പടിയിറങ്ങുന്ന പോളിയോ…
പശ്ചിമബംഗാളിലെ ഷാപ്പാര ഗ്രാമത്തിൽ 11 വയസുള്ള ഒരു പെൺകുട്ടിയുണ്ട്. റുക്സാൻ ഖാത്തൂൺ എന്നാണ് പേര്. ഇന്ത്യയുടെ ആരോഗ്യ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് റുക്സാൻ ഖാത്തൂൺ. ഇന്ത്യയെ പോളിയോക്ക് മുമ്പും ശേഷവും എന്ന് വേർതിരിച്ച അതിർത്തിക്കല്ല്.
“എല്ലാം ഞങ്ങളുടെ തെറ്റാണ് സർ. ഞങ്ങളുടെ ബാക്കി എല്ലാ കുട്ടികൾക്കും കൃത്യമായി കുത്തിവയ്പുകളെല്ലാം നല്കിയതാണ്. ഇവൾക്കാണെങ്കിൽ ഇടയ്ക്കിടെ ചെറിയ അസുഖങ്ങൾ വരുമായിരുന്നു. അതുകൊണ്ട് കുത്തിവയ്പുകൾ അധികം നല്‍കേണ്ടന്നു വിചാരിച്ചു. ഒന്നര വയസുള്ളപ്പോൾ വലതു കാൽ തളർന്നു പോയി. അസുഖം പോളിയോയാണെന്ന് കണ്ടുപിടിച്ചപ്പോൾ ഞങ്ങൾ തകർന്നു പോയി. ഞങ്ങളുടെ അലംഭാവം അവളുടെ ഭാവിയെ തന്നെ ബാധിച്ചല്ലോ..!”
റുക്സാറിന്‍റെ അച്ഛൻ, അബ്ദുൾ ഷായുടെ വിലാപമായിരുന്നു, ഏഴുവർഷം മുമ്പ്. അതിനുശേഷം ഇന്ത്യയിലൊരച്ഛനും ഇക്കാര്യം പറഞ്ഞ് കരയേണ്ടി വന്നിട്ടില്ല.
2011 ജനുവരി 13നാണ് റുക്സാറിന് പോളിയോ സ്ഥിരീകരിക്കുന്നത്. ശേഷം ഇന്നേ വരെ ഇന്ത്യയിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടന 2014 മാർച്ച് 27 ന് ഇന്ത്യയെ പോളിയോ വിമുക്തമായതായി പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിലെ അവസാന പോളിയോ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2000 ൽ കൊണ്ടോട്ടിയിലാണ്.
ഇന്ന് നാല്പതു വയസ്സിനു മേലുള്ളവർക്ക് ഓർമ്മയുണ്ടാവും, അവരുടെ കുട്ടിക്കാലത്തു പോളിയോബാധമൂലം ഭിന്നശേഷിക്കാരായി മാറിയ അനേകർ ചുറ്റിനും ഉണ്ടായിരുന്നത്. എന്നാലിന്നത്തെ പുതുതലമുറക്കാർ ഇത്തരമൊരു രോഗബാധ സമപ്രായക്കാരിൽ കണ്ടിട്ട് കൂടി ഉണ്ടാവില്ല.
ഇന്ന് പോളിയോ നമുക്കൊരു ചരിത്രകഥയാണ്. അതാണ് ചില പത്രവാർത്തകൾ കാണുമ്പോൾ നാം ഞെട്ടുന്നത്. ഇന്നിപ്പോ പുതിയ രോഗികളെ കാണണമെങ്കിൽ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പോണം. പക്ഷെ ഒരു 50 വർഷം മുമ്പ്, ഇന്ത്യയിൽ ഏതാണ്ട് 10,000 ആള്‍ക്കാരില്‍ 25 പേർക്ക് പോളിയോ ബാധിച്ചിരുന്നതായും, 1000 കുട്ടികളിൽ 6 പേർക്ക് പോളിയോയുടെ ഫലമായി അംഗവൈകല്യം സംഭവിച്ചിരുന്നതായുമായാണ് കണക്കുകൾ. എന്തിനു ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ (20 വർഷം മുമ്പ്) പോലും ഇന്ത്യയിലെ മുഴുവൻ അംഗ പരിമിതരുടെ പകുതിയോടടുപ്പിച്ച് പോളിയോ രോഗത്തിന്‍റെ രക്തസാക്ഷികളായിരുന്നു. പോളിയോ ഒരിക്കൽ ബാധിച്ചാൽ പിന്നെ പൂർണ്ണ സൗഖ്യമില്ല. ഫിസിയോ തെറാപ്പിയിലൂടെയും മറ്റും രോഗാതുരത കുറയ്ക്കാമെന്നേയുള്ളൂ. പോളിയോയുടെ മരണനിരക്ക് കുട്ടികളിൽ 2 -5 % ആയിരുന്നെങ്കിൽ മുതിർന്നവരിൽ അത് 15 -30 % വരെ ഉയർന്നിരുന്നു.
ഈ മാരകരോഗത്തെ നമ്മള്‍ തുരത്തിയത് വാക്സിനേഷനിലൂടെയാണ്. 1988-ലാണ് ലോകാരോഗ്യസംഘടന ലോക പോളിയോ നിർമ്മാർജ്ജന പരിപാടി (Global Polio Eradication Initative) ആരംഭിക്കുന്നത്. 1988–ൽ ലോകത്താകമാനം ഒരു വർഷം 3,50,000 പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലാകട്ടെ 24000-വും. 125-ൽ പരം രാജ്യങ്ങൾ പോളിയോ ബാധിതമായിരുന്ന ആ സമയത്ത് പ്രതിദിനം ആയിരത്തിലധികം കുട്ടികൾക്കു പോളിയോ ബാധിച്ചിരുന്നതായാണ് അന്നത്തെ കണക്കുകൾ.
ഈ പോളിയോ വാക്സിൻ അമേരിക്കൻ അജണ്ടയാണെന്ന് ധാരാളം “കേശവൻ മാമന്മാർ” പാടി നടന്നിട്ടുണ്ട്. ഇന്ത്യൻ കുട്ടികളിൽ വന്ധ്യതയുണ്ടാക്കി നമ്മുടെ ജനസംഖ്യ കുറയ്ക്കാൻ വന്ന ഭീകരനാത്രേ. മാമന്മാരുടെ തള്ളിനിടയിലൂടെ ഞെങ്ങിഞെരുങ്ങി, 1988 ലെ 3.5 ലക്ഷത്തില്‍ നിന്ന്, 2019 ൽ വെറും 94-ലേക്ക് ലോകമെത്തി. ഇന്ത്യയിലെ ജനസംഖ്യയാണെങ്കിൽ ഇരട്ടിയോളമുയർന്നു. കഴിഞ്ഞ വർഷം മുതൽ കേരളത്തിൽ വർഷം തോറുമുള്ള പൾസ് പോളിയോ പരിപാടി തന്നെ നിർത്തി.
എന്നാലും ഇന്ത്യയിലാകെ പോളിയോ വാക്സിന്‍ കൊടുക്കുന്നത് നിര്‍ത്താറായിട്ടില്ല. പ്രധാന കാരണം, പാക്കിസ്ഥാന്‍ തന്നെ. ഈ വർഷം ലോകത്തുണ്ടായ 94 പോളിയോ രോഗികളില്‍ 76 ഉം പാക്കിസ്ഥാനില്‍ നിന്നാണ്. ബാക്കി 18 അഫ്ഗാനിസ്ഥാനില്‍ നിന്നും. അയൽവാസികളാണ്. അതിനാല്‍ നമ്മള്‍ കുറച്ചുനാള്‍ കൂടി ജാഗരൂകരായിരിക്കണം.
ഇങ്ങനെ ഒന്നുരണ്ടു രാജ്യങ്ങൾ തടസമായി നിൽക്കുമ്പോഴും പോളിയോ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുന്നതിന്റെ ഏറ്റവും അടുത്താണ് നമ്മളിപ്പോൾ. ദാ, ഇത് വായിക്കുമ്പോളത് മനസിലാവും.
ഒരേ ലക്ഷണങ്ങൾ ആണ് ഉണ്ടാക്കുന്നതെങ്കിലും മൂന്നു തരം പോളിയോ വൈറസ്സുകൾ ഉണ്ട്. ഈ മൂന്ന് തരം വൈറസ്സുകൾക്കെതിരെയും പ്രതിരോധം നൽകുന്ന വാക്സിനുകൾ ആണ് കാലങ്ങളായി നമ്മൾ ഉപയോഗിച്ചതും. ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3.
പോളിയോയ്ക്ക് എതിരെ നമ്മുടെ പോരാട്ട ചരിത്രം നോക്കാം,
• ടൈപ് 2 – അവസാനമായി ഉണ്ടായത് 1999ൽ.
• 2015ൽ, (16 വർഷങ്ങൾക്ക് ശേഷം) ടൈപ് 2 വൈറസിനെ നിർമ്മാർജ്ജനം ചെയ്തു.
2016 മുതൽ നമ്മൾ നൽകുന്ന വാക്സിനിൽ ടൈപ്പ് 1 ഉം ടൈപ്പ് 3 ഉം മാത്രേ ഉള്ളൂ (ബൈവാലന്റ്).
ടൈപ്പ് 3 വൈറസ് –
• അവസാനത്തെ കേസ് 2012.
• 2019 Oct 24 ൽ Type 3 യുംനിർമ്മാർജ്ജനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടു.
എന്നുവച്ചാൽ ഇനി ടൈപ്പ് 1 മാത്രമേ ഭൂമുഖത്ത് ബാക്കിയുള്ളൂ. ഇത്രയും സാധിച്ച നമുക്ക് അത് സാധ്യമാവുമെന്ന് പറയേണ്ടതില്ലല്ലോ.
ഇതൊക്കെ സാധിച്ചത് വാക്സിനേഷൻ പരിപാടികളിലൂടെ മാത്രമാണ്. പോളിയോ വാക്സിന്‍ കണ്ടുപിടിച്ച ജോനാസ് സാൽക്കിന്‍റെ ജന്മദിനമാണ് പോളിയോ ദിനമായി ആചരിക്കുന്നത്.
കഷ്ടപ്പെട്ട് വാക്സിന്‍ കണ്ടുപിടിച്ച്, അത് സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലും പരീക്ഷിച്ചു നോക്കി ഉറപ്പാക്കിയിട്ടാണ് സാൽക്ക് അത് ലോകത്തോട് പറഞ്ഞത്. 1953-ലെ ആ ദിവസം അമേരിക്കയില്‍ അക്ഷരാര്‍ത്ഥത്തിൽ ജനങ്ങള്‍ തെരുവിലിറങ്ങി തുള്ളിച്ചാടി. കാരണം അവരക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന പകര്‍ച്ചവ്യാധിയായിരുന്നു അത്. ശേഷമുള്ള ചരിത്രമാണ് മേലില്‍ പറഞ്ഞത്.
ഇന്ത്യയിൽ വാക്സിൻ കാരണമുള്ള പോളിയോ കൂടുന്നതായി, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഒരു പത്രവാർത്ത പ്രചരിക്കുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്താമെന്നല്ലാതെ അതിന് മറ്റ് ഗുണമൊന്നുമില്ല. അതിനെ പറ്റി ചിലത് പറയാം.
പോളിയോ തുള്ളി മരുന്നിന് അപൂർവ്വമായി പോളിയോ രോഗമുണ്ടാക്കാൻ സാധിക്കും. ആ വാർത്തയിലെ കണക്ക് പൂർണമായും വിശ്വസിച്ചാൽ തന്നെ അവസാന 10 വർഷത്തിൽ ഇന്ത്യയിൽ 440 പോളിയോ രോഗികളുണ്ടായി എന്നാണ്.
1955 ൽ ആദ്യം കിൽഡ് വൈറസ് വാക്സിനു ശേഷം നാല് വർഷം കഴിഞ്ഞാണ് ഓറൽ പോളിയോ വാക്സിൻ (പോളിയോ തുള്ളിമരുന്ന്) കണ്ടെത്തിയത്. അതായത് ജീവനുള്ള പോളിയോ വൈറസ് എങ്കിലും രോഗമുണ്ടാക്കാനുള്ള ശക്തി നിർവ്വീര്യമാക്കപ്പെട്ട വാക്സിനാണിത്.
ഇന്ത്യയിൽ പോളിയോ തുള്ളിമരുന്ന് കൊടുത്ത് തുടങ്ങിയത് 1978 ൽ, അതായത് 41 വർഷം കഴിഞ്ഞിരിക്കുന്നു.
മുൻപ് പറഞ്ഞത് പോലെ ഇവിടെ നടമാടിയിരുന്ന പോളിയോ വൈറസുകളെ നാമിന്നു ഇല്ലാതാക്കിയത് ഈ പോളിയോ തുള്ളിമരുന്ന് പ്രയോഗം കൊണ്ടാണ്.
എന്നാൽ നിർവ്വീര്യമാക്കിയ ലൈവ് വാക്സിന് അപൂർവ്വമായി നാം ആഗ്രഹിക്കാത്ത ചില പരിണിതഫലങ്ങൾ ഉണ്ടെന്നും അത് ഉണ്ടാക്കിയ കാലം തൊട്ടു അറിയാം.
1) 2.7 ദശലക്ഷം ഡോസുകൾ കൊടുക്കുമ്പോൾ വൈറസ് ജനിതക മാറ്റം സംഭവിച്ചു “തിരിഞ്ഞു കൊത്താം”, ഇതിനെ വാക്സിൻ അസോസിയേറ്റഡ് പരാലിസിസ് എന്ന് പറയും (VAPP).
2 ) അത് പോലെ 4 ദശലക്ഷം ഡോസുകൾ കൊടുക്കുമ്പോൾ, അതും തീരെ പോളിയോ വാക്സിൻ കൊടുക്കാത്ത മേഖലയിൽ ആവുമ്പൊൾ ജനിതകമാറ്റം സംഭവിച്ച് അത് കുറച്ചു കൂടി പേരിലേക്ക് പടർന്നു പിടിക്കാം. അതിനെ വാക്സിൻ ഡിറൈവ്ഡ് പോളിയോ എന്ന് പറയും (VDPV). ഇക്കാര്യമാണ് പത്രവാർത്തയിൽ പ്രതിപാദിക്കുന്നത്.
ഇന്ത്യയിൽ ഒരു വർഷം 2.7 കോടി കുഞ്ഞുങ്ങൾ പിറന്നു വീഴുന്നുണ്ട്. ഓരോ കുഞ്ഞിനും പൾസ് പോളിയോ അടക്കം ഏഴു ഡോസ് പോളിയോ വാക്സിൻ കൊടുത്തിരുന്നു കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ. അപ്പൊ എത്ര ഡോസ് ?
945 ദശലക്ഷം ഡോസ്, ഏതാണ്ട് നൂറു കോടി ഡോസ്.
ഇത്രയും ഡോസ് കൊടുക്കുമ്പോൾ 400 കുട്ടികൾക്ക് എന്നത് താരമ്യേന ചെറിയ റിസ്ക് ആണ്. നോക്കൂ, ഗ്ലോബൽ പോളിയോ ഇറാഡിക്കേഷൻ ഇനീഷിയേറ്റീവിന്റെ (GPIE) കണക്കു പ്രകാരം കഴിഞ്ഞ വർഷങ്ങളിലൊന്നും ഇന്ത്യയിൽ ഒരു കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല (ലിങ്ക് കമന്റിൽ). മാത്രമല്ലാ, മേൽപ്പറഞ്ഞ പോലെ നമ്മുടെ വാക്സിൻ, വൈറസിന്റെ അളവ് കുറച്ചതിലൂടെ കൂടുതൽ സുരക്ഷിതവുമായിട്ടുണ്ട്. തുള്ളി മരുന്നിൽ നിന്നും ഇത്തരം പ്രതികൂല സാധ്യത ഇല്ലാത്ത ഏറ്റവും സുരക്ഷിതമായ പോളിയോ കുത്തിവയ്പ്പിലേക്ക് നാം മാറി തുടങ്ങിയിട്ടുമുണ്ട്.
ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് എത്തി നിൽക്കുന്നയിടത്തേക്ക് എത്തിയത് ഓരോ ഇടപെടലിന്റെയും ഗുണവും ദോഷവും തിരിച്ചറിഞ്ഞു, റിസ്ക്കുകളെ ബെനിഫിറ്റുമായി തുലനം ചെയ്തു, ഗുണങ്ങൾ അധീകരിച്ചു നിൽക്കുമ്പോൾ അവയെ ഉപയോഗപ്പെടുത്തി തന്നെയാണ്.
അതായത് അത്യപൂർവ്വമായ ചില അപകട സാധ്യത കണക്കിലെടുക്കുകയും, പോളിയോ തുള്ളി മരുന്ന് പ്രയോഗിച്ചാൽ വലിയ ഭൂരിപക്ഷം ജനതയ്ക്കും ഉണ്ടാവുന്ന ഗുണഫലങ്ങളെ തമസ്കരിക്കുകയും ചെയ്തിരുന്നു എങ്കിൽ നാം ഇന്നും പഴയ കാലത്തെ പോലെ പോളിയോ രോഗഗ്രസ്തമായ സമൂഹം ആയി തുടർന്നേനെ.
പത്തു ബില്യൺ ഡോസ് പോളിയോ വാക്സിൻ കൊടുക്കുമ്പോൾ തടയുന്നതു ഒരു കോടി പോളിയോ കേസുകൾ ആണെന്നാണ് കണക്ക്. കൊടുത്താൽ ഉണ്ടായേക്കാവുന്നത് 400 ഓളം രോഗികൾ, മാത്രമല്ല ആത്യന്തികമായി നാം പോളിയോ രോഗരഹിത ഒരു അവസ്ഥയിലേക്ക് എത്തുക കൂടിയാണ് ഇതിൻ ഫലമായി.
ഇപ്പോ കുറേ വർഷമായി ഇന്ത്യ പോളിയോ രഹിതമായല്ലോ, ഇനി പോളിയോ തുള്ളിമരുന്ന് മൊത്തത്തിലങ്ങ് നിർത്തിക്കൂടേ എന്ന് ഇപ്പൊൾ പലർക്കും തോന്നിയിട്ടുണ്ടാവും.
അതെ, വരും കാലങ്ങളിൽ റിസ്ക് സാധ്യത തീരെ ഇല്ലാത്ത ഒരു കിൽഡ് പോളിയോ വാക്സിൻ ആണ് നമ്മൾക്ക് വേണ്ടത്, അതാണ് നാം നടപ്പാക്കാൻ പോവുന്നത്, ആ ഒരു പരിവർത്തന കാലഘട്ടത്തിലാണ് നാം.
നോക്കൂ, ലോകത്തിന്ന് വൈൽഡ് പോളിയോ ഉള്ളത് നമ്മുടെ അയൽരാജ്യങ്ങളിൽ മാത്രമാണ്. രാജ്യങ്ങൾ തമ്മിൽ അതിർത്തിയുള്ള കാര്യം വൈറസിനറിയില്ല. മാത്രമല്ല, പാക്കിസ്ഥാനിൽ 2018-ൽ 12 രോഗികളുണ്ടായ സ്ഥാനത്ത്, 2019 ൽ 76 രോഗികളുണ്ടായി. ഈയൊരു റിസ്ക് നിലനിൽക്കുന്നത് കൊണ്ടുമാത്രമാണിപ്പോഴും പോളിയോ തുള്ളിമരുന്ന് വാക്സിൻ തുടരുന്നത്. അതും ഉടനെ തന്നെ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടിത്തരം വാർത്തകൾ കണ്ട് വരും തലമുറ പേടിക്കേണ്ട, ഭാവി ശോഭനം തന്നെയാണ്.
Iron Lung എന്ന്അറിയപ്പെട്ടിരുന്ന മെഷീനെ കുറിച്ച് കേട്ടിട്ടുണ്ടോ ? (കവർ ചിത്രം, വിക്കിപീഡിയയിൽ നിന്ന്)
പോളിയോരോഗ ബാധിതര്‍ ആവുന്ന കുട്ടികളില്‍ ശ്വസനത്തിനു സഹായകമാവുന്ന നെഞ്ചിലെ പേശികള്‍ക്ക് തളര്‍ച്ച വരുകയും ശ്വസനം പ്രയാസമാവുകയും ചെയ്യാം.
1950 കളില്‍ പ്രസ്തുത യന്ത്രം ഉപയോഗിച്ചാണ് ശ്വസന ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ പരിചരിച്ചിരുന്നത്.
മലർന്നു കിടന്നു മുകളിലോട്ടു നോക്കുക മാത്രമാണ് കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. മെഷീനില്‍ നിന്ന് വായു വെളിയിലേക്ക് പോവുമ്പോള്‍ മാത്രമേ കുട്ടിക്ക് സംസാരിക്കാന്‍ കഴിയൂ. ഇത് ഈ പറഞ്ഞ “സുവര്‍ണ്ണ കാലത്തെ” അമേരിക്കന്‍ അവസ്ഥ ആണ്. ഇന്ത്യ പോലൊരു രാജ്യത്തെ കുട്ടികള്‍ക്ക് ഈ സൗകര്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇത്തരം കുട്ടികള്‍ അന്ന് ഇവിടെ മരിച്ചു പോവുകയായിരുന്നു…
വന്ന വഴി മറക്കരുതെന്ന് പറയുകയും കൂടിയാണ്. വാക്സിനേഷന്‍റെ എല്ലാ ഗുണവും അനുഭവിച്ച്, ആ പകർച്ചവ്യാധികളില്ലാത്ത ലോകത്തിരുന്ന്, ശാസ്ത്രത്തിന്റെ തന്നെ പ്രോഡക്റ്റായ ഫേസ്ബുക്കിലും വാട്സാപ്പിലും വ്യാജവൈദ്യവും രോഗശാന്തിക്കുള്ള പ്രാർത്ഥനകളും ഉണ്ടാക്കിയും ഷെയർ ചെയ്തും അഭിരമിക്കുമ്പോൾ, അതു വിശ്വസിച്ച് പല ജീവനുകളും പൊലിയുമ്പോ, വന്ന വഴിയേതെന്ന് ഓർമ്മിപ്പിച്ചതാണ്. ഇങ്ങനൊരു ലോകമുണ്ടാവാൻ ഒരുപാട് പേരുടെ കഠിനാധ്വാനവും കഴിവും ഉപയോഗിച്ചിട്ടുണ്ടെന്നും അറിയാൻ വേണ്ടി കൂടിയാണ്.
അനുബന്ധം: പോളിയോ കൊണ്ട് മനുഷ്യർക്കു പരോക്ഷമായ ചില ഗുണങ്ങൾ ഉണ്ടായി.
1. വെന്റിലേറ്ററിന്റെ കണ്ടുപിടിത്തത്തിലേക്ക് വഴിവെച്ചു. മേൽപ്പറഞ്ഞ “ഇരുമ്പു ശ്വാസകോശങ്ങൾ” പിന്നീട് വെന്റിലേറ്ററിനു വഴിമാറി, മറ്റു രോഗാവസ്ഥകളിൽ ഉൾപ്പെടെ അനേക ജീവനുകൾ അതിലൂടെ രക്ഷിക്കാൻ പറ്റി.
2. ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ എന്ന വൈദ്യശാസ്ത്ര ശാഖ അഭിവൃദ്ധിപ്പെടാനും ഒരു കാരണമായി.
മറ്റു പല രോഗങ്ങൾ മൂലവും വൈകല്യം ബാധിച്ചവർക്ക് അത് അനുഗ്രഹമായി.
This article is shared under CC-BY-SA 4.0 license.