമസംഭവങ്ങളിലേക്കു നയിച്ചാല് നിങ്ങള് കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് അസുഖം ശാന്തമായിരിക്കുന്ന വേളയില് രോഗിക്ക് മുന്നറിയിപ്പു കൊടുക്കുക. വീട്ടില് കഴിവതും മാരകായുധങ്ങള് ഒഴിവാക്കുക. കത്തികളും മറ്റും ഭദ്രമായി മാത്രം സൂക്ഷിക്കുക. അടിയന്തിരസന്ദര്ഭങ്ങളില്അഭയം പ്രാപിക്കാനായി സുശക്തമായ വാതിലുകളും ടെലിഫോണ്‍ സൌകര്യവുമുള്ള ഒരു മുറി പ്രത്യേകം കണ്ടുവെക്കുക.