· 6 മിനിറ്റ് വായന

അപകടങ്ങൾ പതിയിരിക്കുന്ന രാത്രികാല യാത്രകൾ

Current Affairsസുരക്ഷ

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിൽ ചില വാഹനാപകട വാർത്തകൾ സമ്മാനിച്ച മരവിപ്പ് ചെറുതല്ല.

ഓരോ വർഷവും കേരളത്തിൽ വാഹനാപകടങ്ങളിൽ പെട്ട് 4200-ൽ അധികം മരണങ്ങൾ ഉണ്ടാവുന്നു. അതായത് ഒരു ദിവസം 12 പേർ മരിക്കുന്നു. നാം ഏറെ ഭയപ്പെടുന്ന, പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന നിപ്പയോ, കൊറോണയോ, എലിപ്പനിയോ, ഡെങ്കിപ്പനിയോ ഇത്രയും മരണങ്ങൾ ഇവിടെ സൃഷ്ടിക്കുന്നില്ല എന്നോർക്കണം. ഈ മരണങ്ങളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് രാത്രിയിലാണ്, സന്ധ്യാസമയം കഴിഞ്ഞാണ്.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബഹുഭൂരിപക്ഷം അപകടങ്ങളും ഹൈവേയിൽ. ഹൈവേയിലെ അപകടങ്ങളിൽ മരണസംഖ്യയും കൂടുതലാണ്, ബസ്സുകൾ തമ്മിലോ ബസും ലോറിയും ആയോ ഉണ്ടാകുന്ന അപകടങ്ങളിൽ മരണ സംഖ്യ വളരെ കൂടുതലാണ്.

പല കാരണങ്ങൾ കൊണ്ട് അപകടം സംഭവിക്കാം. വണ്ടിയുടെ മെക്കാനിക്കൽ പ്രശ്നങ്ങൾ, റോഡിലെ പ്രശ്നങ്ങൾ തുടങ്ങി ഓടിക്കുന്ന വ്യക്തികളുടെ ആരോഗ്യപ്രശ്നങ്ങൾ വരെയുള്ള ധാരാളം കാരണങ്ങൾ.

1. ക്ഷീണം

രാത്രികാല അപകടങ്ങളുടെ പ്രധാന കാരണക്കാരിലൊന്നാണ് ക്ഷീണം.

വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഉറങ്ങി പോകാനുള്ള സാധ്യത ഒട്ടും ചെറുതല്ല. ഏകാഗ്രതയിലും ജഡ്ജ്മെൻറിലും ഉണ്ടാകുന്ന പോരായ്മ റിഫ്ലക്സിനെ ബാധിക്കാം.

സാധാരണ ഉറങ്ങുന്ന സമയത്ത് ഡ്രൈവ് ചെയ്യുമ്പോഴും ആവശ്യത്തിന് ഉറക്കം ലഭിക്കാതെ ഡ്രൈവ് ചെയ്യുമ്പോഴും തുടർച്ചയായി കൂടുതൽ സമയം ഉണർന്നിരുന്ന് വാഹനം ഓടിക്കുമ്പോഴും ഉറങ്ങി എണീറ്റ് ഉടനെതന്നെ വാഹനം ഓടിക്കുമ്പോഴും ഇടയ്ക്ക് വിശ്രമം എടുക്കാതെ തുടർച്ചയായി (2 മണിക്കൂറിൽ കൂടുതൽ) വാഹനം ഓടിക്കുമ്പോഴും ക്ഷീണം ഉണ്ടാവാം.

പലപ്പോഴും നമ്മൾ ഇത് തിരിച്ചറിയില്ല എന്നതാണ് പ്രശ്നം. എനിക്ക് ഇതുവരെ അപകടം പറ്റിയിട്ടില്ല അതുകൊണ്ട് ഇന്നും അപകടം പറ്റില്ല എന്നും ചിന്തിച്ചേക്കാം. ലക്ഷ്യത്തിൽ എത്താൻ വളരെ കുറച്ചു ദൂരമേ ഉള്ളൂ, അതിനാൽ ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷം വിശ്രമിക്കാം എന്ന് തീരുമാനിക്കുന്നവരും വിരളമല്ല.

ക്ഷീണം എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ…

ഇടയ്ക്കിടെ കോട്ടുവാ ഇടുക, അറിയാതെ ലെയ്ൻ മാറി പോവുക, കണ്ണുകൾ കൂമ്പി വരിക, കാഴ്ച അവ്യക്തമാവുക, തല ഉയർത്തി വെക്കാൻ ബുദ്ധിമുട്ട് തോന്നുക, ഇച്ഛാപൂർവ്വമല്ലാതെ വേഗത കൂടുകയോ കുറയുകയോ ചെയ്യുക, തൊട്ടുമുൻപ് കഴിഞ്ഞുപോയ സ്ഥലങ്ങളെക്കുറിച്ച് ഓർമ്മ ഇല്ലാതിരിക്കുക, ദിവാ സ്വപ്നം കാണുക.

എന്താണ് പരിഹാരം ?

ക്ഷീണം തോന്നിയാൽ വിശ്രമിക്കുക എന്നത് മാത്രമാണ് പരിഹാരം. വാഹനം നിർത്തി 15 മിനിറ്റ് എങ്കിലും ഉറങ്ങാൻ ശ്രമിക്കുക. കുറച്ചു നേരം പവർ നാപ് എടുത്താൽ പോലും അപകടങ്ങളിൽ പെടാനുള്ള സാധ്യത വളരെയധികം കുറയും.

ദീർഘദൂര ഹൈവേകളിൽ സുരക്ഷിതമായ പവർ നാപ്പ് സൗകര്യങ്ങൾ ഒരുക്കാൻ ശ്രദ്ധ കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സുരക്ഷിതമായി വാഹനത്തിനുള്ളിലെങ്കിലും കുറച്ചുസമയം ഉറങ്ങാനുള്ള സൗകര്യവും പുറത്തിറങ്ങി മലമൂത്ര വിസർജനം ചെയ്യാനുള്ള സൗകര്യങ്ങളും മുഖം കഴുകാനും മറ്റുമുള്ള സൗകര്യങ്ങളും ഉണ്ടാവണം.

യാത്രയ്ക്ക് മുൻപേ ശ്രദ്ധിക്കാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട്;

സ്ഥിരമായി ഉറങ്ങുന്ന സമയത്ത് ദീർഘദൂര യാത്ര ഒഴിവാക്കുക, ഉദാഹരണമായി രാത്രി പത്തു മുതൽ രാവിലെ ആറുമണി വരെ. ഉറക്കത്തിന് കാരണമാകുന്ന മരുന്നുകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ദീർഘ ദൂര യാത്രയ്ക്ക് മുൻപുള്ള ദിവസം നന്നായി ഉറങ്ങുക, നന്നായി വിശ്രമിക്കുക. സാധിക്കുമെങ്കിൽ യാത്രയിൽ ഒരാളെ കൂടെ കൂട്ടുക, ഡ്രൈവിംഗ് അറിയാവുന്ന ആളാണെങ്കിൽ മാറിമാറി ഓടിക്കുക. സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുക. യാത്രയിൽ ആവശ്യത്തിന് വിശ്രമം വേണം. ദീർഘസമയം കഠിന ജോലികൾ ചെയ്തതിനുശേഷം ഉടനെയുള്ള യാത്ര ഒഴിവാക്കുക.

ഒരു കാര്യം കൂടി, ക്ഷീണം മൂലമുള്ള അപകടങ്ങൾ രാത്രി മാത്രമല്ല പകലും സംഭവിക്കാം.

ദീർഘദൂര ബസുകളിലും ലോറികളിലും രണ്ട് ഡ്രൈവർമാർ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്.

2. മദ്യവും ലഹരിയും

വാഹനാപകടങ്ങളിൽ പ്രധാന കാരണങ്ങളിൽ ഒന്നാണ്.

ലിങ്ക്: https://infoclinic.in/posts/do-not-drink-and-drive

3. അമിതവേഗത

അമിത വേഗത മൂലം അപകടത്തിനുള്ള സാധ്യത മാത്രമല്ല വർധിക്കുന്നത്, അപകടത്തിൽ പെടുമ്പോൾ ഗുരുതരമായ പരിക്ക് പറ്റാനും മരണം സംഭവിക്കാനുമുള്ള സാധ്യതയും പതിന്മടങ്ങ് വർദ്ധിക്കുന്നു.

ലിങ്ക്: https://infoclinic.in/posts/road-safety-basics

ബോധവൽക്കരണം കൊണ്ടുമാത്രം ഒരു പരിഹാരം കാണാനാവില്ല എന്നുതന്നെ കരുതുന്നു. സ്പീഡ് ക്യാമറകളുടെ സാന്നിധ്യം വർധിപ്പിക്കണം. ശക്തമായ ഫൈൻ ഈടാക്കണം. കേരളം വിട്ടാൽ ഹൈവേകളിൽ വേഗത പരിശോധനാ സൗകര്യങ്ങൾ താരതമ്യേന കുറവാണ് എന്നത് ഒരു പ്രശ്നം തന്നെയാണ്. അത് പരിഹരിക്കാൻ രാജ്യവ്യാപകമായി തന്നെ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

4. ഡിം ലൈറ്റ് ഉപയോഗം

രാത്രികാല യാത്രകളിൽ നാമെല്ലാം ഹൈ ബീം ലൈറ്റ് താല്പര്യപ്പെടുന്നവർ ആണ്. സ്വതവേ തന്നെ വിസിബിലിറ്റി കുറവായ രാത്രി സമയത്ത് ഹൈ ബീം വളരെ വലിയ സഹായമാണ്. പക്ഷേ എതിർവശത്തു നിന്നുവരുന്ന ഡ്രൈവർക്ക് അത് വലിയൊരു ബുദ്ധിമുട്ടാണ്. പെട്ടെന്ന് കണ്ണിലേക്കൊരു ശക്തിയേറിയ പ്രകാശം വരുമ്പോൾ കാഴ്ച്ചയെ ബാധിക്കുകയും അപകടം ഉണ്ടാവാനുള്ള സാധ്യതയും ഉണ്ടാവുന്നു. അതുകൊണ്ട് എതിർവശത്തു നിന്ന് വണ്ടി വരുന്നുണ്ടെങ്കിൽ ഡിപ് ചെയ്തു നൽകേണ്ടതാണ്. ഇതൊരു റോഡ് മര്യാദ മാത്രമല്ല, സുരക്ഷയ്ക്ക് അത്യാവശ്യമുള്ള കാര്യം കൂടിയാണ്. ഏകദേശം 200 മീറ്റർ എങ്കിലും അകലത്തിൽ വാഹനം എത്തുമ്പോൾ മുതൽ ഡിപ് ചെയ്യണം.

എതിർ വശത്തുനിന്ന് വാഹനം വരുമ്പോൾ മാത്രമല്ല ഡിം ലൈറ്റ് ഉപയോഗിക്കേണ്ടത്. നമ്മുടെ തൊട്ടുമുൻപിൽ വാഹനം ഉണ്ടെങ്കിലും ഡിം ലൈറ്റ് ഉപയോഗിക്കേണ്ടതാണ്. കാരണം റിയർവ്യൂ മിററിൽ കൂടി ശക്തിയേറിയ പ്രകാശം പ്രതിഫലിക്കുകയും തൊട്ടു മുൻപിലുള്ള ഡ്രൈവർക്ക് അസ്വസ്ഥത ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. അവിടെയും ഡിം ലൈറ്റ് നൽകാൻ 200 മീറ്റർ അകലം പാലിക്കുന്നതാണ് നല്ലത്. പല ആധുനിക മോഡൽ വണ്ടികളിലും ഹൈ ബീം പ്രശ്നം ഉണ്ടാകാതിരിക്കാൻ അഡ്ജസ്റ്റബിൾ റിയർവ്യൂ മിറർ ഉണ്ട്. എങ്കിലും പിന്നിൽ നിന്നും വരുന്ന വണ്ടി ഡിം നൽകുന്നതാണ് സുരക്ഷിതം.

അതുപോലെതന്നെ ലൈറ്റ് റോഡിൽ പോയിന്റ് ചെയ്യുന്ന ദൂരം കൃത്യമായി അഡ്ജസ്റ്റ് ചെയ്യണം. പ്രകാശത്തിൻറെ തീവ്രതയും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന വാഹനങ്ങളുണ്ട്. നമുക്ക് ശരിയായ രീതിയിൽ വഴി കാണാൻ വേണ്ടിയാണ് ഹെഡ്ലൈറ്റ് ഉപയോഗിക്കേണ്ടത്, എതിർവശത്തു വരുന്ന വണ്ടി ഓടിക്കുന്ന ആളുടെ കണ്ണിലേക്ക് പോയിന്റ് ചെയ്യാൻ വേണ്ടി ആവരുത്.

ഹൈ ബീം മൂലം ബുദ്ധിമുട്ട് ഉണ്ടായാൽ എന്ത് ചെയ്യണം ?

വേഗത കുറയ്ക്കുക. വാഹനത്തിൻറെ ഇടതുവശത്തെ ലെയ്ൻ ശ്രദ്ധിക്കുക, മറ്റു വാഹനങ്ങൾ ഇല്ലെങ്കിൽ ഇടതുഭാഗത്തേക്ക് മാറാൻ ശ്രമിക്കുക. അൽപ്പനേരം വണ്ടി നിർത്തി വിശ്രമിക്കുക. ഹൈബീം മൂലം ഉണ്ടായ കാഴ്ചാ ബുദ്ധിമുട്ട് മാറുന്നതുവരെ വിശ്രമിക്കുക.

5. മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും

ഒരു കൈ കൊണ്ട് ചെവിയിൽ മൊബൈൽ ഫോൺ വെച്ച് സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നതും, വാഹനം ഓടിക്കുന്നതിനിടയിൽ മെസ്സേജ് ചെയ്യുന്നതും, നോക്കുന്നതും, ഫെയ്സ്ബുക്ക്-വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കുന്നതും അപകടകരമാണ്. റോഡിലുള്ള ശ്രദ്ധ മാറാനും അപകടങ്ങളിൽ പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

ലെയ്ൻ തെറ്റുക, ശരിയായ വഴി മിസ്സ് ആവുക, മുന്നിലുള്ള വാഹനത്തോട് വളരെയധികം ചേർന്നു പോവുക, ട്രാഫിക് സിഗ്നലുകൾ തെറ്റുക എന്നീ കാര്യങ്ങൾ മൊബൈൽ ഉപയോഗിക്കുമ്പോൾ വളരെ സാധാരണമാണ്. ഹാൻഡ്സ് ഫ്രീ മോഡിൽ സംസാരിക്കുന്നത് പോലും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. വളരെ അത്യാവശ്യമാണെങ്കിൽ മാത്രം വളരെ കുറച്ചുസമയത്തേക്ക് ഉപയോഗിക്കാം എന്ന് മാത്രം. എങ്കിലും ഇൻകമിംഗ് കോൾ വരുകയാണെങ്കിൽ വാഹനം ഒതുക്കി നിർത്തിയ ശേഷം സംസാരിക്കുന്നതാണ് സുരക്ഷിതം.

മൊബൈൽഫോൺ മാത്രമല്ല ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ. സിഡി പ്ലെയർ, റേഡിയോ, കൂടെ യാത്ര ചെയ്യുന്ന വ്യക്തികളുടെ ഫോൺ സംഭാഷണം, വീഡിയോ സ്ക്രീൻ, ജിപിഎസ് നാവിഗേഷൻ സിസ്റ്റം, ടച്ച് സ്ക്രീൻ ഉള്ള ഉപകരണങ്ങൾ, ഫോണിലെ ജിപിഎസ് ഉപയോഗം തുടങ്ങി ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ധാരാളം ഉപകരണങ്ങൾ ഉണ്ട്. ബുദ്ധിപൂർവ്വമായും സുരക്ഷിതമായും മാത്രം ഇവ ഉപയോഗിക്കുക.

വാഹനത്തിനുള്ളിലെ സംഭാഷണം പോലും ചിലപ്പോൾ അശ്രദ്ധയ്ക്ക് കാരണമാകാം. ശ്രദ്ധ കൂടുതൽ വേണ്ടിവരുന്ന തിരക്കേറിയ ട്രാഫിക് സാഹചര്യങ്ങളിൽ തീവ്രതയുള്ള സംഭാഷണങ്ങൾ ഒഴിവാക്കുക. സങ്കീർണമായ സാഹചര്യങ്ങളിൽ കൂടെ യാത്രചെയ്യുന്നവരോട് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ തെറ്റില്ല.

പ്രത്യേകിച്ച് ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തും, തുടക്കകാലത്തും ഇത്തരം പ്രവർത്തികൾ ഒഴിവാക്കുക.

6. ശ്രദ്ധ നഷ്ടപ്പെടാനുള്ള മറ്റുകാരണങ്ങൾ

വാഹനം ഓടിച്ചു കൊണ്ട് കഴിക്കുകയും കുടിക്കുകയും ചെയ്യുക, പുകവലിക്കുക, വഴിവക്കിലെ പരസ്യങ്ങളിൽ ശ്രദ്ധിക്കുക, വാഹനത്തിന് അകത്തുള്ള എന്തെങ്കിലും തിരയുക, എന്തെങ്കിലും സാഹചര്യം കൊണ്ട് കോപാകുലനാവുക, വാഹനത്തിനുള്ളിൽ മിറർ നോക്കി മുടി ചീവുകയും മറ്റും ചെയ്യുക തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് ശ്രദ്ധ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. വഴിവക്കിലെ വലിയ പരസ്യങ്ങൾ മിക്കവാറും വളവുകളിൽ ആയിരിക്കും കാണുക, ഇത്തരം സന്ദർഭങ്ങളിൽ റോഡിൽ പ്രത്യേകം ശ്രദ്ധിക്കണം.

7. സീറ്റ് ബെൽറ്റ്

ഇരുചക്രവാഹനങ്ങളിൽ ഒഴികെ എല്ലായ്പ്പോഴും സീറ്റ് ബെൽറ്റ് ജീവൻ രക്ഷാ ഉപാധിയാണ്. ആധുനിക ട്രക്കുകളിലും ലോറികളിലും വരെ സീറ്റ് ബെൽറ്റ് ഉണ്ട്. ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് ഉപയോഗം ഗുണകരമാകുമെന്ന് കരുതുന്നു. ചർച്ചകൾ നടക്കേണ്ട ശ്രദ്ധിക്കേണ്ട മേഖലയാണ്.

മുൻപ് എഴുതിയ ലേഖനത്തിന്റെ ലിങ്ക്: https://infoclinic.in/posts/seatbelt-the-rein-of-life

8. ഹെൽമെറ്റ് – ഇരുചക്രവാഹന യാത്രകളിലെ ജീവൻ രക്ഷാ ഉപാധി

മുൻസീറ്റിൽ ഇരിക്കുന്നവർ മാത്രമല്ല പിൻസീറ്റിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കേണ്ടതുണ്ട്. ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെടുന്നതിൽ ചെറുതല്ലാത്ത ശതമാനം പിൻസീറ്റിൽ യാത്ര ചെയ്യുന്നവരാണ്.

ലിങ്ക്: https://infoclinic.in/posts/when-that-is-meant-to-be-on-the-head-is-not-there

9. ലെയ്ൻ ഡിസിപ്ലിൻ

പകലായാലും രാത്രിയായാലും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്, പ്രത്യേകിച്ച് ഹൈവേകളിൽ. കൃത്യമായി ഇൻഡിക്കേറ്റർ ഉപയോഗിച്ച് സിഗ്നൽ നൽകിയതിനു ശേഷം മാത്രമേ ലെയ്ൻ മാറാവൂ. വിസിബിലിറ്റി കുറവായ രാത്രികാലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

10. ടെയിൽ ഗേറ്റിങ്

മുന്നിൽ പോകുന്ന വാഹനങ്ങളുടെ തൊട്ടു പിറകെ പോകുന്നത് അപകടകരമാണ്. മുൻപിൽ പോകുന്ന വാഹനം ബ്രേക്ക് ചവിട്ടിയാൽ പിന്നീടുള്ള വാഹനം വളരെ അടുത്താണെങ്കിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടും. പിന്നീടുള്ള വാഹന ബ്രേക്ക് ചവിട്ടിയാൽ പോലും ചിലപ്പോൾ മുന്നിലുള്ള വാഹനത്തെ ഇടിച്ചു എന്നിരിക്കും.

മുന്നിലുള്ള വാഹനവുമായി രണ്ട് സെക്കൻഡ് എങ്കിലും ഗ്യാപ്പ് ഇടണം. അതായത് രണ്ട് സെക്കൻഡ് കൊണ്ട് വാഹനം സഞ്ചരിക്കുന്ന ദൂരം എങ്കിലും മുൻപിലുള്ള വാഹനവുമായി ഗ്യാപ്പ് ഉണ്ടാവണം. മുൻപിലുള്ള വാഹനവുമായി ഒരു വാഹനത്തിൻറെ അകലം ഗ്യാപ്പ് മതി എന്ന ചിന്ത തെറ്റാണ്. മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ യാത്രയ്ക്ക് സ്വീകരിക്കേണ്ട ഉണ്ട് അകലം വണ്ടികളുടെ വേഗതയെ ആശ്രയിച്ചാണ് നിശ്ചയിക്കേണ്ടത്. ഉദാഹരണമായി രണ്ട് വാഹനങ്ങൾ 60 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട സുരക്ഷിതമായ അകലത്തേക്കാൾ കൂടുതൽ അകലം വേണം 90 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുമ്പോൾ.

11. വാഹനങ്ങളുടെ മെയിൻറനൻസ്

ദീർഘദൂര യാത്രകൾക്ക് മുൻപ് വാഹനങ്ങൾ കൃത്യമായി പരിശോധിക്കുക. ടയർ സുരക്ഷിതമാണോ എന്ന് പ്രത്യേകം പരിശോധിക്കണം. ടയറിന്റെ കാര്യത്തിൽ യാതൊരു കാരണവശാലും റിസ്ക് എടുക്കരുത്. വാഹനം യഥാസമയം മെയിൻറനൻസ് ചെയ്തു എന്ന് ഉറപ്പുവരുത്തുക. മെയിൻറനൻസ് നടത്തുമ്പോൾ ബ്രേക്ക്, അലൈൻമെൻറ്, മറ്റ് സുരക്ഷാമാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ അവയും പ്രത്യേകം പരിശോധിക്കുക.

12. ഇതൊക്കെ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ആണെങ്കിൽ മറ്റു ചിലത് നമുക്ക് ഒരിക്കലും ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളല്ല. അത് ഭരിക്കുന്ന സർക്കാർ ചെയ്യേണ്ട കാര്യങ്ങളാണ്.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വാഹനാപകടത്തിൽ പെട്ട ചിത്രം കണ്ടിരുന്നു. ഹൈറേഞ്ചിൽ ആണ്, റോഡിന് വശത്ത് കൊക്കയോട് ചേർന്നുള്ള റിഫ്ലക്ടറോട് കൂടിയ മെറ്റൽ കൈവരി ചെറിയൊരു ഭാഗത്ത് മാത്രം ഡിഫക്ട് ആയി കാണുന്നു. വിസിബിലിറ്റി കുറഞ്ഞ രാത്രികാലങ്ങളിൽ മഞ്ഞ് ഉണ്ടെങ്കിൽ അപകടം പറ്റാൻ ഇത് മാത്രം മതിയാവും. മറ്റൊന്ന് റോഡ് സാഹചര്യങ്ങളാണ്. റോഡിലെ ഗട്ടറുകൾ, അശാസ്ത്രീയമായ ജംഗ്ഷനുകൾ, ട്രാഫിക് സിഗ്നലിന്റെ അഭാവം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് അപകടം ഉണ്ടാവാം. ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുക കൂടി വേണം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ