· 3 മിനിറ്റ് വായന

ഇടിയും മിന്നലും വരുമ്പോൾ അറിയേണ്ടവ!

Current AffairsFirst Aidആരോഗ്യ അവബോധംപൊതുജനാരോഗ്യം

ഒരു ചൂട് കാപ്പി മൊത്തിക്കുടിച്ച് മഴയുടെ താളത്തിലുള്ള സംഗീതം കേട്ട് മഴച്ചാറ്റലിന്റെ കുളിരേറ്റു വാങ്ങി ഇരുളുന്ന ആകാശത്തിലേക്ക് നോക്കിയിരിക്കുമ്പോഴാവും ആകാശത്തെ വെടിക്കെട്ട്. മഴയുടെ സംഗീതത്തിന് താളവും നിറവും കൊടുക്കാൻ, കിഴക്കേ ആകാശത്തിൽ കൊള്ളിയാൻ. അത് കഴിഞ്ഞ് വെടിക്കെട്ടും. എന്നാൽ ഈ സംഗീത കച്ചേരിയുടെ ആസ്വാദനത്തിനു ഇത്തിരി കുറവ് വരുത്തി കൊണ്ട് ചില കയ്പുള്ള ഓർമ്മകള് മനസ്സിൽ വരും, മിന്നലേറ്റ്‌ വന്ന രോഗികളെക്കണ്ട ഓര്മ്മകള്.

സൂര്യാഘാതത്തില് നിന്ന് രക്ഷപ്പെടാൻ വേനൽ മഴ വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ വന്നത് മഴയും കൂടെ മിന്നലും ഇടിയും മേമ്പൊടിക്ക് കാറ്റും. മിന്നലേറ്റ് രണ്ടുപേർ മരിക്കുകയും ചെയ്തു.

മേഘങ്ങളിൽ നിന്നും പുറപ്പെടുന്ന വൈദ്യുതി ധാരയാണ് മിന്നൽ. മേഘങ്ങൾ തമ്മിലോ ഭൂമിയിലേക്കോ വൈദ്യുതി പ്രവഹിക്കാം. ഏറ്റവും പ്രതിരോധം കുറഞ്ഞ വഴിയിലൂടെയാവും ഈ പ്രവാഹം. വളരെ തീവ്രത കൂടിയ വൈദ്യുത പ്രവാഹമാണിത്, ദശലക്ഷക്കണക്ക് വോൾട്ടും പതിനായിരക്കണക്ക് ആംപിയർ ശക്തിയുമുണ്ടിതിന്.

ഈ ശക്തമായ വൈദ്യുതി പ്രവാഹത്തോടൊപ്പം വെളിച്ചവും ശബ്ദവും ഉണ്ടാവും, വായുവിന്റെ പ്രതിരോധം മൂലമാണിത്. വെളിച്ചത്തെ മിന്നലെന്നും ശബ്ദത്തെ ഇടി എന്നും നമ്മൾ വിളിക്കുന്നു.

ഇടിമിന്നലേറ്റാൽ മൂന്ന് തരത്തിലുള്ള പരിക്കുകളാണുണ്ടാവുക

1. പൊള്ളൽ മൂലം
2. സ്ഫോടനം മൂലം
3. വൈദ്യുതി മൂലം

പൊള്ളൽ (Burns)

പ്രത്യേക ആകൃതിയിലുള്ള പൊള്ളലുകൾ ഉണ്ടാവാം. 0.3 മുതൽ 2.5 സെന്റീമീറ്റർ വരെ വീതിയും 3 മുതൽ 30 സെന്റീമീറ്റർ വരെ നീളവുമുള്ള നേർരേഖയിലുള്ള പൊള്ളലുകൾ സാധാരണമാണ്. ശരീരത്തിൽ ധരിച്ചിരിക്കുന്ന ലോഹ ആഭരണങ്ങൾ ഉരുകിയും പൊള്ളലുണ്ടാവാം. 1000 ഡിഗ്രി സെൽഷ്യസ് ദ്രവണാങ്കമുള്ള സ്വർണ്ണം പോലും ഉരുകാം. വസ്ത്രങ്ങളും ചെരുപ്പും മറ്റും കത്തിപ്പോകാനും സാധ്യതയുണ്ട്.

Filigree burns/ Arborescent markings (Lichenberg flowers)

ത്വക്കിന് പുറമേ കാണുന്ന അടയാളങ്ങളാണിത്. വൃക്ഷത്തിൽ നിന്നും ശിഖിരങ്ങൾ പടരുന്ന ആകൃതിയാണിതിനുള്ളത്. ഇടിമിന്നലേറ്റാൽ മാത്രമേ ശരീരത്തിൽ ഇത്തരം ഒരടയാളമുണ്ടാകൂ. രക്ഷപ്പെടുന്ന വ്യക്തികളിൽ ഒന്നോ രണ്ടോ ദിവസത്തിനകം ഈ അടയാളം അപ്രത്യക്ഷമാകും.

സ്ഫോടനം (Blast effect)

ഇടിമിന്നലുണ്ടാവുമ്പോൾ അന്തരീക്ഷവായു അതി ശക്തമായി ചൂടാവുന്നു. 20000 ഡിഗ്രി സെൽഷ്യസ് വരെ ആകാം ഇത്. ശക്തമായ ഈ ചൂടിൽ വായു അതിശക്തമായി വികസിക്കുന്നു. ഒരു സ്ഫോടനത്തിന് സമാനമാണിത്. തലയോട്ടിക്കോ, എല്ലുകൾക്കോ പൊട്ടലുണ്ടാവാനും ശ്വാസകോശം, കുടൽ തുടങ്ങിയ ആന്തരാവയവങ്ങൾക്ക് പരിക്കുണ്ടാവാനും ഇത് കാരണമാവാം. മാംസപേശികളിൽ പരിക്കുണ്ടാവുകയും പരിക്ക് പറ്റിയ പേശികളിൽനിന്നും ചില ഘടകങ്ങൾ രക്തത്തിൽ കലരാനും അത് കിഡ്നിയുടെ പ്രവർത്തനം തകരാറിലാക്കാനും ഇടയാക്കാം (Crush Syndrome). ചിലപ്പോൾ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം കൂടി ഹൃദയത്തിന്റെ പ്രവർത്തനവും തകരാറിലാവാം.

വൈദ്യുതി മൂലം

വൈദ്യുതാഘാതം (Electric Shock), തെറിച്ചു വീഴുന്നത് കൊണ്ടുള്ള പരിക്കുകള്, ശ്വാസനം നിലയ്കൽ , ഹൃദയത്തിന്റെ താളം തെറ്റൽ, തീവ്രത കൂടിയ പൊള്ളൽ (ഇടി മിന്നല് ഏല്ക്കുമ്പോള് തൊലിപ്പുറത്ത് ഉള്ളതിനേക്കാള് കൂടുതല് പൊള്ളല് ആന്തരിക അവയവങ്ങള്ക്ക് ഉണ്ടാവാം). ഇവയുടെ എല്ലാം പരിണിതഫലമായി ജീവഹാനിയോ, താല്ക്കാലികമോ സ്ഥിരമോ ആയ അംഗ വൈകല്യങ്ങളോ ഉണ്ടാവാം.

മിന്നലേല്ക്കുന്നതിന്റെ ലക്ഷണങ്ങൾ

ശരീരത്തിലൂടെയുള്ള ശക്തമായ വൈദ്യുത പ്രവാഹത്താൽ മിന്നലേറ്റയുടൻ അബോധാവസ്ഥയിലാവാനും, പക്ഷാഘാതം സംഭവിക്കാനും, മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അവസരോചിതമായ ഇടപെടലുകൾ കൊണ്ടും, പലപ്പോഴും ഭാഗ്യം കൊണ്ടും ജീവൻ കിട്ടിയാലും പലപ്പോഴും ഇതിന്റെ ബാക്കിപത്രമായി പല തകരാറുകളും ഉണ്ടായേക്കാം.

അതിൽ ഓർമ്മക്കുറവ്, കാഴ്ചയും കേൾവിയും നശിക്കുക, ചെവിയിൽ മൂളൽ, തലകറക്കം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായും കാണപ്പെടുക.

പൊള്ളൽ മൂലമോ, സ്ഫോടനം മൂലമുണ്ടാകുന്ന പരിക്ക് മൂലമോ, വൈദ്യുതാഘാതം മൂലമോ മരണം സംഭവിക്കാം.

സ്ഫോടനത്തിന്റെ ശക്തിയിൽ കർണ്ണപടത്തിൽ സാരമായ പരിക്കേൽക്കാൻ സാധ്യതയുണ്ട്.

മസ്തിഷ്കത്തിലും സുഷുമ്നയിലും രക്തസ്രാവവും നാഡികൾക്ക് ക്ഷതവും ഉണ്ടാവാൻ സാധ്യതയുണ്ട്.

കാഴ്ചക്ക് സഹായിക്കുന്ന നാഡിക്ക് പരിക്കേൽക്കുന്നതിനാൽ കാഴ്ചയും നഷ്ടപ്പെടാം.

മിന്നലേൽക്കാവുന്ന സാഹചര്യങ്ങൾ

ഒരാളുടെ ശരീരത്തിൽ നേരിട്ട് മിന്നലേറ്റോ, സമീപത്തുള്ള താരതമ്യേന പ്രതിരോധം കുറഞ്ഞ ലോഹങ്ങളിലോ മറ്റോ മിന്നലേറ്റോ, ആൾ നിൽക്കുന്ന പ്രതലത്തിൽ മിന്നലേറ്റോ അപകടം സംഭവിക്കാം. കൂടാതെ മിന്നലിലെ വൈദ്യുതി ജലത്തിലേക്ക് പ്രവഹിച്ച് ആ ജലപ്രവാഹം ശരീരത്തിൽ സ്പർശിച്ചും വൈദ്യുതാഘാതമേൽക്കാം.

ഉയരമുള്ള വസ്തുക്കളിലാണ് ഏറ്റവും പെട്ടെന്ന് മിന്നലേൽക്കുക. കൂർത്ത അഗ്രമുള്ള വസ്തുക്കളിലാണ് കൂടുതൽ എളുപ്പത്തിൽ മിന്നലേൽക്കുന്നതെന്നും അറിയാമല്ലോ. ഈ തത്വമാണ് മിന്നൽ രക്ഷാ ചാലകങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ജാഗ്രത വേണ്ട കാര്യങ്ങള്

? കഴിയുന്നതും മഴയും ഇടിയും ഉണ്ടാവുന്നതിനു മുന്പ്, കുറഞ്ഞ പക്ഷം ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം.

? ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

? ജനലും വാതിലും അടച്ചിടുക.

? ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

? ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്.

? ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ കേറി ഇരിക്കരുത്.

? വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

? വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി അകത്തു തന്നെ ഇരിക്കണം.

? ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

? തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

? ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന വസ്ത്രങ്ങൾ, അയ്യോ നനയുമെന്ന് പേടിച്ച് എടുക്കാൻ ഓടരുത്. അവ നനഞ്ഞാലും സാരമില്ല. ഉടുക്കാനുള്ള ആളാണ് പ്രധാനം.

? തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില് ഇടിമിന്നല് ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര് ഉയര്ന്ന വേദികളില് ഇത്തരം സമയങ്ങളില് നില്ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

? ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര് ഘടിപ്പിക്കാം.

ഇടിമിന്നലേറ്റ് അബോധാവസ്ഥയിൽ ഉള്ള ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണം/ചെയ്യരുത് എന്ന അറിവും ഉണ്ടാവണം.

1. സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേൽക്കുന്നത്. അതുകൊണ്ട് മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ തൊട്ടാൽ കറണ്ടടിക്കില്ല.

2. പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലൊ ആള് മരിക്കുന്നത് കുറവാണ്. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്.

3. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം, CPR എന്നിവ നൽകുക.

4. മിന്നലേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

5. പെട്ടെന്നുള്ള വീഴ്ചയിൽ കഴുത്തിലെ കശേരുക്കൾക്ക് പരിക്കേറ്റ ഒരാളെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുമ്പോൾ ചിലപ്പോൾ കൂടുതൽ പരിക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യം ഉണ്ടാവാനുള്ള സാധ്യതകൂടി പരിഗണിച്ചുവേണം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുവാൻ.

6. പരിക്കേറ്റയാളുകളെ ശ്രദ്ധാപൂർവ്വം മാത്രം വാഹനങ്ങളിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക.

സുരക്ഷാ നിര്ദ്ദേശങ്ങള് ഒരു കാരണവശാലും അവഗണിക്കാതിരിക്കുക, ജാഗ്രതാ നിര്ദ്ദേശങ്ങള് പാലിക്കുക, ജീവനും ആരോഗ്യവും അമൂല്യമാണ്.

ലേഖകർ
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ