· 5 മിനിറ്റ് വായന

ചെറുമനസ്സുകളും മാറുന്ന ലോകവും

PediatricsPsychiatry

ചെറുമനസ്സുകളും മാറുന്ന ലോകവും

‘മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പറഞ്ഞു വിടേണ്ട നിങ്ങളുടെ ഫ്രണ്ട് ആര് ?’എന്നൊക്കെ ചോദിച്ചു കൊണ്ട്, ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഫോട്ടോ സഹിതം കറങ്ങി നടക്കുന്ന ഒരു ട്രോൾ പല വാട്സ്ആപ് ഗ്രൂപ്പുകളിലും, ഫെയ്‌സ് ബുക്കിലും ഒക്കെയായി പലപ്പോഴും കണ്ടിട്ടുണ്ടാകും. തമാശ എന്ന പേരിൽ ഇതൊക്കെ ഇറക്കി വിടുന്നവർ ആലോചിച്ചിട്ടുണ്ടോ, എത്ര വലിയ തെറ്റാണ് സമൂഹത്തോടും അതിലെ ഒരു വലിയ ശതമാനം ജനങ്ങളോടും ചെയ്യുന്നത് എന്നു. അതൊരു തമാശയാണ് എന്നു നിങ്ങൾ വീണ്ടും വിശദീകരിക്കാൻ നിൽക്കുകയാണെങ്കിൽ പറയട്ടെ, അത് നിങ്ങളുടെ വിവരക്കേടും ക്രൂരതയുമാണ്. മറ്റേതൊരു രോഗത്തെ പോലെയും ഗൗരവമർഹിക്കുന്ന ഒന്നാണ് മനോ രോഗങ്ങളും. പരിഹസിക്കപ്പെടേണ്ടതോ, മാറ്റിനിർത്തപ്പെടേണ്ടതോ ആയ ഒന്നല്ല.

ഇന്ന് ഒക്ടോബര് പത്ത്. ലോക മാനസികാരോഗ്യദിനം. പൊതുജങ്ങളിൽ മാനസികാരോഗ്യ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ, ലോക മാനസികാരോഗ്യ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബര് 10 ലോക മാനസികാരോഗ്യ ദിനമായി ആചരിച്ചു വരുന്നു.

ഈ വര്ഷത്തെ ദിനാചരണത്തിന്റെ പ്രമേയം, “മാറുന്ന ലോകവും ചെറുപ്രായക്കാരുടെ മാനസികാരോഗ്യവും” എന്നതാണ്. ഈ പശ്ചാത്തലത്തില്, ചെറുപ്രായക്കാരില് പതിവുള്ള ചില മാനസികപ്രശ്നങ്ങളെയും മനോരോഗങ്ങളെയുമൊന്നു പരിചയപ്പെടാം.

🌟 ബുള്ളിയിംഗ് 🌟

കൂട്ടത്തിലൊരാളെ വല്ലാതെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ശാരീരികമായോ മറ്റോ ഉപദ്രവിക്കുകയോ ചെയ്യുന്നത് “ബുള്ളിയിംഗ്” എന്നു വിളിക്കപ്പെടുന്നു. ഒരല്പം വിഭിന്നരായവര് — അമിതവണ്ണമുള്ളവര്, ഏറെ മെലിഞ്ഞവര്, കണ്ണട വെച്ചവര് എന്നിങ്ങനെ — ബുള്ളിയിംഗ് നേരിടാന് കൂടുതല്സാദ്ധ്യതയുണ്ട്.

ബുള്ളിയിംഗ്, അതിനിരയാകുന്നവരില് പല പ്രത്യാഘാതങ്ങളുമുണ്ടാക്കാം. ഉള്വലിച്ചില്, അമിത ലജ്ജ, എല്ലാറ്റിലും താല്പര്യം നഷ്ടമാവുക, സ്വയംമതിപ്പു കുറയുക, പഠനത്തില് പിന്നാക്കമാവുക, താന് ഒന്നിനും കൊള്ളാത്ത, ആര്ക്കും വേണ്ടാത്ത ഒരു വ്യക്തിയാണെന്ന ധാരണയുളവാകുക എന്നിവ ഉദാഹരണങ്ങളാണ്.

കുട്ടി ബുള്ളിയിംഗ് നേരിടുന്നെങ്കില് മാതാപിതാക്കള്ക്ക് പല നടപടികളും എടുക്കാനുണ്ട്:

👉 ബുള്ളിയിംഗിനു പാത്രമായതിന് കുട്ടിയെ പഴി ചാരാതിരിക്കുക.

👉കുട്ടിക്കു പറയാനുള്ളത് മുന്വിധികളേതുമില്ലാതെ, പൂര്ണ്ണമായും കേള്ക്കുക. നിങ്ങള് കൂടെയുണ്ടെന്ന ബോദ്ധ്യം ജനിപ്പിക്കുക.

👉ശാന്തത കൈവിടാതിരിക്കുക. പ്രശ്നങ്ങള് പരിഹരിക്കുന്നത് എങ്ങിനെയെന്ന് കുട്ടിക്കു കണ്ടുപഠിക്കാനുള്ള നല്ലൊരു മാതൃകയാവുക.

👉പരിഹാരങ്ങള് മൊത്തമായി നിങ്ങള് തന്നെ നിര്ദ്ദേശിക്കാതെ കുട്ടിയെക്കൂടി ചര്ച്ചയില് ഉള്പ്പെടുത്തുക — ഇത്, ഭാവിയില് സമാനപ്രശ്നങ്ങള് സ്വന്തം നിലയ്ക്കു പരിഹരിക്കാനുള്ള ത്രാണി കുട്ടിക്കു കൈവരുത്തും.

👉കുട്ടിക്കുള്ള കഴിവുകളും ഗുണങ്ങളും ചൂണ്ടിക്കാണിക്കുക. അവ പരിപോഷിപ്പിക്കാന് വേണ്ട പരിശീലനങ്ങളും മറ്റും ഒരുക്കിക്കൊടുക്കുക — ആത്മവിശ്വാസം മെച്ചപ്പെടാനും മാനസികസമ്മര്ദ്ദം ലഘൂകരിക്കാനും ഇതു സഹായകമാകും.

🌟 സൈബര്ബുള്ളിയിംഗ് 🌟

ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ബുള്ളിയിംഗിന് സൈബര്ബുള്ളിയിംഗ് എന്നാണു പേര്. അവഹേളനപരമായ കമന്റുകളിടുക, ഓണ്ലൈന് ഗ്രൂപ്പുകളില് ഒറ്റപ്പെടുത്തുക, വിഷമിപ്പിക്കാന് ഉദ്ദേശിച്ചുള്ള സന്ദേശങ്ങളോ ഫോട്ടോകളോ അയക്കുക എന്നിവ ഇതിനുദാഹരണങ്ങളാണ്.

കുട്ടികള് സൈബര്ബുള്ളിയിംഗ് നേരിടുന്നുണ്ടോ എന്നു ചില സൂചനകളിലൂടെ മനസ്സിലാക്കാനായേക്കാം. ഡിവൈസുകളുടെ ഉപയോഗം വല്ലാതെ കൂടുകയോ കുറയുകയോ ചെയ്യുക, സോഷ്യല് മീഡിയ അക്കൌണ്ടുകള് ക്ലോസ്ചെയ്യുക, പുതിയവ തുടങ്ങുക മുതലായവ ഗൌരവത്തിലെടുക്കണം. മാനസികസമ്മര്ദ്ദത്തിന്റെയോ വിഷാദത്തിന്റെയോ താഴെ വിശദീകരിച്ചിട്ടുള്ള ലക്ഷണങ്ങള് പ്രകടമാക്കുന്നവരിലും സൈബര്ബുള്ളിയിംഗ് സംശയിക്കണം.

സൈബര്ബുള്ളിയിംഗിന് ഇരയാകാതെ സ്വയംകാക്കാന് ചെറുപ്രായക്കാരെ പല രീതികളില് സഹായിക്കാം:

👉സ്വകാര്യ വിവരങ്ങള് നെറ്റില് പരസ്യപ്പെടുത്തരുത്, പാസ്സ്’വേഡുകള് ആരോടും പങ്കിടരുത്, ഒരിക്കലും എടുത്തുചാടി പോസ്റ്റുകള് ഇട്ടേക്കരുത് എന്നൊക്കെ ഓര്മിപ്പിക്കുക.

👉കുട്ടികളുടെ ഓണ്ലൈന് ചെയ്തികള് നിരീക്ഷിക്കുക. നെറ്റിലെ അനുഭവങ്ങളെപ്പറ്റി കുട്ടിയോട് ഇടയ്ക്കിടെ ചര്ച്ച നടത്തുക.

👉സൈബര്ബുള്ളിയിംഗ് എന്ന പ്രവണതയെപ്പറ്റി മുന്നറിവു നല്കുക.

👉 അക്രമാനുഭവങ്ങളുണ്ടായാല് തുറന്നു വെളിപ്പെടുത്തണമെന്നും അങ്ങിനെ ചെയ്‌താല് അതിന്റെ പേരില് ഡിവൈസുകളോ നെറ്റോ വിലക്കുകയില്ലെന്നും അറിയിക്കുക.

🌟 മാനസികസമ്മര്ദ്ദം 🌟

പഠനഭാരവും ചിന്താവൈകല്യങ്ങളും ബന്ധങ്ങളിലെ പ്രായസഹജമായ താളപ്പിഴകളുമൊക്കെ കൌമാരക്കാര്ക്ക് ഏറെ മാനസികസമ്മര്ദ്ദം ജനിപ്പിക്കുന്നുണ്ട്. ശാരീരികവും മസ്തിഷ്കപരവുമായ സവിശേഷതകള്, സമ്മര്ദ്ദസാഹചര്യങ്ങളുടെയും മാനസികസമ്മര്ദ്ദത്തിന്റെയും പ്രത്യാഘാതങ്ങളെ കൌമാരത്തില് പെരുപ്പിക്കുന്നുമുണ്ട്.

ഉറക്കക്കുറവ്, തളര്ച്ച, തലവേദന, നെഞ്ചിടിപ്പ്, വിശപ്പിലെ വ്യതിയാനങ്ങള്എന്നിവ മാനസികസമ്മര്ദ്ദത്തിന്റെ ലക്ഷണങ്ങളാകാം. ദഹനക്കേട്, അമിതമായ വിയര്പ്പ്, തലകറക്കം, വിറയല്, ശ്വാസതടസ്സം, നഖംകടി, നിരന്തരം അണുബാധകള് എന്നിവയും കണ്ടേക്കാം. ശ്രദ്ധക്കുറവ്, മറവി, ചിന്താക്കുഴപ്പം, വിട്ടുമാറാത്ത നിരാശ, കരച്ചില്, അക്ഷമ, മുന്കോപം തുടങ്ങിയവയുമുണ്ടാകാം.

മാനസികസമ്മര്ദ്ദം അമിതമാകാതെ തടയാനും ലഘൂകരിക്കാനും പല മാര്ഗങ്ങളുമുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, വ്യായാമം ശീലമാക്കുക, ജീവിതത്തില് അടുക്കും ചിട്ടയും പാലിക്കുക, പ്രശ്നങ്ങള്മറ്റുള്ളവരുമായി തുറന്നു ചര്ച്ച ചെയ്യുക എന്നിവ നല്ല നടപടികളാണ്.

“എന്നെയാരും വിമര്ശിക്കാനോ പരിഹസിക്കാനോ പാടില്ല”, “ഒന്നാം റാങ്കു കിട്ടിയില്ലെങ്കില് അതിനര്ത്ഥം ഞാനൊരു കഴിവുകെട്ടവനാണെന്നാണ്” എന്നിങ്ങനെയുള്ള വികലമായ ചിന്താഗതികള് വല്ലതും നിരന്തരം മാനസികസമ്മര്ദ്ദജനകമാകുന്നെങ്കില് അവയെ തിരിച്ചറിയുകയും പരിഹരിക്കുകയും വേണം. അതിന് വിദഗ്ദ്ധസഹായം സ്വീകരിക്കുകയുമാകാം.

പാട്ടുകള് കേള്ക്കുക, കണ്ണടച്ചു ദീര്ഘത്തില് ശ്വസിക്കുക, മനശ്ശാന്തി തരാറുള്ള സ്ഥലങ്ങളെ മനസ്സില്ക്കാണുക (creative visualization), റിലാക്സേഷന് വിദ്യകള്തുടങ്ങിയവയും ഫലപ്രദമാകും. പുകവലിയും മദ്യപാനവുമൊക്കെ താല്ക്കാലികാശ്വാസം തന്നേക്കാമെങ്കിലും കാലക്രമത്തില്മാനസികസമ്മര്ദ്ദത്തെ വഷളാക്കുകയാണു ചെയ്യുക.

🌟 ആത്മഹത്യ 🌟

ലോകാരോഗ്യസംഘടന പറയുന്നത്, പതിനഞ്ചിനും ഇരുപത്തൊമ്പതിനും ഇടയ്ക്കു പ്രായമുള്ളവര് മരണമടയുന്നതിന്റെ ഏറ്റവും സാധാരണമായ രണ്ടാമത്തെക്കാരണമാണ് ആത്മഹത്യ എന്നാണ്. കഴിഞ്ഞ മുപ്പതുവര്ഷങ്ങളില്കുട്ടികളിലെ ആത്മഹത്യാനിരക്ക് മൂന്നിരട്ടിയായിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്ച്ചകളും വിഷാദരോഗം പഴയതിലും സാധാരണമായതും കൂടുതല് സമ്മര്ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമൊക്കെയാണ് ഇതിനു കാരണമായത്.

ആത്മഹത്യ ചെയ്യുന്ന കുട്ടികളില് നാലില് മൂന്നു പേരും അക്കാര്യം അടുപ്പമുള്ളവരോട് മുന്കൂട്ടി സൂചിപ്പിക്കാറുണ്ട്. അതുകൊണ്ട് ഇത്തരം വെളിപ്പെടുത്തലുകളെ ഒരിക്കലും അവഗണിക്കരുത്.

ആത്മഹത്യയ്ക്കു തയ്യാറെടുക്കുന്നവര് താഴെപ്പറയുന്ന ലക്ഷണങ്ങളും പ്രകടിപ്പിക്കാം:

👉 വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്

👉പഠനനിലവാരത്തില് പെട്ടെന്നുള്ള തകര്ച്ച

👉മദ്യത്തിന്റെയോ മറ്റു ലഹരിപദാര്ത്ഥങ്ങളുടെയോ അമിതോപയോഗം

👉അപകടം പിടിച്ച കാര്യങ്ങള് ചെയ്യാനുള്ള പ്രവണത

👉ആത്മഹത്യാരീതികളെപ്പറ്റിയുള്ള അന്വേഷണങ്ങള്

ഇപ്പറഞ്ഞവ പൊടുന്നനേ തലപൊക്കുകയും ദിവസങ്ങള് നീണ്ടുനില്ക്കുകയും ചെയ്താലാണ് കൂടുതല് ഗൌരവത്തിലെടുക്കേണ്ടത്.

ആത്മഹത്യാപ്രവണതയുള്ള കുട്ടികളെ സഹായിക്കാന് എടുക്കാവുന്ന ചില നടപടികള് ഇനിപ്പറയുന്നു:

👉അവരുടെ പ്രശ്നങ്ങള് പങ്കിട്ടതിനു നന്ദി പറയുക.

👉ഏതൊരാള്ക്കും ചിലയവസരങ്ങളില് സങ്കടവും മനോവേദനയും പ്രത്യാശയില്ലായ്മയുമൊക്കെ അനുഭവപ്പെടാമെന്നും, നിങ്ങള്ക്ക് അവരെ ഉള്ക്കൊള്ളാനാവുന്നുണ്ടെന്നും ബോദ്ധ്യപ്പെടുത്തുക.

👉അവര് തനിച്ചല്ലെന്ന തിരിച്ചറിവുണ്ടാക്കുക. അവരുടെ വിഷമങ്ങള്ലഘൂകരിക്കാന് സഹായിക്കുക.

👉പറഞ്ഞു പഴകിയ ഉപദേശങ്ങളും അനാവശ്യ വാദപ്രതിവാദങ്ങളും ഒഴിവാക്കുക.

👉ആത്മഹത്യാചിന്ത എത്രത്തോളം വളര്ന്നിട്ടുണ്ട്, എന്തെങ്കിലും ആസൂത്രണങ്ങള്ചെയ്തു തുടങ്ങിയിട്ടുണ്ടോ, മുമ്പ് വല്ല ശ്രമങ്ങളും നടത്തിയിട്ടുണ്ടോ, ആത്മഹത്യാ ഉപാധികള് യഥേഷ്ടം ലഭ്യമാണോ, മാനസികരോഗങ്ങളുടെ സൂചനകള്വല്ലതുമുണ്ടോ, കുടുംബസാഹചര്യങ്ങള് അനുകൂലമോ പ്രതികൂലമോ എന്നതൊക്കെ ചോദിച്ചറിയുക.

👉ശക്തമായ ആത്മഹത്യാപ്രവണതയുള്ളവരെ തനിച്ചുവിടാതിരിക്കുക. വിദഗ്ദ്ധസഹായം നിര്ദ്ദേശിക്കുക.

👉ആത്മഹത്യയ്ക്ക് ഉപയോഗിച്ചേക്കാവുന്ന വസ്തുക്കള് വീട്ടില് നിന്നും സ്കൂള്പരിസരത്തു നിന്നും മാറ്റാന് ശ്രമിക്കുക.

👉കാര്യം രഹസ്യമാക്കി വെക്കാതിരിക്കുക. ആത്മഹത്യ തടയുകയെന്ന ഉത്തരവാദിത്തം മറ്റുള്ളവരുമായി പങ്കിടുന്നതാവും കൂടുതല് ഫലപ്രദമെന്ന് ഓര്ക്കുക.

🌟 വിഷാദം 🌟

മനോരോഗങ്ങള് പകുതിയോളവും പതിനാലു വയസ്സിനു മുന്നെയും, മുക്കാലും ഇരുപത്തിനാലു വയസ്സിനു മുന്നെയും സാന്നിദ്ധ്യമറിയിക്കാറുണ്ട്. ചെറുപ്രായക്കാരെ ബാധിക്കാറുള്ള മനോരോഗങ്ങളില് സുപ്രധാനമാണ് വിഷാദം അഥവാ ഡിപ്രഷന്. അതിന്റെ മുഖ്യലക്ഷണങ്ങള് താഴെപ്പറയുന്നു:

👉 മിക്കനേരവും നൈരാശ്യം

👉ഒരു കാര്യത്തിലും താല്പര്യം തോന്നാതാവുക

👉ഒന്നില്നിന്നും സന്തോഷം ലഭിക്കാതാവുക

👉വിശപ്പിലോ ഉറക്കത്തിന്റെ അളവിലോ വ്യതിയാനങ്ങള്

👉ചിന്തയും ചലനങ്ങളും സംസാരവും മന്ദഗതിയിലോ അസ്വസ്ഥമോ ആവുക.

👉 ഒന്നിനുമൊരു ഊര്ജം തോന്നാതിരിക്കുക. ആകെ തളര്ച്ചയനുഭവപ്പെടുക.

👉താന് ഒന്നിനുംകൊള്ളാത്ത ഒരാളാണെന്നോ അമിതമായ, അസ്ഥാനത്തുള്ള കുറ്റബോധമോ തോന്നിത്തുടങ്ങുക.

👉ചിന്തിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള കഴിവു ദുര്ബലമാവുക.

👉മരണത്തെയോ ആത്മഹത്യയെയോ പറ്റി സദാ ചിന്തിക്കാന് തുടങ്ങുക.

മനശ്ശാസ്ത്ര ചികിത്സകളും മരുന്നുകളും വിഷാദത്തിന് ഏറെ ഫലപ്രദമാണ്.

🌟 സ്കിസോഫ്രീനിയ 🌟

നൂറിലൊരാളെ ബാധിക്കുന്ന ഒരു രോഗമാണ് സ്കിസോഫ്രീനിയ. ഇതിന്റെ ആദ്യലക്ഷണങ്ങള് പൊതുവെ പ്രകടമാകാറ് പതിനാറും മുപ്പതും വയസ്സിനിടയ്ക്കാണ്. സ്കിസോഫ്രീനിയയുടെ മുഖ്യലക്ഷണങ്ങള് ഇനിപ്പറയുന്നു:

👉അശരീരി ശബ്ദങ്ങള് കേള്ക്കുക

👉അനാവശ്യ സംശയങ്ങളും ഭീതികളും. തന്നെ ആരോ ഉപദ്രവിക്കാനോ കൊല്ലാനോ വരുന്നു, എല്ലാവരും സംസാരിക്കുന്നത് തന്നെക്കുറിച്ചാണ് എന്നൊക്കെയുള്ള ധാരണകള്.

👉എല്ലാറ്റില് നിന്നുമുള്ള ഉള്വലിച്ചില്. പഠനത്തില് അപ്രതീക്ഷിതമായ പിന്നാക്കം പോവല്.

👉വൃത്തിയിലും വെടിപ്പിലും താല്പര്യം നഷ്ടമാവുക

👉തനിയെ സംസാരിക്കുക

👉 പരസ്പരബന്ധമില്ലാത്ത സംസാരം

സമയം പാഴാക്കാതെ മരുന്നുകള് തുടങ്ങുകയാണെങ്കില് ഏറെ ഫലം കിട്ടാറുണ്ട്. അതേസമയം, ചികിത്സ വൈകിച്ചാല് മരുന്നിനു പൂര്ണമായും വഴങ്ങാത്ത ഒരവസ്ഥയിലേക്കു രോഗം വഷളാകാം.

🌟 ലഹരിയുപയോഗം 🌟

നമ്മുടെ തലച്ചോറുകളുടെ വികാസം പൂര്ണമാകുന്നത് 23-25 വയസ്സോടെയാണ്. തലച്ചോറിനു പൂര്ണവളര്ച്ചയെത്തുന്നതിനു മുമ്പ് അതില് മദ്യം തട്ടുന്നത് ഏറെ ഹാനിദായകമാണ്. ചെറിയ പ്രായത്തിലേ മദ്യം രുചിച്ചു തുടങ്ങുന്നവര്ക്ക് ഭാവിയില് ആല്ക്കഹോളിസം പിടിപെടാന് സാദ്ധ്യത കൂടുന്നുണ്ട്. ഓര്മകളുടെ സൃഷ്ടിപ്പില് മുഖ്യപങ്കു വഹിക്കുന്ന ഹിപ്പോകാംപസ് എന്ന മസ്തിഷ്കഭാഗം ആവര്ത്തിച്ചുള്ള മദ്യപാനത്തില് ശോഷിച്ചുപോകാം.

കൌമാരക്കാരുടെ തലച്ചോറില് കഞ്ചാവു പുരളുന്നത് തലച്ചോറിന്റെ വലിപ്പം അല്പം കുറയാനും ഓര്മയും ശ്രദ്ധയും ബുദ്ധിയും പിന്നാക്കമാകാനും മനോരോഗങ്ങള്ക്കുമൊക്കെ നിമിത്തമാകാറുണ്ട്.

ഇവിടെയും മാതാപിതാക്കള്ക്കു പലതും ചെയ്യാനുണ്ട്:

👉ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികളുമായി പലയാവര്ത്തി ചര്ച്ചകള്നടത്തുക — മാതാപിതാക്കള്ക്കു തങ്ങളിലുള്ള വിശ്വാസബഹുമാനങ്ങള്നഷ്ടമാകുമോയെന്ന ഭീതിയാണ് ലഹരിയുപയോഗത്തിലേക്കു കടക്കാതിരിക്കാന്കൌമാരക്കാര്ക്കുള്ള ഏറ്റവും ശക്തമായ പിന്വിളി.

👉കുട്ടികളുടെ കണ്മുന്നില് ലഹരിയുപയോഗിച്ച് മോശം മാതൃക സൃഷ്ടിക്കാതിരിക്കുക.

👉വീട്ടില് ലഹരിപദാര്ത്ഥങ്ങള് സൂക്ഷിക്കാതിരിക്കുക.

👉 വിശേഷാവസരങ്ങളില്പ്പോലും കുട്ടികള്ക്കു മദ്യമോ മറ്റോ കൊടുക്കാതിരിക്കുക.

👉ലഹരിയുപയോഗിക്കാന് പ്രേരിപ്പിക്കുന്നവരോട് മനസ്ഥൈര്യത്തോടെ “നോ” പറഞ്ഞു ശീലിക്കാന് നിര്ദ്ദേശിക്കുക.

👉 “മദ്യം ലൈംഗികശേഷി മെച്ചപ്പെടുത്തും”, “കഞ്ചാവു ബുദ്ധിശക്തി പുഷ്ടിപ്പെടുത്തും”, “പുകവലി ഉറക്കത്തെച്ചെറുത്ത് പഠനശേഷി അഭിവൃദ്ധിപ്പെടുത്തും” എന്നൊക്കെയുള്ള വാദങ്ങള് അടിസ്ഥാനരഹിതമാണെന്ന് ഓര്മിപ്പിക്കുക.

👉 ലഹരിയുപയോഗിക്കുന്നവര്ക്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കുക.

🌟 ഇന്റര്നെറ്റ് അഡിക്ഷന് 🌟

സ്മാര്ട്ട് ഫോണ്, സോഷ്യല് മീഡിയ, ഗെയിമുകള്, ഓണ്ലൈന് ചൂതാട്ടം എന്നിവയോടുള്ള അഡിക്ഷന് നമ്മുടെ നാട്ടിലും ചികിത്സകരുടെ ശ്രദ്ധയില്പ്പെട്ടു തുടങ്ങിയിട്ടുണ്ട്. ചില വിഭാഗക്കാര്ക്ക് ഇത്തരം അഡിക്ഷനുകള്ക്കു കൂടുതല്സാദ്ധ്യതയുണ്ട്. വിഷാദം, ഉത്ക്കണ്ഠാരോഗങ്ങള്, സോഷ്യല് ഫോബിയ തുടങ്ങിയ മാനസികപ്രശ്നങ്ങള് ബാധിച്ചവരും എടുത്തുചാട്ടം, അക്ഷമ, അന്തര്മുഖത്വം തുടങ്ങിയ വ്യക്തിത്വസവിശേഷതകള് ഉള്ളവരും ഇതില്പ്പെടുന്നു.

ഇത്തരം അഡിക്ഷനുകള് തടയാന് മാതാപിതാക്കള്ക്കു സ്വീകരിക്കാവുന്ന പല നടപടികളുമുണ്ട്:

👉കുട്ടി എത്ര സമയം, ഏതൊക്കെ രീതിയില് നെറ്റുപയോഗിക്കുന്നുവെന്നതിനു മേലൊരു കണ്ണുണ്ടായിരിക്കണം. നെറ്റുപയോഗം അമിതമാകുമ്പോള് ചൂണ്ടിക്കാട്ടുക. അന്നേരങ്ങളില് മറ്റെന്തെങ്കിലും ചെയ്യാന് നിര്ദ്ദേശിക്കുക.

👉ഏതൊക്കെത്തരം സൈറ്റുകള് സന്ദര്ശിക്കാമെന്നതു ചര്ച്ചകളിലൂടെ നിശ്ചയിക്കുക. ചൂതാട്ട സൈറ്റുകളും മാസീവ് മള്ട്ടിപ്ലെയര് ഓണ്ലൈന്റോള്പ്ലേയിംഗ് ഗെയിമുകളും പോലുള്ള, അഡിക്ഷന്സാദ്ധ്യത ഏറെയധികമായ തരം സൈറ്റുകളിലും ആപ്പുകളിലും നിന്നു പൂര്ണമായും വിട്ടുനില്ക്കാന്പ്രേരിപ്പിക്കുക.

👉 “ഇന്റര്നെറ്റ് ഏകാന്തതയ്ക്കു നല്ലൊരു പ്രതിവിധിയാണ്”, “യാഥാര്ത്ഥ്യങ്ങളില്നിന്നും പ്രശ്നങ്ങളില്നിന്നും ഒളിച്ചോടാന് നെറ്റൊരു ഉത്തമോപായമാണ്” എന്നൊക്കെയുള്ള വികലധാരണകള് വല്ലതും പുലര്ത്തുന്നുണ്ടെങ്കില് അവ തിരുത്താന് സഹായിക്കുക.

👉ചെയ്യാന് വേറെയൊന്നുംതന്നെ ഇല്ലാത്ത സാഹചര്യങ്ങള് അധികം വരാതെ ശ്രദ്ധിക്കുക.

👉സമയം ഫലപ്രദമായി വിനിയോഗിക്കാനും ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള് മുന്കൂര് പ്ലാന് ചെയ്യാനും പരിശീലിപ്പിക്കുക.

👉 നല്ല സാമൂഹ്യബന്ധങ്ങള് രൂപപ്പെടുത്താന് സഹായിക്കുക.

👉 സ്വന്തം നെറ്റുപയോഗം അമിതമാകാതിരിക്കാനും, അച്ഛനമ്മമാര്ഇരുവരുടെയും നിലപാടുകള് വെവ്വേറെയാവാതിരിക്കാനും ശ്രദ്ധിക്കുകയും വേണം.

മാനസികാരോഗ്യ പ്രശ്‌നങ്ങളെ തിരിച്ചറിയുക, കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നുള്ളിടത്താണ് സമൂഹത്തിന്റെയും ആരോഗ്യമേഖലയുടെയും പങ്കുള്ളത്. മാനസികാരോഗ്യ പ്രശ്നങ്ങൾ മറച്ചു വയ്ക്കേണ്ട ഒന്നാണ്, അത്തരം പ്രശനങ്ങൾക്ക് ചികിത്സ നേടുക എന്നുള്ളത് ഒരു അപരാധമോ നാണക്കേടോ ആണ് എന്നുള്ള ചിന്തയും സമീപനവും ആണ് ആദ്യം മാറ്റേണ്ടത്.

ശീലങ്ങളിലും ശ്രദ്ധയിലും നാടകീയ മാറ്റങ്ങൾ ഉണ്ടാവുക, സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ, യാഥാർഥ്യം അല്ലാത്ത കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുക, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, മദ്യത്തിന്റെയും മായക്കുമരുന്നിന്റെയും ഉപയോഗം, അമിതമായ ദേഷ്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ, നിങ്ങൾക്ക് തന്നെയോ നിങ്ങളുടെ പ്രിയപ്പെട്ടവരിലോ ശ്രദ്ധയിൽ പെടുകയാണെങ്കിൽ വൈദ്യ സഹായം തേടാൻമടിക്കരുത്. നല്ല ചിന്തകൾക്കും നല്ല ചുറ്റുപാടുകൾക്കും, നല്ല കൂട്ടുകെട്ടുകൾക്കും വേണ്ടി പരിശ്രമിക്കുക. ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ കണ്ടെത്തുക. മനുഷ്വത്വത്തിന്റെ ഒരു ചെറിയ സ്പർശം, ലോകത്തിനു നേർക്കുള്ള വിശാലമായ കാഴ്ചപ്പാട്, കൃത്യസമയത്ത് വൈദ്യസഹായം ഇത്രയും കാര്യങ്ങൾ കൊണ്ട് ലോകം കുറേക്കൂടെ മനോഹരമാക്കി മാറ്റാം.

ലേഖകർ
Passed MBBS from Calicut Medical College and MD (Psychiatry) from Central Institute of Psychiatry, Ranchi. Currently works as Consultant Psychiatrist at St. Thomas Hospital, Changanacherry. Editor of Indian Journal of Psychological Medicine. Was the editor of Kerala Journal of Psychiatry and the co-editor of the book “A Primer of Research, Publication and Presentation” published by Indian Psychiatric Society. Has published more than ten articles in international psychiatry journals. Awarded the Certificate of Excellence for Best Case Presentation in Annual National Conference of Indian Association of Private Psychiatry in 2013. Was elected for the Early Career Psychiatrist Program of Asian Federation of Psychiatric Societies, held in Colombo in 2013. Was recommended by Indian Psychiatric Society to attend the Young Health Professionals Tract at the International Congress of World Psychiatric Association held in Bucharest, Romania, in 2015.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

79 ലേഖനങ്ങൾ

പൊതുജനാരോഗ്യം

48 ലേഖനങ്ങൾ

കിംവദന്തികൾ

40 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

ശിശുപരിപാലനം

34 ലേഖനങ്ങൾ

Infectious Diseases

33 ലേഖനങ്ങൾ

Medicine

32 ലേഖനങ്ങൾ

Pediatrics

31 ലേഖനങ്ങൾ

Preventive Medicine

25 ലേഖനങ്ങൾ