വില്ലൻ ചുമ
“ഡോക്ടർ, ഞങ്ങൾ കള്ളം പറഞ്ഞതാണ്. അവർ രണ്ടുപേർക്കും കുത്തിവയ്പ്പ് എടുത്തിട്ടില്ല!”
വിട്ടുമാറാത്ത ചുമ, എന്നാൽ വലിയ പനിയോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. ഇതായിരുന്നു 8 മാസവും 4 വയസ്സും പ്രായമുള്ള ആ സഹോദരങ്ങളുടെ അസുഖം. 3 – 4 ദിവസം വീട്ടിൽ പോയി മരുന്ന് കഴിച്ചിട്ടും കുറവില്ല. അതിനാലാണ് അവരെ അഡ്മിറ്റ് ചെയ്തത്. അപ്പോൾ ചുമ തുടങ്ങിയിട്ട് മൂന്നാഴ്ച്ച ആയിരുന്നു.
കുത്തിവയ്പ്പ് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, എല്ലാം തലകുലുക്കി സമ്മതിച്ചു, ആ മാതാപിതാക്കൾ.
അഡ്മിറ്റ് ആയി മൂന്നാം ദിവസം. രോഗത്തിന് ചെറിയ മാറ്റം മാത്രം, രാത്രിയിൽ അധികം ചുമക്കുന്നുണ്ട്. റൗണ്ട്സിനിടയിൽ അവനെ കണ്ടു കഴിഞ്ഞു മറ്റൊരു കുട്ടിയെ നോക്കുമ്പോഴാണ് അവന്റെ ചുമ കേട്ടത്. വളരെ നീണ്ട ഒരു ചുമ.
മുന്നോട്ടുവളഞ്ഞ്, നാക്കും കണ്ണും പുറത്തേക്കു തള്ളി, ഒറ്റശ്വാസത്തിൽ കുറെയധികം ചുമച്ചു വില്ലുപോലെ ആയ കുട്ടി, പ്രത്യേക ശബ്ദത്തിൽ ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചു. ഒരിക്കൽ കൂടി അങ്ങനെ ചെയ്ത കുട്ടി അതിനുശേഷം തികച്ചും സാധാരണ നിലയിൽ, കളിച്ചു തുടങ്ങി.
തൊണ്ണൂറുകൾക്ക് ശേഷം ഇതത്യപൂർവ്വ സംഭവമാണ്. ഈ കാലത്ത് കണ്ടിട്ടുള്ള ചുമകളിൽ ഏറ്റവും ഭീകരം ആയിരുന്നു അത്. എന്നാൽ വീഡിയോകളിൽ മാത്രം കണ്ടിരുന്ന ഒന്ന്: വില്ലൻചുമ (Pertussis/Whooping Cough) !!!
ഒന്നുകൂടെ ചോദിച്ചു: “കുത്തിവയ്പ്പ് എല്ലാം എടുത്തിട്ടുണ്ടോ, ഇവർക്ക്?”
“ഉണ്ട് ഡോക്ടർ” ആ അമ്മയ്ക്ക് ഈ കഷ്ടപ്പാടിന്നിടയിലും ഉത്തരം മാറ്റാൻ മനസ്സുവന്നില്ല.
സംശയം ശക്തമാവുകയാണ്, കുട്ടികൾക്ക് വില്ലൻചുമ ആണോ എന്ന് ഉറപ്പിക്കാൻ വേണ്ട പരിശോധനകൾ ചെയ്യാൻ ഏൽപ്പിച്ചു. ജില്ലയിലും, പകർച്ചവ്യാധി നിയന്ത്രണ സെല്ലിലും വിളിച്ചു വസ്തുതകൾ അറിയിച്ചു.
അതിനുശേഷം ഓ പി യിലേക്ക് നടക്കുകയായിരുന്നു. പിന്നിൽ നിന്ന് ഒരു വിളി: “സർ!”
ആരെയോ ഭയക്കുന്ന പോലെ ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ആ കുട്ടിയുടെ അമ്മ. “ഡോക്ടർ, ഞങ്ങൾ കള്ളം പറഞ്ഞതാണ്. അവർക്ക് രണ്ടുപേർക്കും കുത്തിവയ്പ്പ് കൃത്യമായി എടുത്തിട്ടില്ല!”
പ്രതിരോധകുത്തിവയ്പ്പ് മുടക്കുന്ന മാതാപിതാക്കളെ വളരെയധികം ശകാരിക്കുന്ന ഒരാളായിരുന്നു. എന്നാൽ ആ നിമിഷം, ഒന്നു മാത്രം പറഞ്ഞു: “ഞാൻ എന്തുകൊണ്ടാണ് നിങ്ങളെ വഴക്കു പറയാത്തത് എന്ന് എനിക്കുതന്നെ മനസ്സിലാവുന്നില്ല. സാരമില്ല. നമുക്കു നോക്കാം..” തങ്ങളുടെ വലിയ തെറ്റിന് ആ മാതാപിതാക്കൾക്ക് വേണ്ട ശിക്ഷ കിട്ടിക്കഴിഞ്ഞു എന്നതിനാലാണോ ആവോ. പക്ഷെ പാവം കുട്ടികൾ; അവർ എന്തുപിഴച്ചു?
പിന്നെ എല്ലാം വേഗത്തിലായിരുന്നു. കുട്ടികളുടെ രക്തം പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ഒരാഴ്ച്ചയ്ക്കുശേഷം ഫലം വന്നു: പോസിറ്റിവ്.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അസുഖം കുറഞ്ഞതിനെ തുടർന്ന് കുട്ടികളെ ഡിസ്ച്ചാർജ് ചെയ്തു.
ഒരാഴ്ചമുൻപ് ആ കുട്ടികൾ വീണ്ടും ഓ പി യിൽ വന്നു. ചുമ ഇനിയും പൂർണ്ണമായി മാറിയിട്ടില്ല. ദിവസേന 1 – 2 പ്രാവശ്യം ഇപ്പോഴും ഉണ്ട്, ഇളയ കുട്ടിക്ക്. എന്നാൽ കാഠിന്യം ഏറെ കുറഞ്ഞിരിക്കുന്നു.
ഇപ്പോൾ ഒന്നര മാസമായി. വില്ലൻ തന്നെ, ഈ ചുമ!
എന്താണീ വില്ലൻചുമ ? ആരാണ് വില്ലൻ ?
ചൈനയിൽ “നൂറുദിന ചുമ” എന്നാണ് വില്ലൻചുമയെ വിളിക്കുന്നത്. മലബാറുകാർ തൊണ്ണൂറാം ചുമ എന്നും വിളിക്കും. ബോർഡറ്റെല്ല പെർട്ടൂസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു തരം ചുമയാണിത്. നേരിയ പനിയും മൂക്കൊലിപ്പും ആയി തുടക്കത്തിൽ ഒരു ജലദോഷപ്പനി ആയി തോന്നുന്ന കുട്ടിയുടെ ചുമയുടെ ശൈലി മെല്ലെ മാറി വരും. ഗുരുതരമാകുന്ന അവസരത്തിൽ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ വലിയ ഒച്ചയുണ്ടാകുന്നു; ഏതാണ്ട്കോഴി കൂവുന്നതുപോലെ ഉച്ചത്തിലുള്ള ശബ്ദം. ശർദ്ദിക്കുകയും ശരീരം നീലക്കുകയും ചെയ്യാം. അതിനാൽ “കൊക്കക്കുര” എന്നും വിളിക്കും.
ഇത്ര ഭീകരനായിട്ടും ഈയിടെയായി നമ്മളാരും എന്താ ഇവനെ കാണാത്തത് ?
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇതിനെതിരെ കുത്തിവെപ്പുകൾ വന്നു . ആദ്യം വന്നത് ഡിഫ്ത്തീരിയക്കെതിരെ ,തൊള്ളായിരത്തി പതിനൊന്നിൽ. അത് കഴിഞ്ഞു പത്തു വര്ഷം ആവുമ്പോഴേക്കും ടെറ്റനസ്സിനും പിന്നെ കൊക്കക്കൊ രക്കും എതിരെ കുത്തിവെപ്പുകൾ എത്തി അവ മൂന്നും സംയോജിപ്പിച്ചു DPT (.ട്രിപ്പിൾ വാക്സിൻ ) വന്നത് നാല്പതുകളിൽ . തൊള്ളായിരത്തി അറുപതു ആവുമ്പോഴേക്കും പടിഞ്ഞാറൻ രാജ്യങ്ങളിൽ പലതും ഈ മൂന്നു പകർച്ച വ്യാധികളിൽ നിന്നും ഏകദേശം മുക്തം ആയിരുന്നു . .
ആയിരത്തി തൊള്ളായിരത്തി എഴുപത്തി എട്ടിൽ ആണ് ഇന്ത്യയിൽ ഈ കുത്തി വെപ്പ് തുടങ്ങിയത് .തൊണ്ണൂറുകൾ ആവുമ്പോഴേക്കും ഈ മൂന്നു അസുഖങ്ങളും ഇവിടെ തീരെ ഇല്ലാത്ത അവസ്ഥ ആയിരുന്നു .മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഒരു കേസ് കാണിച്ചു കൊടുക്കാൻ പോലും ഇല്ലാത്ത അവസ്ഥ ആ അവസ്ഥക്ക് മാറ്റം വന്നത് ഈയിടെ
1980-ൽ ലോകത്താകമാനം 20 ലക്ഷം പേർക്ക് വില്ലൻചുമ പിടിപെട്ടിരുന്നുവെങ്കിൽ 2015-ൽ അത് മൂന്ന് ലക്ഷത്തിൽ താഴെ മാത്രമാണ്.
1987-ൽ ഇന്ത്യയിൽ ആകെ 1,63,000 പേർക്ക് വില്ലൻചുമ ബാധിച്ചിരുന്നുവെങ്കിൽ 2015-ൽ അത് 25,206 പേർക്ക് മാത്രമാണ് ബാധിച്ചത്.
എങ്ങിനെ പകരും ?
രോഗബാധയുള്ള മനുഷ്യരിൽ നിന്നുമാത്രമേ രോഗം പകരുകയുള്ളൂ. രോഗി മൂക്കുചീറ്റുമ്പോളും തുമ്മുമ്പോളും ചുമക്കുമ്പോളും ചിലപ്പോൾ സംസാരിക്കുമ്പോളും ബാക്ടീരിയ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാം.
സ്കൂളിൽ പോകുന്നതിന് മുൻപുള്ള കുട്ടികളിലാണ് കൂടുതലും കാണുക, അതായത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ. ആറുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളിലാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്.
ഏതൊക്കെ കാലത്താണ് അസുഖം പടരുക ?
തണുപ്പുകാലത്തും വസന്തകാലത്തുമാണ് കൂടുതൽ കേസുകൾ കാണപ്പെടുന്നത്. തിങ്ങിഞെരുങ്ങി താമസിക്കുന്നവരിലും താഴ്ന്ന ജീവിതനിലവാരമുള്ളവരിലും ആണ് കൂടുതൽ അസുഖബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അണുക്കൾ ശരീരത്തിലെത്തിയത്തിന് ശേഷം ഏഴുമുതൽ പതിനാല് ദിവസങ്ങൾക്കുള്ളിൽ സാധാരണയായി രോഗലക്ഷണങ്ങൾ ആരംഭിക്കും.
മൂക്കുമുതൽ ശ്വാസനാളിവരെയുള്ള ഭാഗങ്ങളിലാണ് ബാക്റ്റീരിയയുടെ ആവാസവ്യവസ്ഥ. അവിടെ അവർ പെരുകുന്നു. അങ്ങനെ അവിടെയുള്ള കോശങ്ങളിൽ നീർവീക്കവും കോശമരണങ്ങളും സംഭവിക്കുന്നു.
രോഗലക്ഷണങ്ങൾ:
തികച്ചും അവ്യക്തമായ രോഗലക്ഷണങ്ങൾ ആണ് ആദ്യ 1-2 ആഴ്ച്ചയിൽ കാണപ്പെടുന്ന Catarrhal stage-ൽ ഉണ്ടാവുക. ചെറിയ പനി, മൂക്കൊലിപ്പ്, തുമ്മൽ, കണ്ണുകളിലെ ചുവപ്പുനിറം, അധികമായുള്ള കണ്ണീർ എന്നിവ മാത്രമേ ഉണ്ടാവുകയുള്ളൂ. ചുമ ഈ അവസ്ഥയിൽ പ്രകടമാകുന്നില്ല.
ഇതിനുശേഷം ഉള്ള paroxysmal stage 2-6 ആഴ്ച നീണ്ടുനിൽക്കുന്നു. ഈ അവസ്ഥയുടെ തുടക്കത്തിൽ, വിട്ടുവിട്ടു വരുന്ന ഉണങ്ങിയ ചുമ ആയാണ് അസുഖം വെളിപ്പെടുക. ക്രമേണ ചുമയുടെ ആവൃത്തിയും കാഠിന്യവും വർധിക്കുന്നു. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കളിക്കുന്ന കുട്ടി, ചുമ തുടങ്ങുന്നതിനു തൊട്ടുമുൻപ് തന്റെ രക്ഷകർത്താവിന്റെയോ അടുത്തുള്ള മുതിർന്നവരെയോ ഒട്ടിനിൽക്കുന്നു. അതിനുശേഷം ഒറ്റ ശ്വാസത്തിൽ കുറെയധികം പ്രാവശ്യം ശക്തമായി ചുമക്കുന്ന കുട്ടി, അതോടൊപ്പം ശരീരം മുന്നോട്ട് വില്ലുപോലെ വളയുകയും, നാവ് വളരെയധികം പുറത്തേക്ക് നീട്ടുകയും ചെയ്യുന്നു. കണ്ണുകൾ പുറത്തേക്ക് തള്ളുകയും, അധികമായി കണ്ണീർ ഉണ്ടാവുകയും ചെയ്യും. മുഖത്തിന് നീലനിറം ആവാൻ സാധ്യതയുണ്ട്. ചുമയുടെ അവസാനം, കുട്ടി “ഹൂപ്പ്” എന്ന ശബ്ദത്തോടെ വായു ഉള്ളിലേക്ക് എടുക്കുന്നു. ചുമയുടെ കഠിന്യത്തിൽ കുട്ടി തീരെ അവശനാവുകയും, മിക്കവാറും അവസരങ്ങളിൽ ഛർദ്ദിക്കുകയും ചെയ്യുന്നു. അടുത്ത ഒരാഴ്ച്ച കൊണ്ട്, ചുമയുടെ കാഠിന്യം വർദ്ധിച്ച് അതിന്റെ ഉച്ചസ്ഥായിൽ എത്തുകയും, വീണ്ടും ഒരാഴ്ചയോളം ആ സ്ഥിതി തുടരുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ, ഒരു മണിക്കൂറിൽ ഒന്നോ അതിലധികമോ പ്രാവശ്യം ഇതേ ചുമ ആവർത്തിക്കപ്പെടുന്നു.
ഇതിനുശേഷം കാണുന്ന convalescent stage ഇൽ, മേൽപ്പറഞ്ഞ കാഠിന്യം ക്രമേണ 2-3 ആഴ്ച്ചകൊണ്ട് കുറഞ്ഞ് ഇല്ലാതാവുന്നു. ചുമയുടെ കാഠിന്യം മൂലം കണ്ണുകളിലും നെഞ്ചിലും തലയിലും ഉള്ള തൊലിപ്പുറമേയും രക്തസ്രാവം മൂലമുള്ള ചുവന്ന പാടുകൾ കാണപ്പെടുന്നു.
3 മാസം പ്രായമാവുന്നതിനു മുൻപ് വില്ലൻചുമ ബാധിച്ചാൽ രോഗലക്ഷണമായി ചുമയേക്കാൾ അധികം പെട്ടെന്ന് ശ്വാസം നിന്ന് പോവുന്ന സ്ഥിതി ഉണ്ടാകുന്നു. ഇത് കൂടുതൽ മാരകമാണ്. ആ പ്രായത്തിൽ വരുന്ന അസുഖം, മേൽപ്പറഞ്ഞതിൽ കൂടുതൽ കാലം നീണ്ടുനിൽക്കാം.
ചുമയോടൊപ്പം പനി, ശബ്ദത്തിലുള്ള മാറ്റം, ശ്വാസതടസ്സ ലക്ഷണങ്ങൾ എന്നിവ ഈ അസുഖത്തിൽ പ്രകടമായിരിക്കില്ല.
രോഗനിർണ്ണയം:
ലാബ് പരിശോധനയിലൂടെയുള്ള രോഗനിർണ്ണയം വില്ലൻ ചുമയിൽ വളരെ പ്രയാസമുള്ളതാണ്. പ്രത്യേക കൾച്ചർ മീഡിയത്തിൽ തൊണ്ടയിൽ നിന്നുള്ള സ്രവം എടുത്ത് പരിശോധിക്കുന്നതാണ് ഏറ്റവും കൃത്യമായ വഴി. രക്തത്തിൽ ഈ അണുവിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തുന്നതും മറ്റൊരു വഴിയാണ്.
ചികിത്സ:
രോഗത്തിന്റെ അവസ്ഥയും കാഠിന്യവും അനുസരിച്ച് കുട്ടിയെ ആശുപത്രിയിൽ കിടത്തിയോ വീട്ടിൽ വിട്ടോ ചികിൽസിക്കാം. തീരെ ചെറിയ കുട്ടികളെ കിടത്തി ചികിൽസിക്കുന്നതാണ് അഭികാമ്യം.
രോഗാവസ്ഥ സങ്കീർണ്ണതകളിലേക്ക് പോകാതെ തടയുക എന്നതും, രോഗത്തിന്റെ സ്വാഭാവികമായ അവസ്ഥകളെക്കുറിച്ച് മാതാപിതാക്കളുടെ അവബോധവും ചികിത്സയിൽ വലിയ പങ്കുവഹിക്കുന്നു.
നേരത്തെ തുടങ്ങിയാൽ വായിലൂടെ കൊടുക്കുന്ന ആന്റിബയോട്ടിക് മരുന്നുകൾ കൊണ്ട് തന്നെ അസുഖത്തിന്റെ പകർച്ച തടയാനും രോഗകാഠിന്യം കുറക്കാനും സാധിക്കും.
കുട്ടികളുടെ ആഹാരത്തെ കുറിച്ചൊരു വാക്ക്:
ഇരുപത്തി നാല് മണിക്കൂറും ഇടവിട്ട് ഇടവിട്ട് ചുമക്കുന്ന കുഞ്ഞിന് ആവശ്യമായ എനർജി കൊടുക്കുന്ന ആഹാരം ഉള്ളിൽ ചെല്ലാത്തതിനാൽ ദിവസങ്ങൾ കൊണ്ട് തന്നെ എല്ലും തോലും ആയി പോഷകാഹാര കുറവിലേക്കു കൂപ്പു കുത്തുന്നത് പതിവായി കാണുന്ന കാഴ്ചയാണ്. വില്ലൻ ചുമയുള്ള കുട്ടികൾക്ക് ഒരു നീണ്ട ചുമ കഴിഞ്ഞ ഉടനെ ആഹാരം കൊടുക്കുക. ഇത്തിരി നേരത്തേക്ക് ചുമ്മക്കൊരു ഇടവേള കിട്ടും. ആ സമയം ആഹാരം നൽകാനുപയോഗിക്കണം.
സങ്കീർണ്ണതകൾ:
വില്ലൻചുമ ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ വളരെ കഠിനമാകാനും മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ട്. ചുമയുടെ കാഠിന്യം മൂലം തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുന്നത് മരകമായേക്കാം. അതോടൊപ്പം കണ്ണിലും തൊലിപ്പുറമേയുമുള്ള രക്തസ്രാവം, ഹെർണിയ, ശ്വാസകോശത്തിനു ക്ഷതം ഉണ്ടായി വായു പുറത്തേക്കു പോകുന്ന ന്യൂമോതൊറാക്സ് എന്ന അവസ്ഥ എന്നിവ ഉണ്ടാകാം. ചുമയുടെ ആവൃത്തിയും കാഠിന്യവും വളരെ അധികമാകുന്ന രോഗികളെ വെന്റിലേറ്ററുടെ സഹായത്താൽ ചികിൽസിക്കേണ്ടി വരാം.
പ്രതിരോധം:
വില്ലൻചുമയ്‌ക്കെതിരേ ഫലപ്രദമായ വാക്സിൻ വിപണിയിലും, ആരോഗ്യവകുപ്പിന്റെ യൂണിവേഴ്സൽ ഇമ്മ്യൂനൈസേഷൻ പ്രോഗ്രാമിലും ലഭ്യമാണ്. പെന്റാവാലെന്റ്, DPT, DTap, Tdap എന്നിയവയാണ് ഉള്ളത്. ആദ്യം പറഞ്ഞ രണ്ടു വാക്സിനുകൾ സർക്കാർ ആരോഗ്യവകുപ്പ് മുഖേന ലഭ്യമാക്കുന്നു. Tdap മുതിർന്നവരിലും, ബാക്കി മൂന്നെണ്ണം കുട്ടികളിലുമാണ് ഉപയോഗിക്കുന്നത്. DPT വാക്സിനിലെ വില്ലൻചുമക്കെതിരെ പ്രതിരോധം നൽകുന്ന ഘടകം ആയ ഈ “പെർട്ടൂസിസ്” ഭാഗം അപൂർവമായി അപസ്മാരം പോലെയൊരു ലക്ഷണം സൃഷ്ടിക്കാം. ഭയക്കേണ്ടതില്ല, എങ്കിലും കുട്ടികൾകളുടെ ഡോക്ടറെ കാണിക്കണം. അങ്ങനെയുള്ളവർ ഭാവിയിൽ എസെല്ലുലാർ പെർട്ടൂസിസ് വാക്സിൻ സ്വീകരിക്കുന്നതാകും നന്ന്. ഈ പ്രത്യേക വാക്സിനിൽ വില്ലൻ ചുമയുടെ രോഗാണുവിന്റെ ഘടകങ്ങൾ മാത്രം എടുത്ത് പ്രതിരോധത്തെ ഉദ്ധീപിപ്പിക്കുകയാണ്. അത് ഒരു പരിധി വരെ ഇത്തരം സങ്കീർണ്ണതകൾ കുറക്കും. ഒരു കാര്യം മാത്രം; ഒരു പാട് വില കൂടുതൽ, മാത്രവുമല്ല ഇങ്ങനെ ഉണ്ടാവില്ല എന്ന് തീർത്തും പറയാനുമാവില്ല.
രസകരമായ ചില കാര്യങ്ങൾ:
വില്ലൻ ചുമക്കും അപരന്മാരുണ്ട്. അത്രയൊന്നും സാധാരണമല്ല എങ്കിലും മറ്റു ചില അണുക്കളും ഇതേ പോലെ ചുമ ഉണ്ടാക്കാറുണ്ട്. മൈക്കോപ്ലാസ്മാ, അഡിനോ വൈറസ് വകുപ്പിൽ പെട്ടവ, പിന്നെ അപൂർവം കേസുകളിൽ ശ്വാസനാളിയിലേക്ക് ഫോറിൻ ബോഡി (കപ്പലണ്ടി) കയറിച്ചെന്നാലും ഇത്തരം ചുമ ഉണ്ടായേക്കാം. ഒരേപോലെ ലക്ഷണങ്ങൾ കാണിക്കുമെങ്കിലും മെഡിക്കല്‍ പരിശോധനയിലൂടെ ഇവരെ വേര്‍തിരിച്ചറിയാം. ചികിത്സയും വ്യത്യസ്തം. അതിനാൽ യഥാസമയം ശരിയായ ചികിത്സ തേടാൻ മടിക്കരുത്.