ലോകാരോഗ്യ ദിനം 2020 “നഴ്‌സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പിന്തുണ “
ലോകം മുഴുവൻ ഇന്നൊരു ആശുപത്രിയാണ്. നിറഞ്ഞു കവിയുന്ന രോഗികളും അവർക്ക് പിന്നാലെ ഓടിനടന്ന് നട്ടം തിരിയുന്ന ആരോഗ്യപ്രവർത്തകരും, ഇവരെയെല്ലാം പറ്റി ആശങ്കപ്പെട്ടിരിക്കുന്ന കുറെ മനുഷ്യന്മാരും മാത്രമുള്ള ഒരാശുപത്രി. നമ്മളൊന്നടങ്കം ഒരു മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്.
ഇന്ന് ഏപ്രിൽ 7- ലോകാരോഗ്യ ദിനം.
ജീവനും ആരോഗ്യവും കഴിഞ്ഞു മാത്രമേ മനുഷ്യജീവിതത്തിൽ മറ്റെന്തും പ്രാധാന്യമർഹിക്കുന്നുള്ളൂ എന്നു വിളിച്ചു പറയുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്.
ഇത്തവണത്തെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യദിന സന്ദേശം ഇതാണ് – ‘നഴ്സുമാരെയും പ്രസവശുശ്രൂഷകരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും പിന്തുണയ്ക്കുക’. ഇന്നത്തെ കാലത്തെ ഏറ്റവും ഉചിതമായ സന്ദേശം.
ഇന്നലെ മുംബൈയിൽ നിന്ന് നാം കേട്ട വാർത്ത, ഈ സന്ദേശത്തിൻ്റെ കാലിക പ്രസക്തി വിളിച്ചോതുന്നു. ഡ്യൂട്ടി സ്ഥലത്ത് വേണ്ട സുരക്ഷാ മുൻകരുതലുകളെടുക്കാത്തതു കൊണ്ടും, അശാസ്ത്രീയ നടപടികൾ കൊണ്ടും അമ്പതോളം നഴ്സുമാർ കോവിഡ് ബാധിതരായെന്ന ഈ വാർത്ത ശരിയെങ്കിൽ അത്യന്തം ഖേദകരമാണ്.
അടിയന്തിരമായി അന്വേഷിക്കേണ്ട വിഷയം! സത്യമുണ്ടെന്ന് കണ്ടെത്തിയാൽ രാജ്യത്തൊരിടത്തും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ശക്തമായ നടപടികളുണ്ടാവണം. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യവും, ജീവനും സംരക്ഷിക്കണം. N95 മാസ്ക്, PPE (Personal Protective Equipments) പോലുള്ള സുരക്ഷാ ഉപാധികളുടെ ലഭ്യത ഉറപ്പു വരുത്തണം.
ലോകാരോഗ്യ സംഘടന പറയുന്നത്,
ലോകത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ആരോഗ്യ പ്രവർത്തകർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കുന്നതിനുള്ള ദിവസമാണിന്ന് എന്നാണ്.
കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ, മുൻനിര പോരാളികളാണ് നഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകരും. രോഗീപരിചരണം, ചികിത്സ, ആശയ വിനിമയം,തുടങ്ങി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും, പഠനങ്ങൾക്ക് വിവരശേഖരണത്തിനും വരെ ഇവർ നൽകുന്ന സേവനങ്ങൾ നിസ്തുലമാണ്. ലോകാരോഗ്യ സംഘടനയും അതിന്റെ പങ്കാളികളും നഴ്സിംഗ്, മിഡ്‌വൈഫറി തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിന് നിരവധി ശുപാർശകൾ നൽകുന്നുണ്ട്.
ലോകാരോഗ്യ സംഘടനയ്ക്കോ സർക്കാരിനോ മാത്രമല്ല, കോവിഡ്-19 പശ്ചാത്തലത്തിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കാൻ പൊതു സമൂഹത്തിനുമുണ്ട് ബാധ്യത. അവർക്കുവേണ്ടി കൈയടിക്കുകയും കവിതയെഴുതുകയും മാലാഖയാക്കി മഹത്വവൽക്കരിക്കുന്നതിനുമപ്പുറം എന്താണ് പൊതുസമൂഹം ചെയ്യേണ്ടത്…?!
ആരോഗ്യ പ്രവർത്തകരോടുള്ള വിവേചനം അരുത്…
കേരളത്തിൽ ഇത്തരം പല അനുഭവങ്ങളും, വാർത്തകളും നമ്മൾ വായിച്ചുകാണും. ഡോക്ടറായാലും നഴ്സാണെങ്കിലും നേഴ്സിംഗ് അസിസ്റ്റൻറ് ആണെങ്കിലും ആശുപത്രിയിലെ മറ്റു ജീവനക്കാർ ആണെങ്കിലും വാടകവീടുകൾ നിന്നും ഇറക്കിവിടുന്ന സംഭവങ്ങൾ, അവരോട് ശത്രുക്കളെപ്പോലെ പെരുമാറുന്ന സംഭവങ്ങൾ തുടങ്ങി ധാരാളം പ്രശ്നങ്ങൾ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.
ഈ ആരോഗ്യപ്രവർത്തകർ ഉള്ളതു കൊണ്ടാണ് തങ്ങൾക്ക് ആരോഗ്യത്തോടെയും സുരക്ഷിതരായിട്ടും വീടുകളിലിരിക്കാൻ കഴിയുന്നതെന്ന് പൊതുസമൂഹത്തിന് ബോധ്യമുണ്ടാവണം. ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം ചോരുന്ന ഇത്തരം പ്രവർത്തികൾ ഒന്നും തന്നെ പൊതുസമൂഹത്തിൽ നിന്നുണ്ടാവാതിരിക്കുന്നതാണ് ഉചിതം. അവരോട് കാണിക്കുന്ന വിവേചനത്തിന് ചിലപ്പോൾ സമൂഹം വലിയ വില കൊടുക്കേണ്ടി വരും.
ആരോഗ്യ പ്രവർത്തകർ നൽകുന്ന സന്ദേശങ്ങൾ കൃത്യമായി പാലിക്കുക, അവരോട് സഹകരിക്കുക.
ആരോഗ്യ പ്രവർത്തകരും ആരോഗ്യവകുപ്പും നൽകുന്ന സന്ദേശങ്ങൾ പാലിക്കാൻ ഒരു ചെറിയ വിഭാഗം ആൾക്കാർക്കെങ്കിലും വലിയ വിമുഖതയാണ്. മാത്രമല്ല അവരെ ആട്ടിയോടിക്കുന്ന വിധത്തിലുള്ള പെരുമാറ്റങ്ങളും പലസ്ഥലങ്ങളിലും കാണുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ അവരുടെ സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയല്ല, നമ്മുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ കാര്യങ്ങളൊക്കെ ചെയ്യുന്നതും വീണ്ടും വീണ്ടും പറയുന്നതും എന്നുള്ള ചിന്ത നമുക്ക് ഓരോരുത്തർക്കും ഉണ്ടാകേണ്ടതാണ്.
അവരുടെ ജോലി ഭാരം കുറയും നിങ്ങൾ സുരക്ഷിതരായിരുന്നാൽ.
ആരോഗ്യ മേഖല കണ്ണിമചിമ്മാതെ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പരിധി കഴിഞ്ഞാൽ എല്ലാവരും പരിക്ഷീണിതരാവും. അങ്ങനെയൊരു അവസരത്തിൽ കാര്യങ്ങൾ ഇന്നത്തെപോലെ ലളിതമായിരിക്കില്ല. പിന്നെ മുന്നോട്ടുള്ള യാത്ര കാലൊടിഞ്ഞ കാളയെ പൂട്ടിയ കാളവണ്ടിയിൽ യാത്ര ചെയ്യുന്നത് പോലെ ആയിരിക്കും. ആരോഗ്യ പ്രവർത്തകർക്ക് ജോലിഭാരം കുറച്ചു കൊടുക്കുക എന്നുള്ളത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കടമയാണ്. അതിനുവേണ്ടിയാണ് നിരന്തരം സാമൂഹിക അകലത്തിൻ്റെയും വ്യക്തിശുചിത്വത്തിൻ്റെയും പ്രാധാന്യത്തെപ്പറ്റി ഇങ്ങനെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നത്. ‘നിങ്ങൾ സുരക്ഷിതരായിരിക്കൂ, ബാക്കി ഞങ്ങൾ നോക്കാം’ എന്നതാണ് ആരോഗ്യപ്രവർത്തകരുടെ ആപ്തവാക്യം.
നിങ്ങൾ ആരോഗ്യവാന്മാരായിരിക്കൂ.
നമ്മൾ സ്വയം നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ വേണ്ടത് ചെയ്യുകയും, പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങൾ ഉള്ളവരാണെങ്കിൽ കൃത്യമായി മരുന്നു കഴിച്ചു നിയന്ത്രിക്കുകയും, വ്യായാമം ചെയ്യുകയും,ഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്താൽ, അതു നമ്മളോട് മാത്രമല്ല, ആരോഗ്യപ്രവർത്തകരോടും ചെയ്യുന്ന നല്ലൊരു പ്രവർത്തിയാണ്. ആശുപത്രികളിലെ തിരക്ക് അത്രയും കുറഞ്ഞു കിട്ടും.
അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക
ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ആശുപത്രികളിൽ പോവുക. രോഗി സന്ദർശനത്തിനു വേണ്ടി ആശുപത്രിയിൽ പോകാതിരിക്കുക.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
തികച്ചും അശാസ്ത്രീയമായതും ശാസ്ത്രം എന്നു തോന്നിപ്പിക്കുന്നതുമായ വ്യാജവാർത്തകൾ മൂലം ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്. വാട്സാപ് മെസ്സേജുകളായും വീഡിയോകളായും അനുഭവ സാക്ഷ്യങ്ങളെന്ന പേരിലും എത്തുന്ന അത്തരം വാർത്തകൾ പൊതു ജനാരോഗ്യത്തിനു തന്നെ തുരങ്കം വയ്ക്കുന്നുണ്ട് . ആരോഗ്യപ്രവർത്തകർ അതിനു മറുപടി പറഞ്ഞും അതിൻ്റെ പരിണിതഫലങ്ങൾക്ക് പരിഹാരം കണ്ടും അവരുടെ സമയം ഒരുപാട് നഷ്ടപ്പെടുന്നുണ്ട്.
ശരിയായ വിവരങ്ങൾക്ക് ലോകാരോഗ്യ സംഘടന (WHO) , സി.ഡി.സി (CDC) പോലുള്ളവരുടെ വെബ്സൈറ്റ് ഫോളോ ചെയ്യുക . കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകളുടെയും, അധികാരികളുടെയും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുക. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന രീതിയിൽ ശാസ്ത്രീയ വിവരങ്ങൾ ലളിതമായി പൊതു സമക്ഷം എത്തിക്കാൻ ഇൻഫോ ക്ലിനിക് പേജും ശ്രമിക്കുന്നുണ്ട്, വായിക്കണമെന്ന് അപേക്ഷ.
ഭൗതിക സാഹചര്യങ്ങളുടെ അഭാവം മാത്രമല്ല, കൃത്യമായ സേവന വേതന വ്യവസ്ഥകൾ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഇപ്പോഴും നമ്മുടെ നാട്ടിൽ ലഭിക്കുന്നില്ലെന്നതാണ് സത്യം.
ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി സാമൂഹിക സുരക്ഷാ പദ്ധതികളും നമ്മുടെ നാട്ടിൽ പരിമിതമാണ്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ. ജോലിക്കിടയിൽ അവർക്ക് രോഗികളിൽ നിന്ന് ജീവിതകാലം മൊത്തം ചികിത്സ തേടേണ്ട രോഗാണുബാധകൾ ഉണ്ടാകാം, അതൊക്കെ കാരണം ചിലപ്പോൾ മരണം വരെ സംഭവിക്കാം. ഇത്തരം ഘട്ടങ്ങളിൽ അവർക്കും അവരുടെ ആശ്രിതർക്കും താങ്ങാവുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതി കൂടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
നഴ്സുമാരുടെയും പ്രസവശുശ്രൂഷകരുടെയും പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും അവരുടെ ഉന്നമനത്തിനു വേണ്ടിയും അവരെ പിന്തുണയ്ക്കുന്നതിനു വേണ്ടിയും ശബ്ദമുയർത്താൻ ഈ ദിനം തിരഞ്ഞെടുത്ത ലോകാരോഗ്യസംഘടനയുടെ തീരുമാനത്തെ അത്യന്തം ശ്ലാഘിക്കുന്നു.
കഴിഞ്ഞ നിപ്പാകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ സിസ്റ്റർ ലിനിയെപ്പോലുള്ളവരെ ഓർക്കുവാനും, ഈ കോവിഡ് കാലത്ത്, ലോകത്തങ്ങോളമിങ്ങോളം രോഗീപരിചരണത്തിനു വേണ്ടി പരിശ്രമിക്കുന്ന നഴ്‌സുമാരുടെ പ്രവർത്തനങ്ങളെ ആദരിക്കുവാനും ഈ ദിനത്തിൽ സാധിക്കണം.
ആരോഗ്യമുള്ള ഒരു ജനത ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തിന്റെ വികസനം പൂർണമാവുകയുള്ളൂ. വൈറസ് ബാധ പോലുള്ള അസാധാരണ ഘട്ടങ്ങളിൽ നമ്മുടെ കൂട്ടായ, വിവേകപൂർവ്വമായ പ്രവർത്തനങ്ങൾ കൊണ്ട് വേണം ജീവനും ആരോഗ്യവും നിലനിർത്തേണ്ടത്. ഈ ആരോഗ്യദിനത്തിൽ നമ്മളഭിമുഖീകരിക്കുന്നതും ഒരു യുദ്ധമാണ്. അത് അതിർത്തികൾ പിടിച്ചെടുക്കാനുള്ളതോ, പണവും പ്രതാപവും നേടാനുള്ളതോ അല്ല . മറിച്ചു ജീവിക്കാനും, ആരോഗ്യത്തോടെ ഇരിക്കാനും, ജയിക്കാനും മാത്രമായുള്ള യുദ്ധമാണിത്….
ആ യുദ്ധത്തിലെ മുന്നണി പോരാളികളായ ലോകമെമ്പാടുമുള്ള നഴ്സുമാർക്കും മറ്റു സഹപ്രവർത്തകർക്കും ഇൻഫോ ക്ലിനിക്കിൻ്റെ അഭിവാദനങ്ങൾ