· 5 മിനിറ്റ് വായന

വേനൽക്കാല ആരോഗ്യ പ്രശ്നങ്ങൾ

ആരോഗ്യ അവബോധംആരോഗ്യ പരിപാലനംപൊതുജനാരോഗ്യം

വേനലിലുയരുന്ന താപനിലക്കൊപം കേരളത്തിന്റെ സവിശേഷമായ അന്തരീക്ഷ ഈർപ്പം കൂടി കൂട്ട് കൂടുമ്പോള് ആരോഗ്യപ്രശ്നങ്ങളുടെ കാഠിന്യം കൂടുന്നുണ്ട്.

*ഉഷ്ണകാലത്ത് വരുന്ന രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്ക്കൊപ്പം മുന്കാലങ്ങളില് പ്രസിദ്ധീകരിച്ച പ്രസക്തമായ ലേഖനങ്ങളുടെ ലിങ്കുകള് കൂടി ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുന്നു. കൂടുതല് അറിയുവാന് ലിങ്കുകള് തുറന്നു വായിക്കുമല്ലോ.

നിസ്സാരമായ ചൂടുകുരുവിൽ തുടങ്ങി നിർജ്ജലീകരണം, ജീവഹാനിക്കു വരെ കാരണമായേക്കാവുന്ന സൂര്യാഘാതം, മൂത്രത്തിൽ പഴുപ്പ്, ചില സാംക്രമിക രോഗങ്ങള് എന്നിങ്ങനെ പല രോഗങ്ങള് വേനല്ക്കാലത്ത് കൂടുതലായി കാണുന്നു, എന്തൊക്കെയാണതെന്നും, എന്താണ് ശ്രദ്ധിക്കേണ്ടതെന്നും നോക്കാം.

ചൂട് കൊണ്ടുള്ള ശാരീരിക പ്രശനങ്ങൾ കൂടുതലായി ബാധിക്കുന്നത് ചെറിയ കുട്ടികൾ, പ്രായമേറിയവർ, കൂടുതൽ കായികക്ഷമത ആവശ്യമുള്ള ജോലികൾ ചെയ്യുന്നവർ, പ്രമേഹം പോലുള്ള ക്രോണിക് അസുഖങ്ങൾ ഉള്ളവർ എന്നിവരിലാണ്.

ചൂട് കാലത്തെ പ്രധാന ആരോഗ്യ പ്രശ്നങ്ങള്

1, ചൂട് കുരു

വേനല്ക്കാലത്ത് സാധാരണമായി കണ്ടു വരുന്ന ചെറിയ കുരുക്കളാണിത്. വിയർപ്പ് ഗ്രന്ഥികൾ അടയുന്നത് വഴിയാണ് ഇവയുണ്ടാകുന്നത്.

ചൂട് അന്തരീക്ഷം കഴിയുന്നതും ഒഴിവാക്കുന്ന പ്രവർത്തികൾ ഉദാ:
*അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുന്നത്,
*തണുത്ത വെള്ളത്തിൽ കൂടുതൽ തവണ കുളിക്കുന്നത്,
*ഫാൻ എ.സി എന്നിവ ഉപയോഗിച്ച് താപനില കുറയ്ക്കുന്നത്
ഇത്യാദി വഴി ഒരു പരിധി വരെയിത് പ്രതിരോധിക്കാം.

സാധാരണ ഗതിയിൽ കുറച്ച് ദിവസങ്ങൾ കൊണ്ട് തനിയേ ഇത് മാറും. എന്നാല് അസഹ്യമായ രീതിയില് ബുദ്ധിമുട്ടുകള് ഉണ്ടായാല് ഒരു ത്വക്ക്‌ രോഗവിദഗ്ധനെ കാണണം.

2, മൂത്രത്തില് പഴുപ്പ്

വേനൽക്കാലത്ത് സാധാരണയിൽ കവിഞ്ഞ അളവിൽ വെളളം കുടിക്കേണ്ടതായുണ്ട് എന്നാൽ അതിന്റെ അഭാവത്തിൽ മൂത്രത്തിൽ പഴുപ്പ് പോലുള്ള രോഗങ്ങൾക്കും സാധ്യതയുണ്ട്.

ഏറ്റവും അനാരോഗ്യകരമായ ഒരു ശീലമാണ് മൂത്രം പിടിച്ചു വയ്ക്കുക എന്നത്. പലപ്പോഴും അസൗകര്യങ്ങളും അശ്രദ്ധയും കാരണം സ്ത്രീകള് ഈ വിധ കൃത്യം ചെയ്തു പോവും.

കിഡ്നി മുതൽ മൂത്രനാളം വരെ അണുബാധ ഉണ്ടാകാം.
സ്ത്രീകളിലെ നീളം കുറഞ്ഞ യൂ റിത്ര (urethra/മൂത്രനാളം) കാരണം പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് മൂത്രത്തിൽ അണുബാധ കൂടുതലായി കാണുന്നത്.

പുരുഷന്മാരിൽ ഇത് സാധാരണമല്ലെങ്കിലും, ഒരു വയസ്സിൽ താഴെ ഉള്ളവരിലും അറുപത് വയസ്സിനു മുകളിൽ ഉള്ളവരിലും (പ്രത്യേകിച്ചു പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ അസുഖമുള്ളവരിൽ) ഇത് വരാനുള്ള സാധ്യത കൂടുന്നു.

ഗർഭകാലത്തുണ്ടാകുന്ന മൂത്രത്തിലെ അണുബാധ ഗൗരവപൂർവ്വം ശ്രദ്ധിക്കേണ്ട ഒന്നാണ്. കൃത്യമായ വൈദ്യ പരിശോധയും ചികിത്സയും ലഭ്യമാക്കണം. അല്ലാത്ത പക്ഷം അണുബാധയുടെ സങ്കീര്ണതകളായി മാസം തികയാതെയുള്ള പ്രസവമൊക്കെ സംഭവിക്കാം.

മൂത്രമൊഴിക്കുമ്പോൾ ഉള്ള പുകച്ചിലും വേദനയും, വീണ്ടും വീണ്ടും മൂത്രമൊഴിക്കാൻ ഉള്ള തോന്നൽ, അടിവയറിലെ വേദന , നടു വേദന, മൂത്രത്തിന് നിറം മാറ്റം ദുർഗന്ധം, മൂത്രത്തിൽ രക്തം പോവുക , പനി, ച്ഛര്ദ്ദി, ഓക്കാനം എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ.

മൂത്ര പരിശോധനയിലൂടെ അണുബാധ കാരണമുണ്ടായ പഴുപ്പു കണ്ടു പിടിക്കാനും, പഴുപ്പുകോശങ്ങളുടെ എണ്ണമറിയാനും സാധിക്കും. യൂറിൻ കൾച്ചർ ടെസ്റ്റ് ചെയ്യുന്നതിലൂടെ അണുബാധയ്ക്കു കാരണക്കാരനായ ബാക്ടീരിയ ഏതിനമാണെന്നു കണ്ടുപിടിക്കുന്നതിനോടൊപ്പം ഇത് വഴി കൃത്യമായ ആന്റിബയോട്ടിക് ബാക്റ്റീരിയക്കു എതിരെ നൽകാനും സാധിക്കുന്നു.

കിഡ്‌നിയിലോ മൂത്രസഞ്ചിയിലോ ഉള്ള തടസ്സങ്ങൾ (കല്ല്, മറ്റു വളർച്ചകൾ തുടങ്ങിയവ) ഉണ്ടെന്നു സംശയിക്കുന്നവരിൽ , അടിക്കടി അണുബാധ വരുന്നവരിൽ ഒക്കെ സ്കാനിംഗ്, യൂറോഗ്രാം, സിസ്റ്റോസ്കോപ്പി തുടങ്ങിയ പരിശോധനകൾ നടത്തുന്നു.
അണുബാധയ്ക്കു എതിരെ പടപൊരുതാൻ ആന്റിബയോട്ടിക്ക് സൈന്യത്തെയാണ് പറഞ്ഞയക്കാറുള്ളത്.

ഒരു യുദ്ധം ഒഴിവാക്കാൻ എന്നും നന്നായി വെള്ളം കുടിക്കുക. മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ ഉണ്ടാകുമ്പോൾ മാത്രം വെള്ളം കുടിക്കുക എന്നതല്ലാതെ എന്നും അതൊരു ശീലമാക്കുക. അടിക്കടി അണുബാധ വരുന്നവർ കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണം.

വെള്ളം കുടിച്ചാൽ മാത്രം പോര, കൃത്യമായ ഇടവേളകളിൽ മൂത്രം പിടിച്ചു വയ്ക്കാതെ മൂത്രമൊഴിച്ചു കളയാനും ശ്രദ്ധിക്കണം. പകൽ വെള്ളം കുടിക്കുന്നില്ല എന്ന കാരണം മനസിൽ കരുതി പലരും കൃത്യമായി മൂത്രമൊഴിച്ചു കളയുന്നതിൽ മടി കാണിക്കാറുണ്ട് . ഇത് ശരിയല്ല .

വ്യക്തി ശുചിത്വമാണ് മറ്റൊന്ന്. അടിവസ്ത്രങ്ങളിലെ വിയർപ്പ് നനവ് എന്നിവ കഴിയുന്നതും ഒഴിവാക്കുക. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ പങ്കാളികൾ ശ്രദ്ധിക്കുക.

3, പ്രധാന സാംക്രമിക രോഗങ്ങള്

A, ചിക്കൻ പോക്സ്
കൂടുതലറിയാൻ :
https://infoclinic.in/posts/a-mariyamman-entry

B, ചെങ്കണ്ണ്

നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേർത്ത ആവരണമായ കണ്‍ജന്‍റ്റീവ ക്കുണ്ടാവുന്ന (Conjunctiva) അണുബാധയും തുടർന്നുണ്ടാകുന്ന നീർകെട്ടുമാണ് ഇതിന് മൂലകാരണം. അതുകൊണ്ട് രക്തക്കുഴലുകൾ വികസിക്കുകയും രക്തപ്രവാഹം കൂടുകയും കണ്ണ് ചുവന്നതായി മാറുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ മുതലായ രോഗാണുക്കളാണ് സാധാരണയായി ചെങ്കണ്ണുണ്ടാക്കുന്നത്.

ചൂടുകാലങ്ങളിൽ ധാരാളം പേർക്ക് ഈ രോഗം പടർന്നു പിടിക്കുന്നതിനുള്ള പ്രധാനകാരണം വൈറസാണ്. അതോടൊപ്പം ചിലർക്ക് പനിയും ജലദോഷവും വരാം. പിന്നീടതിൽ ബാക്റ്റീരിയയുടെ കടന്നുകയറ്റവും കൂടിയാകുമ്പോൾ രോഗം മൂർച്ഛിച്ച് ചുവന്ന്, പീളകെട്ടി, കാഴ്ചമങ്ങുന്നതിനും കാരണമാകാം. ബാക്‌ടീരിയ ഒറ്റയ്ക്കും രോഗമുണ്ടാക്കാറുണ്ട്. അത് സാധാരണയായി ദിവസങ്ങൾക്കുള്ളിൽ തന്നെ അവസാനിക്കുകയും ചെയ്യും.

ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ ചിട്ടവട്ടങ്ങളും മൂലം രോഗബാധയുള്ളവരുടെ കണ്ണിലെ ദ്രവം ഏതെങ്കിലും വിധേന മറ്റുള്ളവരിലേക്കെത്തിയാൽ ; ഉദാഹരണമായി ഉപയോഗിക്കുന്ന തുണികളിലൂടെയും പാത്രങ്ങൾ, ഗ്ലാസ്, മൊബൈൽഫോൺ, പേന, ടിവി റിമോട്ട് മുതലായ നിത്യോപയോഗ വസ്തുക്കളിലൂടെയും അണുക്കൾ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഉണ്ട്.

ലക്ഷണങ്ങളും ചികില്‍സയും വായിച്ചറിയാൻ
https://infoclinic.in/posts/conjunctivitis

C, ജല ജന്യ രോഗങ്ങൾ

വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ), കോളറ, അതിസാരം തുടങ്ങിയവ.

കുടിവെള്ളത്തിന് ദൗർലഭ്യതയും, ഉറവിടങ്ങൾ മലിനപ്പെടുന്നതും, ദാഹം കൂടുന്നത് കൊണ്ട് ശുദ്ധി ഉറപ്പുവരുത്താത്ത ഉറവിടങ്ങളിൽ നിന്നുള്ള വെള്ളം വരെ കുടിക്കുന്നതുമൊക്കെ രോഗ സാധ്യത കൂട്ടുന്നു.

i,വയറിളക്ക രോഗങ്ങൾ

വയറിളക്കം – റോട്ട വൈറസ്‌ രോഗാണു ബാധ വയറിളക്കം ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളില്‍ ഒന്നാണ്.

പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്ങിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ് .

അതിസാരം

പത്ത് ശതമാനത്തിൽ താഴെ വയറിളക്ക രോഗങ്ങളിൽ മലത്തിൽ രക്തവും കഫവും കൂടെ കലർന്നിരിക്കും.ഇത്തരം വയറിളക്കങ്ങളെയാണ് Acute Dystentery എന്ന് പറയുന്നത്. ഷിഗെല്ല എന്ന ബാക്ടീരിയയാണ് ഇത്തരം വയറിളക്കത്തിന് പ്രധാന കാരണം.
കുടിവെള്ളം മലിനമാകുന്നതാണ് പ്രധാന കാരണം. കുറച്ചു കൂടി വ്യക്തമാക്കിയാൽ മനുഷ്യമലം കലർന്ന വെള്ളമോ ഭക്ഷണമോ കഴിക്കുമ്പോളാണ് ഈ കോളി, ഷിഗെല്ലാ എന്നീ ബാക്ടീരിയകളെക്കൊണ്ടുള്ള വയറിളക്കം ഉണ്ടാകുന്നത്.
കൂടുതലറിയാന്‍ :

https://infoclinic.in/posts/dysentery-not-a-simple-disease/

കോളറ

വയറിളക്കം ലക്ഷണമായി കാണുന്ന മറ്റൊരു പ്രധാന രോഗം Vibrio Cholerae എന്ന ബാക്ടീരിയ പരത്തുന്ന കോളറ ആണ്. കഞ്ഞി വെള്ളത്തിന്‌ സമാനമായ രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തില്‍ കാണപ്പെടുക. കൂടെ ചര്‍ദ്ദിയും ഉണ്ടാവാം.
കൂടുതല്‍ അറിയാന്‍:
https://infoclinic.in/posts/again-cholera-deaths-in-kerala

*ഓ.ആർ.എസ് അഥവാ പാനീയ ചികിത്സയെക്കുറിച്ച്
https://infoclinic.in/posts/ors-the-fluid-of-life

ii, ജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തങ്ങൾ ( വൈറൽ ഹെപ്പറ്റൈറ്റിസ് A& E)

*ഭക്ഷണവിരക്തി, പനി, ക്ഷീണം, ഓക്കാനം, ചര്‍ദ്ദി, മൂത്രത്തിന് കടുത്ത മഞ്ഞ നിറം എന്നിവ ഒക്കെ ആയിരിക്കും വൈറല്‍ ഹെപ്പറ്റൈറ്റിസ് മഞ്ഞപ്പിത്തതിന്റെ ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം പിടിപെട്ട രോഗികള്‍ ആഹാരത്തില്‍ ഉപ്പു ഉപയോഗിക്കാന്‍ പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത് തീര്‍ത്തും അശാസ്ത്രീയമാണ്.

iii, ടൈഫോയിഡ്

*നീണ്ടു നില്‍ക്കുന്ന പനി ആണ് സാല്മോണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് രോഗത്തിന്റെ പ്രധാന ലക്ഷണം.

ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും. എന്നാല്‍ നാലഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതല്‍ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു.

ഈ സമയത്തെങ്കിലും ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള ശരിയായ ചികിത്സ ലഭ്യമായില്ലെങ്കിൽ ടൈഫോയിഡ് മൂലം ചെറുകുടലില്‍ കാണപ്പെടുന്ന അള്‍സര്‍ മൂർഛിച്ചു കുടലില്‍ സുഷിരം വീഴുകയും തലച്ചോറിന്‍റെ പ്രവര്‍ത്തനം തകരാറിലായി ബോധക്കേട് ഉണ്ടാവുകയും ചെയ്യാം.

4, നേരിട്ട് സൂര്യാതപം ഏൽക്കുന്നവരിൽ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങള്‍.

a, സൂര്യാതപം (sunburn)

സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. വെള്ളം തട്ടുമ്പോൾ ഉള്ള നീറ്റൽ ആയും, ചുവന്നു തിണർത്ത പാടുകളായും ആണ് ലക്ഷണങ്ങൾ കാണിക്കുന്നത്.വെയിലിൽ നടക്കുമ്പോൾ കുട ഉപയോഗിക്കുക, മുഴുനീളൻ അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക, sunscreen ലോഷനുകൾ പുരട്ടുക തുടങ്ങിയവയാണ് സൂര്യാതപത്തിൽ നിന്നും രക്ഷപ്പെടാൻ ചെയ്യേണ്ടത്.

b, ചൂട് കൂടുന്നത് കൊണ്ടുണ്ടാകുന്ന പേശികളുടെ കോച്ചിപ്പിടുത്തം(heat cramps):

വിയർക്കൽ പ്രക്രിയയിലൂടെയും, ശരീരത്തിൽ നിന്നുള്ള സോഡിയത്തിന്റെ നഷ്ടം തടഞ്ഞു കൊണ്ടുമാണ് ശരീരം
താപനില ക്രമീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അനിയന്ത്രിതമായി ഊഷ്മാവ് കൂടിയാൽ ഈ സംവിധാനങ്ങൾ തകരാറിലാവും, അനുബന്ധമായി കുടിയ്ക്കുന്ന വെള്ളം ആവശ്യത്തിന് തികയാതെ വന്നാൽ നിർജ്ജലീകരണമുണ്ടായി പ്രശ്നങ്ങളുടെ തീവ്രത കൂടുന്നു.

ചൂടുകാലത്ത് കൂടുതൽ കായികാധ്വാനം ചെയ്യുന്നവരിൽ കൂടുതലായി വിയർക്കാനുള്ള സാധ്യത ഉണ്ട്. വിയർപ്പു വഴി അമിത ലവണ നഷ്ടം സംഭവിക്കുന്നു. ഇത് പേശികളുടെ വേദനയ്ക്കും കോച്ചിപ്പിടുത്തതിനും കാരണമാകുന്നു.

പെട്ടെന്ന് ചെയ്യാൻ പറ്റുന്ന പ്രാഥമിക കാര്യം ലവണങ്ങളും ജലവും വീണ്ടെടുക്കാനുതകുന്ന പാനീയങ്ങൾ കുടിക്കുക എന്നുള്ളതാണ്. ഉപ്പിട്ട തിളപ്പിച്ചാറിയ വെള്ളം, ഓ ആർ എസ് ലായനി, ഉപ്പും പഞ്ചസാരയുമിട്ട നാരങ്ങാ വെള്ളം, ഫ്രൂട്ട് ജ്യൂസുകൾ, കരിക്കിൻ വെള്ളം, കഞ്ഞി വെള്ളം, സംഭാരം എന്നിങ്ങനെയുള്ളവയാണ് ഉചിതം.

c, ചൂട് മൂലമുള്ള തലകറക്കം (Heat Syncope)

ഉയർന്ന താപനിലയിൽ രക്തക്കുഴലുകളുടെ വികാസം മൂലമുണ്ടാകുന്ന മറ്റൊരു ശാരീരിക പ്രശ്നമാണ് heat syncope. ഓക്കാനം, തലകറക്കം, ക്ഷീണം, വിഭ്രാന്തി, തലവേദന എന്നിവയൊക്കെയാണ് പ്രഥമ ലക്ഷണങ്ങൾ. രക്ത സമ്മർദ്ദം കുറയുക ബോധക്ഷയം തുടങ്ങിയ സങ്കീർണ്ണതകളും ഇത് വഴി ഉണ്ടാകാം. രോഗിയെ ഉയർന്ന താപനില ഉള്ള ചുറ്റുപാടിൽ നിന്നും മാറ്റുക. ഇറുകിയ വസ്ത്രങ്ങൾ അഴിച്ചു മാറ്റുക. ശരീരം തണുപ്പിക്കുക. ജലവും ലവണങ്ങളും നൽകുക എന്നുള്ളതാണ് ചെയ്യാനുള്ളത്.

d, ചൂട് മൂലമുള്ള തളർച്ച ( Heat Exhaustion):

ശരീര താപനില 37 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്നതിന്റെ(40ഡിഗ്രി സെൽഷ്യസ് വരെ) ഭാഗമായുണ്ടാവുന്ന ശാരീരികാസ്വാസ്ഥ്യങ്ങളെ heat exhaustion എന്നു പറയുന്നു. കൂടിയ വിയർപ്പ് ,നിർജ്ജലീകരണം ,തളർച്ച, വർദ്ധിച്ച ഹൃദയമിടിപ്പ് ,തലവേദന, അസ്വസ്ഥത എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. വായ് വഴിയോ ഞരമ്പിലെ ഇഞ്ചക്ഷൻ വഴിയോ ജലവും ലവണങ്ങളും ധാരാളമായി നൽകുക.

5, സൂര്യാഘാതം (Heat Stroke/ Sun stroke) :

കൂടുതലറിയാൻ മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റ്:
സൂര്യാഘാതത്തെ പറ്റിയുള്ള പോസ്റ്റുകൾ:

https://www.facebook.com/1056731331111377/posts/2105028869614946/

https://www.facebook.com/1056731331111377/posts/2099717366812763/

https://www.facebook.com/1056731331111377/posts/2096567167127783/

വെയിൽചൂടിൽ കരുതലോടെ ഇരിക്കാൻ ശ്രമിക്കാം..ശ്രദ്ധിക്കാം..

ലേഖകർ
Dr Sabna . S, graduated from sri venkateswara medical college, Pondicherry. Now working as medical officer in vayomithram project under kerala social security mission . Intersted in medical science and literature. Published 5 books (poems, stories and novel) in malayalam . Got awards (Abudabi sakthi award, ankanam award, bhaasha puraskaaram, velicham award, srishti puraskaaram etc) for poems and short stories. Writing health related columns, stories and poems in newspapers and magazines. Did programmes in akashavani, other radio and television channels .
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ