പഴുത്ത പ്ലാവിലകൾ ചിരിക്കുമ്പോൾ
അന്താരാഷ്ട്ര വയോജന ദിനമാണ് ഇന്ന് – ഒക്ടോബർ ഒന്ന്. ഷഷ്ടിപൂർത്തിയും സപ്തതിയും ഒക്കെ കടന്നവർ, പോയ തലമുറയിലെ ദീർഘായുഷ്മാൻമാരായിരുന്നു. അറുപതു വയസ്സൊക്കെ ഒരു വയസ്സാണോ ഇക്കാലത്ത് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രായമായവരുടെ എണ്ണം സമൂഹത്തിൽ കൂടി വരുന്നു. ‘സിൽവർ സുനാമി’ , ‘ഗ്രേ സുനാമി’ എന്നൊക്കെ പലരും വിശേഷിപ്പിക്കുന്ന ഈ മാറ്റം ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ രംഗങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്.
ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാകുമ്പോഴേക്ക്, ഭൂമുഖത്ത് അറുപതുവയസ്സിന് മുകളിലുള്ള ജനങ്ങളുടെ എണ്ണം ഇന്നുള്ളതിന്റെ ഇരട്ടിയാകും. അവരിൽ ഭൂരിഭാഗവും, താഴ്ന്ന വരുമാനമുള്ളതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലാവും ജീവിക്കുക. വികസിത രാജ്യങ്ങളിലെ സമൂഹങ്ങൾക്ക് ഈ ജനസംഖ്യാ മാറ്റത്തിന് അനുസൃതമായി പരിണമിക്കുവാൻ ദശകങ്ങളുടെ കാലവ്യാപ്തി ലഭിച്ചു. മറ്റു സമൂഹങ്ങളിൽ മിക്കവാറും, സിനിമയിൽ പറഞ്ഞത് പോലെ ‘റാഡിക്കലായ ഒരു മാറ്റമായിരുന്നു ഇത് ‘. ഉദാഹരണത്തിന്, മലയാളിയുടെ ആയുർദൈർഘ്യം സാധാരണമെന്നപോലെ അമ്പത് കടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായിട്ടില്ല.
ജനന നിരക്കിലുണ്ടായ കുറവ്, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ കൊണ്ടും ആരോഗ്യ പരിരക്ഷയിൽ കൈവരിച്ച പുരോഗതിയും ആരോഗ്യ സേവനങ്ങളുടെ വർദ്ധിച്ച ലഭ്യതയും കൊണ്ടും മരണ നിരക്കിലുണ്ടായ കുറവ് തുടങ്ങിയവയാണ് മുതിർന്നവരുടെ എണ്ണം കൂടുവാനുളള പ്രത്യക്ഷമായ കാരണങ്ങൾ. അണുകുടുംബങ്ങളുടെ ആവിർഭാവവും, ചെറുപ്പക്കാർ തൊഴിൽ തേടി വീടും നാടും വിട്ടു കുടിയേറുന്നതും ഒക്കെ കേരളത്തിൽ വൃദ്ധരുടെ വൃദ്ധിയെ ബാധിച്ചിട്ടുണ്ട്.
പഴയ മണ്ണാണ്..
“പ്രായം ശരീരത്തിനേയുള്ളൂ എനിക്കില്ല” എന്ന് പലരും, പ്രത്യേകിച്ച് പ്രായമായവർ പറഞ്ഞു കേൾക്കാറുണ്ട്.
ശരീരത്തിൽ പ്രായം കാട്ടുന്ന വികൃതികൾ പലതാണ്.
1) വിവിധ അവയവ വ്യവസ്ഥകളുടെ പൊതുവായ പ്രവർത്തനക്ഷമത കുറയുന്നു.
2) അവയവ വ്യവസ്ഥകൾക്ക് അത്യാവശ്യഘട്ടങ്ങളിൽ അധികം പ്രവർത്തിക്കാനുള്ള ക്ഷമത, റിസർവ്, കുറയുന്നു.
3) ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാലൻസ് ചെയ്തു കൊണ്ടുപോകുന്ന തുലനാവസ്ഥയിൽ ചെറിയ താളപ്പിഴകൾ ഉണ്ടാകുന്നു.
4) പലതരം രോഗാവസ്ഥകൾ കൂടുതൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നു.
സഹജമല്ല സഹജരേ..
ആരും വാർദ്ധക്യരോഗ ബാധിതരല്ല. വൃദ്ധരെ ബാധിക്കുന്നത് മിക്കപ്പോഴും ചികിൽസിച്ചു ഭേദമാക്കാവുന്ന രോഗാവസ്ഥകളാണ് .
Immobility (ചലനശേഷിക്കുറവ് )
Instability (അസ്ഥിരത കൊണ്ടുണ്ടാകുന്ന വീഴ്ചകൾ )
Intellectual impairment (ധിഷണാ ശോഷണം -ചുറ്റുപാടുകളെയറിയാനും പ്രതികരിക്കുവാനുമുള്ള ശേഷി കുറയുക )
Incontinence ( അറിയാതെ, നിയന്ത്രിക്കാനാവാതെ വിസർജനം നടക്കുക) എന്നീ നാലു കാരണങ്ങൾ വാർദ്ധക്യ പ്രശ്നങ്ങളിൽ പ്രാധാന്യം അർഹിക്കുന്നു.
ഹൃദ്രോഗം, പക്ഷാഘാതം, മസ്തിഷ്ക-നാഡീവ്യവസ്ഥാരോഗങ്ങൾ, പലതരം അർബുദങ്ങൾ,ദീർഘകാല ശ്വാസകോശ രോഗങ്ങൾ, കാഴ്ചക്കുറവ്, വിവിധ ഗ്രന്ഥികളുടെയും ഇന്ദ്രിയങ്ങളുടെയും പ്രവർത്തനക്കുറവ്, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളൊന്നും വാർധക്യത്തിൽ അസാധാരണമല്ല.
ഇവയ്ക്കൊപ്പം അണുബാധകൾ (infections) , പലതരം മരുന്നുകൾ കഴിക്കുന്നത് കൊണ്ടുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ (iatrogenic ) എന്നിവയും ആരോഗ്യ പ്രശ്നങ്ങൾ തീർക്കുന്നു.
വീഴല്ലേ വീഴല്ലേ..
വാർദ്ധക്യത്തിൽ തുടർച്ചയായുണ്ടാവുന്ന വീഴ്ചകൾ അശ്രദ്ധയോ അപകടമോ ആവാൻ വഴിയില്ല. തലകറക്കം, ബോധക്ഷയം, തുടങ്ങി കൂടുതൽ വൈദ്യ ശ്രദ്ധ അർഹിക്കുന്ന അവസ്ഥകൾ മുതൽ മയക്കമുണ്ടാക്കാവുന്ന മരുന്നുകൾ വരെ പല തരം കാരണങ്ങൾ ഇവയ്ക്കുണ്ടാകാം.
വീഴ്ചയിൽ എല്ലൊടിയുമ്പോൾ ആ ശാരീരിക ക്ഷതത്തിനും വേദനയ്ക്കും പുറമേ, പരാശ്രയം കൂടാതെ സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കാനാവാത്ത അവസ്ഥ പലപ്പോഴും ആത്മവിശ്വാസക്കുറവുമുണ്ടാക്കുന്നു.
പ്രായമേറിയവരിലുണ്ടാവുന്ന ഡെലീറിയം (ബോധാവസ്ഥയിലെ തകരാറുകൾ) പലപ്പോഴും തിരിച്ചറിയാൻ വൈകാറുണ്ട്.
അൽഷൈമേർസ് പോലുള്ള സ്മൃതിനാശരോഗങ്ങൾ ഉണ്ടാക്കുന്ന പരാധീനതയും പരാശ്രയത്വവും വളരെ പ്രയാസമുണ്ടാക്കുന്നതാണ്.
വിഷാദം അടക്കമുള്ള മാനസിക പ്രശ്നങ്ങൾ വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളിൽ പ്രാധാന്യം അർഹിക്കുന്നു. പലപ്പോഴും വേണ്ട രീതിയിൽ തിരിച്ചറിയപ്പെടാത്തതും, ശരിയായ ചികിത്സയും തുടർചികിത്സയും ലഭിക്കാത്തതും കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാറുണ്ട്.
ഒന്നും ചെയ്യാനില്ല… ഒന്നും ചെയ്യേണ്ടതില്ല.?.
ഇതെല്ലാം വാർദ്ധക്യത്തിൽ സഹജമാണ് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്ന മനോഭാവം നിരുത്തരവാദപരവും നിന്ദ്യവുമാണ് . ലളിതമായ ഇടപെടലുകൾക്ക് വലിയ മാറ്റങ്ങൾ വരുത്താനാവും .ഉദാഹരണത്തിന് തിമിര ശസ്ത്രക്രിയയിലൂടെ തിരിച്ചു കിട്ടുന്ന കാഴ്ചശക്തിയിലൂടെ അവർ വീണ്ടെടുക്കുന്നത് ദൃശ്യഭംഗി മാത്രമല്ല, സാമൂഹികമായ ഒറ്റപ്പെടലിൽ നിന്നും ഏകാന്തതയിൽ നിന്നുമുള്ള മോചനവും കൂടിയാണ്. ഉപയോഗിക്കാൻ എളുപ്പമുളള ചലന സഹായി ( walking aid) അവരുടെ ചലനശേഷി മാത്രമല്ല സ്വയംപര്യാപ്തതയും വർധിപ്പിക്കും.
ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന രോഗങ്ങൾ ചികിത്സിക്കുമ്പോൾ രോഗബാധയിൽ നിന്നുള്ള മുക്തി മാത്രമല്ല ജീവിതത്തിന്റെ നിലവാരം വീണ്ടെടുക്കൽ കൂടിയാണ് സാധ്യമാകുന്നത്. നിയന്ത്രണമില്ലാതെ മൂത്രം പോകുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ചികിൽസിച്ച് ഭേദപ്പെടുത്തിയാൽ ശാരീരിക സൗഖ്യം മാത്രമല്ല ആത്മാഭിമാനം കൂടിയാണ് അവർക്ക് വീണ്ടു കിട്ടുന്നത്.
അല്ല, നമുക്കും വയസ്സാവില്ലേ?
പ്രായമാകുമെന്നുറപ്പാണ് . ജീവിച്ചിരുന്നാൽ നാളെ നമ്മളെല്ലാം അങ്ങനെയായി തീരുമെന്ന കാലത്തിന്റെ നീതി.
* ചെറുപ്പത്തിലേ നിക്ഷേപിക്കുക *
സാമ്പത്തിക സ്വാശ്രയത്വം ഒട്ടും അപ്രധാനമായ കാര്യമല്ല. ഇവിടെ പക്ഷേ റിട്ടയർമെൻറ് സ്കീമുകളല്ല ഉദ്ദേശിക്കുന്നത്. ആരോഗ്യ പരിപാലനത്തിന് ചെറുപ്പത്തിലേ സമയം കണ്ടെത്തലാണ്. വാർദ്ധക്യത്തിലേക്കുള്ള വലിയ നിക്ഷേപമാകുമത്.
പുകവലി വർജിക്കുക, ശാരീരികാധ്വാനത്തിലൂടെയും വ്യായാമത്തിലൂടെയും സദാ സജീവമായിരിക്കുക ,ആരോഗ്യദായകമായ സന്തുലിതവും മിതവുമായ ഭക്ഷണം ശീലമാക്കുക, മദ്യപാനം നിയന്ത്രിക്കുക എന്നിവയാണ് ഇതിൽ ഏറ്റവും ലളിതമായത്. വളരെ ചിലവ് കുറഞ്ഞ ആരോഗ്യ രക്ഷാ സ്ട്രാറ്റജിക്ക് ഉദാഹരണമാണ് ഉപ്പ് കുറയ്ക്കുക എന്നത്.
ജീവിതശൈലി പരിഷ്കരണം കൊണ്ട് നിയന്ത്രിക്കാനായില്ലെങ്കിൽ, ശരിയായ ചികിത്സ തേടുക തന്നെ വേണം. രക്താതിസമ്മർദം തടയുക എന്ന ലളിതമായ ഇടപെടൽ മൂലം കുറയുന്നത് ഹൃദയാഘാതം, മസ്തിഷ്കാഘാതം തുടങ്ങിയ രോഗങ്ങളുടെ ഭാവി സാധ്യതയാണ്. ഒരാളുടെ വാർദ്ധക്യം കിടപ്പിലാവണമോ അല്ലയോ എന്ന ചോദ്യത്തോളം വലുതാണ് ആ സാധ്യതകൾ.
സമൂഹം കൂടെക്കൂട്ടുമ്പോൾ..
വീടുകളും ജീവിത പരിസരങ്ങളും വയോജനസൗഹൃദമാക്കുക എന്നത് ഒരു നിർമാണ കല തന്നെയായി വികസിച്ചു വരുന്നു. ഒരു വാക്കറിന് (walker) കടക്കാവുന്ന വലിയ വാതിലുകൾ ; വീഴാതിരിക്കുവാൻ പിടികളുളള, നിലം വഴുക്കാത്ത കുളിമുറികൾ, പടികൾ ഒഴിവാക്കി കിടപ്പുമുറി താഴെയാക്കുക മുതൽ താഴ്ന്ന പടികളുള്ള ബസുകൾ വരെ ഇതിൽ വരുന്നു.
സമ്പാദ്യം, പെൻഷൻ, സാമ്പത്തിക സുരക്ഷാ പദ്ധതികൾ എന്നീ മൂന്ന് ധന സ്രോതസുകളാണ് ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്തു ഒരു വ്യക്തിക്കുണ്ടാവുക. ജീവിതദൈർഘ്യവും അനുബന്ധ രോഗാതുരതയും വർധിച്ചതോടെ ഈ സ്രോതസുകൾ ആയുസൊടുങ്ങുവോളം ജീവിക്കുവാൻ മതിയാവാതെ വരുന്നു.
ജനസംഖ്യ താരതമ്യേന കുറഞ്ഞ ചില വികസിത രാജ്യങ്ങളിൽ മുതിർന്നവരുടെ ജോലിക്ഷമത കണക്കിലെടുത്ത് അവരെ കൂടുതൽ കാലം അധ്വാനവർഗത്തിന്റെ ഭാഗമാക്കുക എന്ന രീതി സ്വീകരിക്കാറുണ്ട്. ചെറുപ്പക്കാരായ തൊഴിലന്വേഷകർ ധാരാളമുളള നമ്മുടെ നാട്ടിൽ അതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. സ്വന്തമായി വീടുണ്ടെങ്കിലും മറ്റ് വരുമാനമാർഗം ഇല്ലാത്ത പ്രായമായവർക്ക്, വീട് ഒരു സാമ്പത്തിക സ്രോതസാകുന്ന ഹോം ഇക്വിറ്റി അല്ലെങ്കിൽ റിവേർസ് മോർട്ട്ഗേജ് ലോണുകൾ നമ്മുടെ നാട്ടിലും പ്രചാരത്തിൽ വരുന്നുണ്ട്.
ഒട്ടു മിക്ക പ്രായമായവരും ശുശ്രൂഷയും ആരോഗ്യരക്ഷയും വീട്ടിൽത്തന്നെ ചെയ്യുവാനാണ് ആഗ്രഹിക്കുന്നത്. വയോജന ശുശ്രൂഷയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ജെറിയാട്രിക് ആരോഗ്യദായകരുടെ എണ്ണം വർദ്ധിക്കുക ഇതിന് അത്യന്താപേക്ഷിതമാണ്. കൂടുതൽ കേന്ദ്രങ്ങളിൽ ഇതിന് പഠനസൗകര്യങ്ങൾ ഒരുക്കുകയും സർക്കാർ തലത്തിൽ തന്നെ സേവനതൽപരരായ മനുഷ്യസ്നേഹികളായ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇതിനായ് മുന്നോട്ട് വരുകയും ചെയ്യുക കാലഘട്ടത്തിന്റെ ആവശ്യമാണ്. ടെക്നോളജി വികസിക്കുന്നതനുസരിച്ച് പ്രായമായവർക്ക് വിദൂരതയിലുള്ള ഡോക്ടറുമായി ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ടെലി ഹെൽത്ത് സങ്കേതങ്ങൾ പുരോഗമിക്കുന്നതും ഗൃഹശുശ്രൂഷ മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രായമായവരോടുള്ള അതിക്രമങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന, തീർത്തും ആശാസ്യമല്ലാത്ത ഒരു പ്രവണതയെക്കുറിച്ചു കൂടി പറയട്ടെ. ഒരു മാസം ചുരുങ്ങിയത് പതിനഞ്ച് വയോധികർ ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഉപേക്ഷിക്കപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. വയോജനങ്ങൾ നാടു നടന്ന വഴി വെട്ടിയവരാണ്. അവരെ കരുതേണ്ടത് നാടിന്റെയും ജനതയുടെയും ഉത്തരവാദിത്തവുമാണ്. ആരോഗ്യത്തോടെയും അഭിമാനത്തോടെയും ജീവിക്കുവാൻ മുതിർന്ന പൗരന്മാർക്കൊപ്പമുണ്ടാവാം നമുക്ക്.